Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=126.5022 INR  1 EURO=109.517 INR
ukmalayalampathram.com
Wed 25th Mar 2026
 
 
UK Special
  Add your Comment comment
ഫ്രഞ്ച് പ്രസിഡന്റിന് നല്‍കിയത് രാജകീയ വിരുന്ന്
reporter

 ലണ്ടന്‍: ബ്രിട്ടീഷ് രാജകുടുംബം രാഷ്ട്രത്തലവന്മാര്‍ക്കും മറ്റ് വിശിഷ്ടാതിഥികള്‍ക്കുമായി ഒരുക്കുന്ന രാജകീയ വിരുന്നുകള്‍ പ്രൗഢിയുടെയും പാരമ്പര്യത്തിന്റെയും പ്രതീകമാണ്. ബക്കിംഗ്ഹാം കൊട്ടാരത്തിലും വിന്‍ഡ്‌സര്‍ കാസിലിലും നടക്കുന്ന ഈ വിരുന്നുകള്‍ക്ക് അതിവിപുലമായ ചിട്ടവട്ടങ്ങളാണുള്ളത്. മേശ ഒരുക്കുന്നതില്‍ മുതല്‍ വിഭവങ്ങള്‍ തിരഞ്ഞെടുക്കുന്നതില്‍ വരെ ഈ സൂക്ഷ്മതയും ആഢംബരവും പ്രകടം. ബ്രിട്ടന്‍ സന്ദര്‍ശിക്കുന്ന ഫ്രഞ്ച് പ്രസിഡന്റിനാണ് ചാള്‍സ് രാജാവ് ഇന്നലെ രാജകീയ വിരുന്ന് നല്‍കി. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ ബഹുമാനാര്‍ഥം നല്‍കിയ രാജകീയ വിരുന്നിന് വേദിയായത് വിന്‍ഡ്‌സര്‍ കാസിലാണ്. വിന്‍ഡ്‌സര്‍ കാസിലിലെ സെന്റ് ജോര്‍ജ്ജ് ഹാളിലായിരുന്നു വിരുന്ന്. ഹാളിന്റെ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ നീളുന്ന, 50 മീറ്ററോളം വരുന്ന ഒറ്റ മേശയാണ് ഇവിടെ സജ്ജീകരിക്കുന്നത്. ഈ മേശയുടെ മധ്യഭാഗത്താണ് രാജാവും/രാജ്ഞിയും ഒപ്പമുള്ള രാഷ്ട്രത്തലവനും ഇരുന്നു. ഹാളിന്റെ ബാല്‍ക്കണിയിലിരുന്ന് സംഗീതജ്ഞര്‍ വിരുന്നിന് സംഗീതത്തിന്റെ അകമ്പടിയേകും. വെള്ളിയില്‍ സ്വര്‍ണ്ണം പൂശിയ നൂറിലധികം മെഴുകുതിരിക്കാലുകളില്‍ എരിയുന്ന തിരിനാളങ്ങള്‍ മേശയ്ക്ക് സ്വര്‍ണ്ണ ശോഭ പകരും. ഒപ്പം, അതതുകാലത്തെ പഴങ്ങളും മനോഹരമായ പുഷ്പാലങ്കാരങ്ങളും ഈ മേശയുടെ മാറ്റുകൂട്ടുന്നു.

രാജകുടുംബത്തിന്റെ ഔദ്യോഗിക വിരുന്നുകള്‍ക്ക് നൂറ്റാണ്ടുകളായി പ്രൗഢി പകരുന്ന, വെള്ളിയില്‍ സ്വര്‍ണ്ണം പൂശിയ പാത്രങ്ങളുടെ അപൂര്‍വ്വ ശേഖരമാണ് 'ഗ്രാന്‍ഡ് സര്‍വീസ്'. നാലായിരത്തിലധികം പാത്രങ്ങളും അനുബന്ധ ഉപകരണങ്ങളും അടങ്ങുന്ന ഈ ശേഖരം രാജകീയ പാരമ്പര്യത്തിന്റെ പ്രതീകം കൂടിയാണ്. ജോര്‍ജ്ജ് നാലാമന്‍ വെയില്‍സ് രാജകുമാരനായിരുന്ന കാലത്താണ് ഈ പാത്രങ്ങള്‍ നിര്‍മ്മിച്ചത്. 1811-ല്‍ നടന്ന ഒരു വിരുന്നിലാണ് 'ഗ്രാന്‍ഡ് സര്‍വീസ്' ആദ്യമായി ഉപയോഗിച്ചത്. അദ്ദേഹത്തിന് ശേഷം വന്ന എല്ലാ ബ്രിട്ടീഷ് ഭരണാധികാരികളും തങ്ങളുടെ വിരുന്നുകള്‍ക്കായി ഈ ഗംഭീരമായ പാത്രശേഖരം ഉപയോഗിച്ചുവരുന്നു. ഒരു ഔദ്യോഗിക വിരുന്നിനായി ഈ പാത്രങ്ങളെല്ലാം വൃത്തിയാക്കി മിനുക്കിയെടുക്കും. എട്ടുപേര്‍ മൂന്നാഴ്ചയോളം സമയം എടുത്താണ് ഈ പാത്രങ്ങള്‍ കഴുകി മിനുക്കിയെടുക്കുന്നത്.

രാജകീയ വിരുന്നിന്റെ മെനു തയാറാക്കുന്നതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം രാജകീയ പാചകവിദഗ്ദ്ധനാണ് . പരമ്പരാഗതമായി നാല് കോഴ്സുകളാണ് വിരുന്നില്‍ ഉണ്ടാകുക. രണ്ട് പ്രധാന വിഭവങ്ങള്‍, ഒരു പുഡ്ഡിംഗ്, പിന്നാലെ പഴങ്ങള്‍ അടങ്ങിയ ഡെസേര്‍ട്ട് എന്നിവയാണ് ക്രമം. മെനുവിന് അംഗീകാരം ലഭിച്ച ശേഷം, അതിലെ വിഭവങ്ങള്‍ക്ക് ചേര്‍ന്ന വൈന്‍ തിരഞ്ഞെടുക്കുന്നതും ഒരു കലയാണ്. റോയല്‍ നിലവറകളുടെ ചുമതലയുള്ള ക്ലര്‍ക്കും ഹോസ്പിറ്റാലിറ്റി വിഭാഗം തലവനും ചേര്‍ന്നാണ് ഓരോ വിഭവത്തിനും അനുയോജ്യമായ വൈനുകള്‍ കണ്ടെത്തുന്നത്. രുചിവിസ്മയം തീര്‍ത്ത വിരുന്നില്‍ ഫ്രഞ്ച്-ബ്രിട്ടീഷ് സംഗമമായിരുന്നു. പ്രധാന വിഭവമായി അതിഥികള്‍ക്ക് മുന്നിലെത്തിയത് റഗ് എസ്റ്റേറ്റില്‍ നിന്നുള്ള ചിക്കന്‍ സുപ്രീം ആണ്. പ്രത്യേകമായി തയ്യാറാക്കിയ ക്രീമും ഇതിനൊപ്പം വിളമ്പും. വിരുന്നിന് സമാപനം കുറിച്ചുകൊണ്ട് കാപ്പിയും ഫ്രഞ്ച് ശൈലിയിലുള്ള ചെറു മധുരങ്ങളായ പെറ്റിറ്റ് ഫോറും നല്‍കി.

ഇതിനൊപ്പം പാനീയമായി തിരഞ്ഞെടുത്ത ഫ്രഞ്ച് വൈനുകളും വിളമ്പി. പല വര്‍ഷങ്ങളിലെ മുന്തിരിപ്പഴങ്ങള്‍ കൂട്ടിച്ചേര്‍ത്ത് നിര്‍മ്മിക്കുന്ന ഡൊമെയ്ന്‍ എവ്രെമൊന്‍ഡ്, ക്ലാസിക് ക്യൂവേ. ഫ്രാന്‍സിലെ ബര്‍ഗണ്ടി മേഖലയിലെ ഉയര്‍ന്ന ഗുണനിലവാരമുള്ള മുന്തിരിയില്‍ നിന്ന് നിര്‍മിക്കുന്ന കോര്‍ട്ടോണ്‍-ഷാര്‍ലെമെയ്ന്‍, ഗ്രാന്‍ഡ് ക്രൂ എന്നിവയാണ് രാജകീയ വിരുന്നില്‍ ഇടംപിടിച്ച വൈനുകളില്‍ ചിലത്. ഇതിലെ പ്രധാന ആകര്‍ഷണം 'ലോന്‍ടോന്‍ട്' കോക്ക് ടെയിലാണ് . ബ്രിട്ടീഷ് ജിന്നും നാരങ്ങാ ക്രീമും ഫ്രഞ്ച് പാസ്റ്റിസും ചേര്‍ത്താണ് ഇത് തയാറാക്കുന്നത്. ഉണങ്ങിയ ഫ്രഞ്ച് കോണ്‍ഫ്‌ലവറുകളും ഇംഗ്ലീഷ് റോസാപ്പൂവിതളുകളും കൊണ്ട് അലങ്കരിച്ചാണ് ഈ കോക്ക് ടെയില്‍ നല്‍കിയത്. ആഴ്ചകള്‍ നീളുന്ന തയ്യാറെടുപ്പുകളാണ് ഓരോ വിരുന്നിനും പിന്നിലുള്ളത്. ലണ്ടനിലെ വിദേശ രാജ്യങ്ങളുടെ അംബാസഡര്‍മാര്‍, ഹൈക്കമ്മീഷണര്‍മാര്‍, മുന്‍ പ്രധാനമന്ത്രിമാര്‍, കാന്റര്‍ബറിയിലെയും യോര്‍ക്കിലെയും ആര്‍ച്ച് ബിഷപ്പുമാര്‍, മറ്റ് പ്രമുഖ പൊതുപ്രവര്‍ത്തകര്‍ എന്നിവര്‍ക്കെല്ലാം ഈ വിരുന്നിലേക്ക് ക്ഷണം ലഭിക്കും.

 
Other News in this category

 
 




 
Close Window