ലണ്ടന്‍: ഫലസ്തീനികള്‍ക്ക് പിന്തുണയറിയിച്ച് ഇസ്രായേല്‍ സൈന്യത്തിനെതിരെ ഗ്ലാസ്റ്റണ്‍ബറി സംഗീതോത്സവത്തില്‍ മുദ്രാവാക്യം വിളിച്ച ബ്രിട്ടീഷ് പങ്ക്-റാപ്പ് ജോഡിയായ ബോബ് വൈലനെ യു.കെയിലെയും യൂറോപ്പിലെയും നിരവധി സംഗീത പരിപാടികളില്‍ നിന്ന് ഒഴിവാക്കി. 'ഫ്രീ ഫ്രീ ഫലസ്തീന്‍, ഡെത്ത് ഡെത്ത് ടു ദ ഐ.ഡി.എഫ്'(ഇസ്രായേല്‍ ഡിഫന്‍സ് ഫോഴ്‌സ്) എന്നീ മുദ്രാവാക്യങ്ങളാണ് പരിപാടിക്കിടെ വൈലന്‍ ഉച്ചത്തില്‍ വിളിച്ചു പറഞ്ഞത്. ഇതോടെയാണ് യൂറോപ്പിലെതടക്കമുള്ള സംഗീത പരിപാടികളില്‍ നിന്ന് വൈലന്‍ വിലക്ക് നേരിടുന്നത്. ശനിയാഴ്ച നടക്കുന്ന മാഞ്ചസ്റ്ററിലെ റഡാര്‍ ഫെസ്റ്റിവലിലെ രണ്ട് പ്രധാനപരിപാടികളില്‍ വൈലന്റെ പാട്ട് ഷെഡ്യൂള്‍ ചെയ്തിരുന്നു. എന്നാല്‍ വൈലന്‍ ആ പരിപാടികളില്‍ പാടില്ലെന്ന് ഇന്‍സ്റ്റഗ്രാം വഴി റാപ്പ് ഗ്രൂപ്പ് അറിയിച്ചു.''നിശ്ശബ്ദത ഒരു മാര്‍ഗമല്ല... മാഞ്ചസ്റ്റര്‍, ഞങ്ങള്‍ തിരിച്ചുവരും. ഞങ്ങള്‍ സുഖമായിരിക്കും. ഫലസ്തീനിലെ ജനങ്ങള്‍ വേദനിക്കുന്നു''-എന്നായിരുന്നു അവരുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറി.
യൂറോപ്പിലുടനീളമുള്ള പരിപാടികളില്‍ നിന്ന് വിലക്കിയതിന് പിന്നാലെയാണ് യു.കെയിലും വൈലന്‍ വിലക്ക് നേരിടുന്നത്. അടുത്തിടെ നടന്ന സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ പ്രാദേശിക അധികൃതരില്‍ നിന്നുള്ള സമ്മര്‍ദവും യുനൈറ്റഡ് ടാലന്റ് ഏജന്‍സിയില്‍ നിന്ന് ബാന്‍ഡ് അടുത്തിടെ വേര്‍പിരിഞ്ഞതുമാണ് പരിപാടി വിലക്കാന്‍ കാരണമെന്നാണ് അറിയുന്നത്. കലാകാരന്‍മാരുടെ ആവിഷ്‌കാര സ്വാതന്ത്ര്യത്തെ പിന്തുണക്കുന്നുണ്ടെന്നും എന്നാല്‍ മറ്റുമാര്‍ഗങ്ങളില്ലെന്നും സംഘാടകര്‍ കൂട്ടിച്ചേര്‍ത്തു. ഈ വര്‍ഷാവസാനം ജര്‍മനിയില്‍ നടക്കുന്ന ലൈവ് മ്യൂസിക് ഹാള്‍ വേദിയില്‍ നിന്ന് യു.എസ് ബാന്‍ഡായ ഗോഗോള്‍ ബോര്‍ഡെല്ലോയെ വിലക്കാനും നിര്‍ദേശമുണ്ട്.
ദിവസങ്ങള്‍ക്ക് മുമ്പാണ് യു.എസ് സ്റ്റേറ്റ് ഡിപാര്‍ട്‌മെന്റ് ബോബ് വൈലന്റെ വിസ റദ്ദാക്കിയതായി പ്രഖ്യാപിച്ചത്. വൈലന്റെ പാട്ട് വിദ്വേഷം പ്രചരിപ്പിക്കുന്നതാണെന്നും വിദേശികള്‍ പാലിക്കേണ്ട അടിസ്ഥാന നിയമങ്ങളുടെ ലംഘനമാണെന്നുമായിരുന്നു ഇതു സംബന്ധിച്ച് സ്റ്റേറ്റ് ഡിപാര്‍ട്‌മെന്റിന്റെ വിശദീകരണം. അക്രമത്തെയും വിദ്വേഷത്തെയും മഹത്വവത്കരിക്കുന്ന വിദേശികളെ രാജ്യത്തേക്ക് സ്വാഗതം ചെയ്യില്ലെന്നും സ്റ്റേറ്റ് ഡിപാര്‍ട്‌മെന്റ് വക്താവ് ടാമി ബ്രൂസ് വ്യക്തമാക്കി.
ബ്രിട്ടനിലെ ഗ്ലാസ്റ്റണ്‍ബറി ഫെസ്റ്റിവലില്‍ വെച്ചായിരുന്നു ഇസ്രായേല്‍ സൈന്യത്തിനെതിരെ വൈലന്‍ മുദ്രാവാക്യം വിളിച്ചത്. മരണം, ഐ.ഡി.എഫിന് മരണം, ഫലസ്തീന്‍ സ്വതന്ത്രമാകണം എന്നും അദ്ദേഹം ഉച്ചത്തില്‍ മൈക്കിലൂടെ വിളിച്ചു പറയുകയുണ്ടായി. വൈലന്റെ മുദ്രാവാക്യം പിന്നീട് കാണികളും ഏറ്റുവിളിച്ചു. പിന്നാലെ നിരവധി പേര്‍ ഫലസ്തീന്‍ പതാകകളും ഉയര്‍ത്തിക്കാണിച്ചു. എന്തൊക്കെ പ്രതിബന്ധങ്ങള്‍ നേരിട്ടാലും തന്റെ പ്രവര്‍ത്തനത്തില്‍ ഉറച്ചുനില്‍ക്കുന്നതായി വൈലന്‍ സമൂഹ മാധ്യമം വഴി വ്യക്തമാക്കിയിരുന്നു. കഴിഞ്ഞയാഴ്ച ഗ്ലാസ്‌ബെറിയില്‍ ആ സംഗീത പരിപാടി നടക്കുന്നത് വരെ മുഖ്യധാര ഓഡിയന്‍സിന് അറിയപ്പെടാത്ത മുഖമായിരുന്നു ബോബ് വൈലന്‍. 20 ആല്‍ബങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട് വൈലന്‍. എന്നാല്‍ ഇസ്രായേല്‍ സൈന്യത്തിന്റെ മരണം വേണമെന്ന് മുദ്രാവാക്യം മുഴക്കിയതോടെ വൈലനെ ലോകമെങ്ങും അറിഞ്ഞു.