Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=126.5022 INR  1 EURO=109.517 INR
ukmalayalampathram.com
Wed 25th Mar 2026
 
 
UK Special
  Add your Comment comment
ദുബായിയില്‍ നിന്ന് ഇംഗ്ലണ്ടിലേക്ക് യാത്രയുമായി അഞ്ച് മലയാളികള്‍
reporter

ദുബായ്: യാത്രകളെ ഇഷ്ടപ്പെടുന്നവര്‍ക്ക് ഓരോ യാത്രകളും നല്‍കുന്നത് പുതിയ കാഴ്ചകളും പുതിയ ഊര്‍ജ്ജവുമാണ്. ദുബായില്‍ ജോലി ചെയ്യുന്ന അഞ്ച് പേര്‍ വ്യത്യസ്തമായ യാത്രക്കൊരുങ്ങുകയാണ്. യൂനസ് ഖസല്‍, പാലക്കാട്ടുകാരനായ ഷിബിലി, വയനാട്ടുകാരനായ ഷാഹിദ് മാണിക്കോത്ത്, മലപ്പുറം സ്വദേശികളായ മുഫീദ്, ആബിദ് എന്നിവരാണ് ദുബായില്‍ നിന്ന് 'മലയാളീസ്' എന്ന് പേരുനല്‍കിയ ടയോട്ട ടുണ്‍ട്രയില്‍ ലോകസഞ്ചാരത്തിനൊരുങ്ങുന്നത്. കോവിഡ് സമയത്താണ് ഇത്തരത്തിലൊരു യാത്രയുടെ ആശയം വരുന്നത്. അഞ്ച് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ജൂലൈ നാലിന് ദുബായില്‍ നിന്ന് സംഘം യാത്ര തിരിക്കുകയാണ്. ജൂണില്‍ യാത്ര തുടങ്ങാനായിരുന്നു ആദ്യപദ്ധതി. എന്നാല്‍ ഇറാന്‍ ഇസ്രയേല്‍ സംഘര്‍ഷമുണ്ടായതോടെ യാത്ര മാറ്റിവച്ചുവെന്ന് യൂനസ്. സമാധാന അന്തരീക്ഷത്തിലേക്ക് വന്നതോടെയാണ് വീണ്ടും യാത്രയ്‌ക്കൊരുങ്ങാന്‍ തീരുമാനിച്ചത്. രണ്ട് ഘട്ടമായാണ് യാത്ര പ്ലാന്‍.

ജൂലൈ നാലിന് തുടങ്ങുന്ന യാത്രയില്‍ ഇറാന്‍ മുതല്‍ ഇംഗ്ലണ്ട് വരെ 19 രാജ്യങ്ങളിലൂടെയാണ് സംഘത്തിന്റെ ആദ്യ ഘട്ട യാത്ര. 40-45 ദിവസമെടുത്താണ് യാത്ര പൂര്‍ത്തിയാക്കുക. യുഎഇയില്‍ നിന്ന് ഇറാന്‍, തുര്‍ക്കി, യൂറോപ്പ്, യുകെ എന്നതാണ് യാത്ര പദ്ധതി. ടയോട്ട ടുണ്‍ട്ര യുകെയില്‍ വച്ചതിന് ശേഷം യുഎഇയില്‍ തിരിച്ചെത്തും. പിന്നീട് രണ്ടാം ഘട്ടത്തില്‍ യുകെയില്‍ ഇന്ത്യ വരെ അതേ വാഹനത്തില്‍ യാത്ര തുടരാനാണ് പദ്ധതി. കോവിഡ് കാലത്താണ് പലരും യാത്ര തുടങ്ങിയത്. കുടുംബമായും ഒറ്റയ്ക്കുമെല്ലാം യാത്ര ചെയ്തിരുന്നുവെന്ന് യൂനസ്. ഏകദേശം 20 ലധികം രാജ്യങ്ങളില്‍ യാത്ര ചെയ്തു. ഓരോ യാത്രയും അടുത്തയാത്രയിലേക്കുളള പാതയായി. സമാന മനസ്സുളളവര്‍ ഒത്തുചേര്‍ന്നപ്പോള്‍ അത് ഗസലെന്ന സൗഹൃദ കൂട്ടായ്മയുടെ പിറവിയിലേക്കെത്തി. ഓരോ യാത്രയുടെ വിശേഷങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്.

അങ്ങനെയൊരിക്കല്‍, ഒരു യാത്ര പോകാന്‍ പദ്ധതിയുണ്ട്, ഇഷ്ടമുളളവരെല്ലാരും വരൂയെന്ന സന്ദേശം നല്‍കിയൊരു വീഡിയോ ചെയ്തു. അന്ന് വന്നവരെല്ലാവരെയും ചേര്‍ത്ത് ഗസല്‍ തുടങ്ങി. യാത്ര ഇഷ്ടപ്പെടുന്ന സൗഹൃദങ്ങളുടെ കൂട്ടായ്മയായ ഗസലില്‍ ഇന്ന് 700 ലധികം കുടുംബങ്ങളുണ്ട്. ഇവിടെ ജാതിയും മതവും രാഷ്ട്രീയവുമെല്ലാം പടിക്ക് പുറത്താണ്. അടുത്തിടെ ദുബായില്‍ നിന്ന് ഹത്തയിലേക്ക് യാത്ര പോയത് 300 ലധികം വാഹനങ്ങളില്‍ ഒരുസംഘമായാണ്. എല്ലാവരും ഗസല്‍ കുടുംബാംഗങ്ങള്‍ പുതിയ കാഴ്ചകള്‍ കാണാനും ആസ്വദിക്കാനും ലോകത്തുളളവരെയെല്ലാം ദുബായ് ഇവിടേക്ക് ക്ഷണിക്കുകയാണ്. ദുബായില്‍ നിന്ന് ലോകസഞ്ചാരത്തിന് ഇറങ്ങുമ്പോള്‍ നിരവധി ആനുകൂല്യങ്ങളുമുണ്ട്. യുഎഇ താമസ വീസയുളളവര്‍ക്ക് വിവിധ രാജ്യങ്ങളില്‍ വീസ ഓണ്‍അറൈവല്‍ ലഭ്യമാണ്. യഥാര്‍ഥത്തില്‍ യുഎഇയില്‍ നിന്ന് യുകെവരെയെത്താന്‍ നാല് വീസകള്‍ മാത്രം മതി. ഇറാന്‍, ഷെംഗന്‍-യുകെ, തുര്‍ക്കി വീസകളാണ് ആവശ്യമുളളത്. ഷെംഗന്‍-യുകെ വീസയുളളതിനാല്‍ തുര്‍ക്കി ഇവീസയായി ലഭിക്കും.

ലോകത്തുളളവരെ യുഎഇയിലേക്ക് ക്ഷണിക്കുകയെന്നുളളതാണ് യാത്രയുടെ ലക്ഷ്യം. ലോകത്തിന്റെ ഹബ്ബാണ് ദുബായ്. ഈ സന്ദേശം നല്‍കിയാണ് ഞങ്ങളുടെ യാത്ര, ഷാഹിദ് മാണിക്കോത്ത് പറയുന്നു. 5 വര്‍ഷത്തിലധികമായി യുഎഇയിലുളളവരാണ് എല്ലാവരും. ഈ രാജ്യം നല്‍കുന്ന സൗകര്യങ്ങളും സുരക്ഷയും അനുഭവിച്ചറിഞ്ഞവര്‍. വരൂ, ഈ സൗകര്യങ്ങള്‍ അനുവഭവിച്ചറിയൂ, എന്ന് അഞ്ച് പേരും യാത്രയിലൂടെ ഈ ലോകത്തോട് പറയുന്നു. യുഎഇ റജിസ്‌ട്രേഷനിലുളള വാഹനവുമായി ലോകം ചുറ്റാന്‍ ഇറങ്ങുമ്പോള്‍ നിയമപരമായ ചില കാര്യങ്ങള്‍ കൂടി പൂര്‍ത്തിയാക്കണം. അതില്‍ പ്രധാനമാണ് വാഹനത്തിന്റെ പാസ്‌പോര്‍ട്ട് എന്നൊക്കെ പറയാന്‍ കഴിയുന്ന കാര്‍നെറ്റ്. വാഹന ഉടമയുടെ പാസ്‌പോര്‍ട്ട് കോപി, താമസ വീസ, വാഹനത്തിന്റെ മുള്‍ക്കിയ, ഡ്രൈവിങ് ലൈസന്‍സ് എന്നിവയുണ്ടെങ്കില്‍ കാര്‍നെറ്റിന് അപേക്ഷിക്കാം. എസ്യുവി വാഹനമാണെങ്കില്‍ 45,000 ദിര്‍ഹമാണ് ഡെപോസിറ്റായി നല്‍കേണ്ടത്. കൂടാതെ 1 ലക്ഷം ദിര്‍ഹത്തിന്റെ ചെക്കും നല്‍കണം. വാഹനം തിരിച്ച് യുഎഇയിലെത്തുമ്പോള്‍ ഈ തുകയും ചെക്കും തിരിച്ച് ലഭിക്കും.

പോകുന്ന രാജ്യങ്ങള്‍ക്ക് അനുസരിച്ച് വാഹനത്തിന്റെ സര്‍ട്ടിഫിക്കേഷനും പൂര്‍ത്തിയാക്കണം. ഇതിനും ഫീസുണ്ട്. ഒരു വര്‍ഷത്തേക്കാണ് കാര്‍നെറ്റ് നല്‍കുക. കാര്‍നെറ്റിന്റെ ഫീസും യാത്രചെലവും ഉള്‍പ്പെടെ യാത്രയ്ക്ക് 1 ലക്ഷം ദിര്‍ഹത്തോളം ചെലവ് പ്രതീക്ഷിക്കുന്നുണ്ട്. സൗഹൃദത്തിന് പണംകൊണ്ട് വിലയിടാനാവില്ലെന്നുളളതിനാല്‍ തന്നെ പണച്ചെലവ് ആരുവഹിക്കുമെന്നതില്‍ തര്‍ക്കമില്ല. ഒരുമിച്ചൊരുയാത്ര, അതിന്റെ ചെലവുകളെല്ലാം ഒരുമിച്ച്. അതിലേറ്റകുറച്ചിലുകള്‍ വന്നാലും പരാതിയില്ല, പരിഭവവരും. അതുതന്നെയാണല്ലോ സൗഹൃദത്തിന്റെ ഉള്‍ക്കരുത്തും. കൈകള്‍ ചേര്‍ത്ത് പിടിച്ച് മുന്നോട്ടുനടക്കാന്‍ ഉറ്റസുഹൃത്തുക്കളുണ്ടെങ്കില്‍ ഉലകം ചുറ്റാം, ഇതാ ഈ അഞ്ച് മലയാളീസിനെപോലെ.

 
Other News in this category

 
 




 
Close Window