Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=126.5022 INR  1 EURO=109.517 INR
ukmalayalampathram.com
Wed 25th Mar 2026
 
 
UK Special
  Add your Comment comment
കൂട്ടക്കൊലയ്ക്ക് തയാറെടുക്കുന്ന ഒറ്റയാന്‍മാരെ മുന്‍കൂട്ടി കണ്ടെത്തുമെന്ന് യുകെ സര്‍ക്കാര്‍
REPORTER

ലണ്ടന്‍: കൂട്ടക്കൊലപാതകങ്ങള്‍ ആസൂത്രണം ചെയ്യുന്നവരെ മുന്‍കൂട്ടി തിരിച്ചറിയാനും പിടികൂടാനും നിയമപാലകര്‍ക്ക് സൗകര്യം ലഭിക്കുംവിധം പുതിയ നിയമനിര്‍മ്മാണത്തിന് യുകെ തയ്യാറെടുക്കുന്നു. ഭീകരവാദത്തെ ഗൗരവമായി കാണുന്നതുപോലെ കൂട്ടക്കൊല നടത്താന്‍ പദ്ധതിയിടുന്നതിനെയും കാണും. സൗത്ത്‌പോര്‍ട്ട് ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഈ നീക്കം. യൂറോപ്പ് അടക്കമുള്ള പാശ്ചാത്യ രാജ്യങ്ങളില്‍ പൊതുസ്ഥലങ്ങളിലും മാളുകളിലും സ്‌കൂളുകളിലുമെല്ലാം അക്രമികള്‍ കൂട്ടക്കൊല നടത്തുന്നത് സാധാരണമായി മാറിയിരിക്കുകയാണ്. ശക്തമായ തോക്ക് നിയമങ്ങളുള്ളതിനാല്‍ യുകെയില്‍ ഇത്തരം ആക്രമണങ്ങള്‍ അപൂര്‍വ്വമാണ്. വ്യക്തികള്‍ തനിയെ തീരുമാനമെടുത്ത് നടപ്പാക്കുന്ന ആക്രമണങ്ങളാകയാല്‍ പലപ്പോഴും ഇവയെ പ്രതിരോധിക്കാന്‍ പ്രയാസം നേരിടുന്നുണ്ട്. പ്രത്യേക പ്രത്യയശാസ്ത്രം ഇല്ലാത്ത ഈ അക്രമകാരികളെ നേരത്തേ തന്നെ തിരിച്ചറിയാനായാല്‍ അത് വലിയ അപകടങ്ങളില്‍ നിന്ന് ജനങ്ങളെ രക്ഷിക്കും.

ഭീകരാക്രമണത്തിന് പദ്ധതിയിടുന്നവരെ ജീവപര്യന്തം തടവിന് ശിക്ഷിക്കാന്‍ കഴിയുന്ന വിധത്തിലാണ് യുകെ നിയമ നിര്‍മ്മാണം നടത്തുക. ആക്രമണ പദ്ധതി നടപ്പായില്ലെങ്കില്‍ക്കൂടിയും ശിക്ഷ ഉറപ്പാണ്. ഭീകരവാദ ബന്ധമില്ലാത്ത അക്രമികളെയും, ഭീകരവാദികളെപ്പോലെത്തന്നെ കണക്കാക്കാന്‍ കഴിയുന്നതോടെ പോലീസിന് വലിയ അധികാരമാണ് ലഭിക്കുക. നിലവിലെ നിയമ സംവിധാനത്തിലെ പഴുതുകള്‍ ഇതുവഴി അടയ്ക്കാന്‍ സര്‍ക്കാരിനാകും. സൗത്ത്‌പോര്‍ട്ടില്‍ ഒരു ഡാന്‍സ് ക്ലാസ്സില്‍ മൂന്ന് പെണ്‍കുട്ടികളെ കൊലപ്പെടുത്തിയ സംഭവം കഴിഞ്ഞ വര്‍ഷം നടന്നിരുന്നു. ഈ കേസില്‍ ജീവപര്യന്തം തടവ് അനുഭവിക്കുന്ന ഏക്‌സല്‍ റുഡാകുബാന വളരെയേറെ തിരച്ചില്‍ നടത്തിയാണ് ആക്രമണലക്ഷ്യം തിരഞ്ഞെടുക്കുന്നത്. ഇയാള്‍ ഇത്തരമൊരു തിരച്ചില്‍ നടത്തുന്ന വിവരം പോലീസിന് അന്ന് ലഭിച്ചിട്ടുണ്ടെങ്കില്‍പ്പോലും അയാളെ അറസ്റ്റ് ചെയ്യാനും വിചാരണ ചെയ്യാനും സാധിക്കുമായിരുന്നില്ല. ഏതെങ്കിലും പ്രത്യശാസ്ത്രവുമായി ബന്ധമില്ല എന്നതും, ഭീകരവാദ ബന്ധമില്ല എന്നതുമെല്ലാം കോടതിയില്‍ വാദമുഖങ്ങളുന്നയിക്കാന്‍ പോലീസിന് വിഘാതമാകും. ഈ പ്രശ്‌നത്തെയാണ് പുതിയ നിയമം നേരിടുക. പ്രത്യേകിച്ച് പ്രത്യയശാസ്ത്ര ബന്ധമോ, ഭീകര ബന്ധമോ ഒന്നുമില്ലാത്തവര്‍ കൂട്ടക്കൊല ആസൂത്രണം ചെയ്യുന്നതായി തിരിച്ചറിഞ്ഞാല്‍ പോലീസിന് നടപടിയെടുക്കാന്‍ സാധിക്കും.

2005-ലെ ലണ്ടന്‍ ബോംബാക്രമണത്തിന് ശേഷം ഒരു നിയമം യുകെയില്‍ നടപ്പാക്കിയിരുന്നു. ഈ നിയമം അനുസരിച്ച്, ഒരു ഭീകരാക്രമണത്തിന് തയ്യാറെടുക്കുന്നവരെ അറസ്റ്റ് ചെയ്യാനാകും. ഉദാഹരണത്തിന് ഭീകരാക്രമണ ലക്ഷ്യത്തെ കുറിച്ച് ഗവേഷണം ചെയ്യുന്നത് പോലീസ് തിരിച്ചറിഞ്ഞാല്‍ മതിയാകും നടപടിയെടുക്കാന്‍. എന്നാല്‍ ഈ തയ്യാറെടുപ്പ് ഏതെങ്കിലും പ്രത്യയശാസ്ത്രപരമായ കാരണവുമായി ബന്ധപ്പെടുത്തി തെളിയിച്ചാലേ കോടതിയില്‍ കേസ് നില്‍ക്കൂ. ഇതിന് ആധുനികമായ രീതിശാസ്ത്രങ്ങളുണ്ട്. ഇതുവരെ നടന്നിട്ടുള്ള കൂട്ടക്കൊലകളുടെയെല്ലാം ഡാറ്റ പോലീസിന്റെ പക്കലുണ്ട്. ഇവ ഏറ്റവും ആധുനികമായ രീതിയില്‍ വിശകലനം ചെയ്യപ്പെട്ടിട്ടുമുണ്ട്. ഈ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കൂട്ടക്കൊലയ്ക്ക് തയ്യാറെടുക്കുന്ന വ്യക്തിയുടെ പെരുമാറ്റങ്ങള്‍ (അത് ഇന്റര്‍നെറ്റിലാകാം പൊതുസ്ഥലത്താകാം വീട്ടിലോ അയല്‍പ്പക്കങ്ങളിലോ ആകാം) തിട്ടപ്പെടുത്തിയിട്ടുണ്ട്. കുറ്റവാളികളുടെ പെരുമാറ്റം, ആശയവിനിമയരീതി, ആസൂത്രണ പരിപാടികള്‍ തുടങ്ങിയവയ്‌ക്കെല്ലാം ഒരു പൊതു പാറ്റേണ്‍ കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിട്ടുണ്ട്. ആക്രമണത്തിന് ആവശ്യമായ ആയുധങ്ങളും സാധനങ്ങളും സംഘടിപ്പിക്കുക, ഭീഷണി മുഴക്കുക, ആക്രമണ ലക്ഷ്യം കണ്ടെത്താന്‍ ശ്രമിക്കുക തുടങ്ങിയവയെല്ലാം ഇതില്‍ പെടുന്നു. പോലീസിന്റെ ഇന്റലിജന്‍സ് വിഭാഗമടക്കം ചേര്‍ന്നായിരിക്കും ഇത്തരം നിരീക്ഷണങ്ങളെല്ലാം നടത്തുക. ഇത്തരം പെരുമാറ്റങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ പോലീസ് ഇടപെടും.

 
Other News in this category

 
 




 
Close Window