ലണ്ടന്‍: യുകെയില്‍ ഇന്ത്യന്‍ വംശജയായ ഗൈനക്കോളജിസ്റ്റിനെ പെരുമാറ്റദൂഷ്യത്തിനു സസ്‌പെന്‍ഡ് ചെയ്തു. സൗത്ത് ലണ്ടനിലെ മിച്ചം സ്വദേശി ഡോ. പ്രമീള തമ്പി(62)യെയാണ് സസ്‌പെന്‍ഡ് ചെയ്തത്. സിസേറിയന്‍ ആവശ്യപ്പെട്ട യുവതിക്ക് പ്രമീള തമ്പി അത് നിഷേധിച്ചു പ്രസവവേളയില്‍ യുവതിയെ പരിഹസിച്ചു എന്നിവയാണ് പ്രമീള തമ്പിക്കെതിരെ കണ്ടെത്തിയ കുറ്റങ്ങള്‍. 2016 ഒക്ടോബറില്‍ മില്‍ട്ടണ്‍ കെയ്ന്‍സ് യൂണിവേഴ്‌സിറ്റി ആശുപത്രിയിലാണ് സംഭവം. പ്രത്യേകതരം ന്യൂറോമസ്‌കുലര്‍ കണ്ടീഷനുള്ള 10 മാസമായ ഗര്‍ഭിണിയായ യുവതിയുടെ പ്രസവം ഫോര്‍സ്പ് ഉപയോഗിച്ച് എടുക്കുന്നതിനാണ് പ്രമീള തമ്പി ശ്രമിച്ചത്. ഇത് കുട്ടിയുടെ തലയിലും മുഖത്തും പരുക്കിന് കാരണമായെന്ന് മാത്രമല്ല തനിക്ക് മാനസിക ആഘാതവും സൃഷ്ടിച്ചതായിട്ടാണ് യുവതി പരാതി നല്‍കിയിരിക്കുന്നത്.
ഫോര്‍സ്പ് ഉപയോഗിച്ച് കുട്ടിയെ പുറത്തെടുക്കുന്നത് യുവതി എതിര്‍ത്തപ്പോള്‍, ''നിങ്ങള്‍ നിങ്ങളുടെ കുട്ടിയെ അപകടത്തിലാക്കുകയാണ്. എന്നെ ഇത് ചെയ്യാന്‍ അനുവദിക്കൂ'' എന്ന് പ്രമീള പറഞ്ഞു. പല തവണ എതിര്‍ത്തിട്ടും ഫലം കാണാതെ വന്നതോടെയാണ് യുവതി സമ്മതിച്ചത്. പക്ഷേ കുട്ടിയെ പുറത്തെടുക്കുമ്പോള്‍,''എനിക്ക് നിങ്ങളോട് വെറുപ്പാണ്. നിങ്ങള്‍ ഞാന്‍ പറഞ്ഞത് അനുസരിക്കാന്‍ വിസമ്മതിച്ചു'' എന്ന് ഡോക്ടര്‍ പറഞ്ഞതായി യുവതി വെളിപ്പെടുത്തിയതും നടപടിക്ക് കാരണമായി. മോശം പെരുമാറ്റം, രോഗിയുടെ സമ്മതപത്രം നേടുന്നതില്‍ വീഴ്ച്ച എന്നീ കുറ്റങ്ങളാണ് പ്രമീള തമ്പി നടത്തിയതെന്ന് മെഡിക്കല്‍ പ്രാക്ടീഷനേഴ്‌സ് ട്രിബ്യൂണല്‍ സര്‍വീസസ് അന്വേഷണത്തില്‍ കണ്ടെത്തിയത്.