ന്യൂഡല്‍ഹി: ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാറിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രിട്ടന്‍ സന്ദര്‍ശന വേളയില്‍ കരാറില്‍ ഒപ്പുവയ്ക്കും. പ്രധാനമന്ത്രിയുടെ നാല് ദിവസത്തെ യുകെ, മാലദ്വീപ് സന്ദര്‍ശനം ഇന്ന് ആരംഭിക്കും. മാലദിലീപിന്റെ അറുപതാം സ്വാതന്ത്ര്യ ദിനത്തില്‍ വിശിഷ്ടാതിഥിയായി പങ്കെടുക്കുന്ന പ്രധാനമന്ത്രി യുകെയില്‍ സുപ്രധാനമായ വ്യാപാര കരാറില്‍ നാളെ ഒപ്പുവയ്ക്കും. വാണിജ്യ, വ്യവസായ മന്ത്രി പിയൂഷ് ഗോയലും പ്രധാനമന്ത്രിയെ അനുഗമിക്കുന്നുണ്ട്. ബ്രിട്ടനില്‍ നിന്നുള്ള വിസ്‌കി, കാറുകള്‍, ചില ഭക്ഷ്യവസ്തുക്കള്‍ എന്നിവയുടെ ഇറക്കുമതി തീരുവ ഇന്ത്യ കുറയ്ക്കുമ്പോള്‍ ഇന്ത്യന്‍ തുണിത്തരങ്ങള്‍ക്കും തുകല്‍, പാദരക്ഷകള്‍ തുടങ്ങിയ ഉല്‍പ്പന്നങ്ങളുടെ കയറ്റുമതി നികുതി നീക്കം ചെയ്യുന്നതാണ് കരാറിലെ വ്യവസ്ഥ എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
കരാറുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ മൂന്നു വര്‍ഷത്തിലേറെയാണ് നീണ്ടത്. സ്വതന്ത്ര വ്യാപാര കരാര്‍ ഒപ്പിട്ടു കഴിഞ്ഞാല്‍ ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ അംഗീകാരം ആവശ്യമാണ്. അംഗീകാരം ലഭിച്ചതിനു ശേഷം ഒരു വര്‍ഷത്തിനുള്ളില്‍ കരാര്‍ പ്രാബല്യത്തില്‍ വരും. 2014 ല്‍ അധികാരമേറ്റ ശേഷം മോദിയുടെ നാലാമത്തെ യുകെ സന്ദര്‍ശനമാണിത്. വ്യാപാരം, ഊര്‍ജം സുരക്ഷ, ആരോഗ്യം, വിദ്യാഭ്യാസം എന്നീ വിഷയങ്ങളില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മറുമായി മോദി നാളെ ചര്‍ച്ച നടത്തും.ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 2023-24 കാലയളവില്‍ 55 ബില്യണ്‍ ഡോളറില്‍ എത്തിയിരുന്നു. ആയിരത്തോളം ഇന്ത്യന്‍ കമ്പനികളാണ് യുകെയില്‍ പ്രവര്‍ത്തിക്കുന്നത്. ഇതിലൂടെ ഒരു ലക്ഷത്തിലേറെ ആളുകള്‍ക്ക് തൊഴില്‍ ലഭിക്കുന്നു. 20 ബില്യണ്‍ ഡോളറിന്റെ നിക്ഷേപമാണ് ഇന്ത്യന്‍ കമ്പനികള്‍ക്ക് അവിടെയുള്ളത്സ്വതന്ത്ര വ്യാപാര കരാര്‍ പ്രകാരം സ്‌കോച്ച് വിസ്‌കിയുടെ താരിഫ് 150 ശതമാനത്തില്‍ നിന്ന് 75 ശതമാനമായി കുറയും. അടുത്ത ദശകത്തോടെ ഇത് 40 ശതമാനമായി കുറയുമെന്ന പ്രതീക്ഷയും ബ്രിട്ടീഷ് സര്‍ക്കാര്‍ പങ്കുവെക്കുന്നുണ്ട്. അതേസമയം ഇന്ത്യന്‍ തുണിത്തരങ്ങള്‍, തുകല്‍, പാദരക്ഷകള്‍ എന്നിവയുടെ നികുതിയില്‍ 90 ശതമാനത്തോളം ഇളവ് ലഭിക്കും.