ഡബ്ലിന്‍: മൂന്നാഴ്ച മുന്‍പ് അയര്‍ലന്‍ഡിലെത്തിയ ഇന്ത്യക്കാരന് നേരെ ടാലാഗ്റ്റില്‍ വംശീയ ആക്രമണം നടന്നതായി ആരോപണം. 40 വയസ്സുകാരനായ ഇന്ത്യക്കാരന്റെ വസ്ത്രം ആക്രമികള്‍ അരയ്ക്ക് താഴേക്ക് അഴിച്ചുമാറ്റി. മുഖത്തും കൈകളിലും കാലുകളിലും ഗുരുതരമായ പരുക്കേറ്റ ഇയാള്‍ ടാലാഗ്റ്റ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ ചികിത്സ തേടി. ഓണ്‍ലൈനില്‍ പ്രചരിച്ച ചിത്രങ്ങളില്‍ രക്തം വാര്‍ന്നൊലിക്കുന്ന നിലയിലാണ് ഇന്ത്യക്കാരനെ കാണുന്നത്. ടാലാഗ്റ്റിലെ പാര്‍ക്ക്ഹില്‍ റോഡില്‍ ഇക്കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം ആറ് മണിയോടെയാണ് സംഭവം. ഐറിഷ് നാഷനല്‍ പൊലീസ് അന്വേഷണം ആരംഭിച്ചെങ്കിലും. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ഇന്ത്യക്കാരന്‍ കുട്ടികളോട് മോശമായി പെരുമാറിയത് കൊണ്ടാണ് ആക്രമിച്ചതെന്നായിരുന്നു രക്ഷിക്കാനെത്തിയവരോട് ആക്രമിച്ചവര്‍ പറഞ്ഞത്.
പതിനഞ്ച് വയസ്സ് പ്രായം വരുന്നവരാണ് യുവാവിനെ ആക്രമിച്ചതെന്നും മുഖത്ത് മൂന്നാല് തവണ ഇടിച്ചുവെന്നും ദൃക്‌സാക്ഷികളിലൊരാള്‍ മൊഴി നല്‍കിയിട്ടുണ്ട്. അയര്‍ലന്‍ഡിലെ ഇന്ത്യന്‍ അംബാസഡര്‍ അഖിലേഷ് മിശ്ര എക്‌സില്‍ അക്രമത്തെ അപലപിച്ചു. പിന്തുണ നല്‍കിയതിന് ഐറിഷ് പൊതുജനത്തിനും ഗാര്‍ഡയ്ക്കും നന്ദി അറിയിച്ച അദ്ദേഹം യുവാവിന് ഉടന്‍ നീതി ലഭ്യമാക്കണമെന്ന് അഭ്യര്‍ഥിക്കുകയും ചെയ്തു. തിങ്കളാഴ്ച ഇരയെ ഫൈന്‍ ഗേല്‍ കൗണ്‍സിലര്‍ ബേബി പെരെപ്പാടന്‍ സന്ദര്‍ശിച്ചു. 'ഞെട്ടലില്‍ നിന്ന് അദ്ദേഹം മുക്തനായിട്ടില്ല. അധികം സംസാരിച്ചില്ല, അദ്ദേഹം മൂന്നാഴ്ച മുന്‍പാണ് അയര്‍ലഡില്‍ എത്തിയത്. നിലവില്‍ സന്ദര്‍ശകരെ അനുവദിക്കുന്നില്ല' - പെരെപ്പാടന്‍ പറഞ്ഞു. പല ഇന്ത്യക്കാരും അയര്‍ലഡിലേക്ക് വരുന്നത് വര്‍ക്ക് പെര്‍മിറ്റുകളിലും പഠിക്കാനും ആരോഗ്യ സംരക്ഷണം, ഐടി തുടങ്ങിയ മേഖലകളില്‍ ജോലി ചെയ്യാനുമാണ്. ടാലാഗ്റ്റ് പ്രദേശത്ത് വിദേശ പൗരന്മാര്‍ക്കെതിരെ നടന്ന മറ്റ് സമീപകാല അക്രമങ്ങളുമായി ചില പ്രതികള്‍ക്ക് ബന്ധമുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ സംശയിക്കുന്നുണ്ട്.