ലണ്ടന്‍: 2022 മുതല്‍ ബ്രിട്ടന് ഇറാനില്‍ നിന്നുള്ള ഭീഷണി ഗണ്യമായി വര്‍ദ്ധിച്ചതായി യുകെ ഇന്റലിജന്‍സ് കമ്മിറ്റി വ്യാഴാഴ്ച അറിയിച്ചു. ബ്രിട്ടീഷ് പാര്‍ലമെന്റ് അംഗവും കമ്മിറ്റി ചെയര്‍മാനുമായ കെവന്‍ ജോണ്‍സ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. 2022 ജനുവരി മുതല്‍ 2023 ഓഗസ്റ്റ് വരെ ബ്രിട്ടീഷ് പൗരന്മാരെയോ താമസക്കാരെയോ കൊല്ലാനോ തട്ടിക്കൊണ്ടുപോകാനോ കുറഞ്ഞത് 15 ശ്രമങ്ങള്‍ നടന്നിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ലണ്ടനിലെ ഇറാനിയന്‍ എംബസി റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ നിഷേധിച്ചു.
അവയെ അടിസ്ഥാനരഹിതവും രാഷ്ട്രീയ പ്രേരിതവും ശത്രുതാപരമായതുമായ ആരോപണങ്ങള്‍ എന്നാണ് വിളിച്ചത്.നേരത്തെ കഴിഞ്ഞ വര്‍ഷം ബ്രിട്ടന്റെ ആഭ്യന്തര രഹസ്യാന്വേഷണ ഏജന്‍സിയുടെ തലവന്‍, റഷ്യയും ഇറാനും ചേര്‍ന്ന് ബ്രിട്ടീഷ് മണ്ണില്‍ കൊലപാതകങ്ങള്‍, ഗൂഢാലോചനകള്‍, മറ്റ് കുറ്റകൃത്യങ്ങള്‍ എന്നിവ നടത്താനുള്ള ശ്രമങ്ങളില്‍ വര്‍ദ്ധനവ് വരുത്തിയതായി മുന്നറിയിപ്പ് നല്‍കിയിരുന്നു. അതേ സമയം ഇറാന്‍ ട്രംപിനെ ഭീഷണിപ്പെടുത്തുന്നതില്‍ നിന്നും പിന്നോട്ടില്ലെന്ന റിപ്പോര്‍ട്ടാണ് പുറത്ത് വരുന്നത്. ഫ്‌ലോറിഡയിലെ തന്റെ വസതിയായ മാര്‍-എ-ലാഗോയില്‍ ഡൊണാള്‍ഡ് ട്രംപ് ഇനി സുരക്ഷിതനല്ലെന്ന് ഒരു ഇറാനിയന്‍ ഉദ്യോഗസ്ഥന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.