ലണ്ടന്‍ : യുകെയുടെ സ്‌കില്‍ഡ് തൊഴില്‍ വിസകള്‍ അത്ര സുഗമമായി അല്ല പ്രവര്‍ത്തിക്കുന്നത് എന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. ലോകമെമ്പാടുമുള്ള പ്രഗത്ഭരായ വിദേശികളെ യുകെയിലേക്ക് ആകര്‍ഷിക്കാനും, യുകെയുടെ തൊഴില്‍ ക്ഷാമം പരിഹരിക്കാനുമായി അവതരിപ്പിച്ചതായിരുന്നു യുകെ സ്‌കില്‍ഡ് വര്‍ക്ക് വിസ. വിദേശ തൊഴിലാളികള്‍ക്ക് ഇത് ഒരു മികച്ച അവസരമായിരുന്നു നല്‍കിയിരുന്നത്. ഇന്ത്യ ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളില്‍ നിന്നും നിരവധി വിദേശികള്‍ യുകെയുടെ സ്‌കില്‍ഡ് വിസയില്‍ കഴിയുന്നുണ്ട്. എന്നാല്‍ അവിടെ താമസിക്കുന്ന വിദേശികളുടെ സ്ഥിതി അത്ര നല്ലതല്ല എന്ന് യുകെ പാര്‍ലമെന്റിന്റെ ക്രോസ്-പാര്‍ട്ടി ഹോം അഫയേഴ്സ് കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. പല കുടിയേറ്റക്കാരും, ചൂഷണം, സ്വാതന്ത്ര്യം ഇല്ലായിമ, ജോലികള്‍ ലഭിക്കാതെ കുടുങ്ങി കിടക്കല്‍ എന്നിങ്ങനെ ബുദ്ധിമുട്ടുകള്‍ നേരിടുന്നതായി അവര്‍ പറഞ്ഞു.
സ്‌കില്‍ഡ് വര്‍ക്ക് വിസ സംവിധാനത്തില്‍ നിരവധി പ്രശ്‌നങ്ങള്‍ ഉള്ളതായി റിപ്പോര്‍ട്ടില്‍ കണ്ടെത്തി. ഒരു സ്‌കില്‍ഡ് വര്‍ക്കര്‍ വിസ തൊഴിലാളിക്ക്, ഒരു തൊഴിലുടമയുടെ കീഴില്‍ മാത്രമേ പ്രവര്‍ത്തിക്കാന്‍ സാധിക്കു. അങ്ങനെ വരുമ്പോള്‍ പലര്‍ക്കും ഒരു തൊഴിലുടമയില്‍ തന്നെ ഒതുങ്ങി നില്‍ക്കേണ്ടതായി വരുന്നുണ്ട്. യുകെയില്‍ ഉള്ള പല തൊഴില്‍ ഉടമകളില്‍ നിന്നും പല വിദേശികളും പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. എന്നാല്‍ മറ്റു വഴികള്‍ ഇല്ലാത്തതിനാല്‍ അവരെ ആ തൊഴിലുടമയുടെ കീഴില്‍ തന്നെ ജോലി ചെയ്യേണ്ടതായി വരുന്നു. എന്തെങ്കിലും പ്രശനം വന്നാലും അവര്‍ക്ക് സംസാരിക്കാന്‍ പോലും ഉള്ള അവസരങ്ങള്‍ ഇല്ല. എതിര്‍ത്ത് സംസാരിച്ചാല്‍ യുകെയില്‍ നിന്നും പുറത്ത് പോകേണ്ടി വരുമോ എന്ന ഭയം കൊണ്ട് പലരും തൊഴില്‍ ഉടമയോട് എതിര്‍ത്ത് സംസാരിക്കുകയോ, അധികാരികള്‍ക്ക് മുന്നില്‍ പരാതിപ്പെടുകയോ ചെയ്യുന്നില്ല. റിപ്പോര്‍ട്ടുകള്‍ പ്രകാരം യുകെയില്‍ നിരവധി ആളുകള്‍ കുറഞ്ഞ ശമ്പളത്തില്‍ കൂടുതല്‍ ജോലി ചെയ്യുന്നുണ്ട്.