Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=126.5022 INR  1 EURO=109.517 INR
ukmalayalampathram.com
Wed 25th Mar 2026
 
 
UK Special
  Add your Comment comment
അഹമ്മദാബാദ് അപകടത്തില്‍ കൈമാറിയ മൃതദേഹങ്ങള്‍ തിരിച്ചറിയുന്നതില്‍ തെറ്റുണ്ടെന്ന് ബ്രിട്ടീഷ് കുടുംബങ്ങള്‍
reporter

ലണ്ടന്‍/ന്യൂഡല്‍ഹി: അഹമ്മദാബാദില്‍ ജൂണ്‍ 12ന് തകര്‍ന്നുണ്ടായ എയര്‍ ഇന്ത്യ വിമാന അപകടത്തില്‍ മരിച്ച യുകെ പൗരന്മാരുടെ മൃതദേഹങ്ങള്‍ തിരിച്ചറിയുന്നതില്‍ തെറ്റുണ്ടായെന്ന് കുടുംബങ്ങളുടെ ആരോപണം. കുടുംബങ്ങളെ പ്രതിനിധീകരിക്കുന്ന അഭിഭാഷകന്‍ ജയിംസ് ഹീലിയാണ് ഇക്കാര്യം അറിയിച്ചത്. നാട്ടിലേക്ക് കൊണ്ടുപോയ മൃതദേഹങ്ങളില്‍ നടത്തിയ ഡിഎന്‍എ പരിശോധനയില്‍ രണ്ട് പെട്ടികളിലായി അയച്ച മൃതദേഹങ്ങള്‍ തങ്ങളുടെ ബന്ധുക്കളുടേതല്ലെന്ന് തെളിഞ്ഞതായി കുടുംബങ്ങള്‍ പറയുന്നു. ഈ വാര്‍ത്തയോട് പ്രതികരിച്ച ഇന്ത്യന്‍ സര്‍ക്കാര്‍, ആശങ്കകളും പ്രശ്‌നങ്ങളും ശ്രദ്ധയില്‍പ്പെട്ട ഉടന്‍ തന്നെ യുകെ അധികൃതരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണെന്ന് അറിയിച്ചു. അപകടത്തെ തുടര്‍ന്ന് നിലവിലുള്ള പ്രോട്ടോക്കോളും സാങ്കേതിക ആവശ്യകതകളും അനുസരിച്ചാണ് മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞതെന്നും എല്ലാ മൃതദേഹങ്ങളും അതീവ ശ്രദ്ധയോടും അന്തസ്സോടും കൂടിയാണ് കൈകാര്യം ചെയ്തതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ഈ വിഷയത്തില്‍ എന്തെങ്കിലും ആശങ്കകളുണ്ടെങ്കില്‍ അവ പരിഹരിക്കാന്‍ യുകെ അധികൃതരുമായി തുടര്‍ന്നും സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞു.

''ജൂണ്‍ 12ന് അഹമ്മദാബാദില്‍ തകര്‍ന്ന എയര്‍ ഇന്ത്യ വിമാനത്തിലെ യാത്രക്കാരുടെയും ജീവനക്കാരുടെയും 12 മുതല്‍ 13 വരെ മൃതദേഹാവശിഷ്ടങ്ങള്‍ യുകെയിലേക്ക് കൊണ്ടുപോയിരുന്നു. ഇതില്‍ രണ്ട് കുടുംബങ്ങള്‍ക്ക് ഡിഎന്‍എ പരിശോധനയ്ക്ക് ശേഷം ലഭിച്ചത് തങ്ങളുടെ ബന്ധുക്കളുടേതല്ലെന്ന് കണ്ടെത്തുകയായിരുന്നു.'' വിമാന അപകടത്തില്‍ യാത്രക്കാരും ജീവനക്കാരും വിമാനം തകര്‍ന്നുവീണ സ്ഥലത്തുണ്ടായിരുന്ന ആളുകളും ഉള്‍പ്പെടെ 270 പേരാണു മരിച്ചത്. ഒറ്റയാത്രക്കാരനാണു രക്ഷപ്പെട്ടത്. ജൂണ്‍ 12ന് എയര്‍ ഇന്ത്യയുടെ ബോയിങ് 787-8 ഡ്രീംലൈനര്‍ വിമാനം 242 പേരുമായി ഉച്ചയ്ക്ക് 1.39ന് അഹമ്മദാബാദില്‍നിന്ന് ലണ്ടനിലേക്കു പറന്നുയര്‍ന്ന് 32 സെക്കന്‍ഡിനകം വിമാനത്താവളത്തിനടുത്ത് ബി.ജെ. മെഡിക്കല്‍ കോളജ് വളപ്പിലേക്കു തകര്‍ന്നുവീണു കത്തുകയായിരുന്നു.ഗുജറാത്ത് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ വിജയ് രൂപാണിയും (68) പത്തനംതിട്ട കോഴഞ്ചേരി പുല്ലാട് സ്വദേശിയായ നഴ്‌സ് രഞ്ജിത ജി.നായരും (40) ഉള്‍പ്പെടെ 229 യാത്രക്കാരും 2 പൈലറ്റുമാരടക്കം 12 ജീവനക്കാരും മരിച്ചു. മെഡിക്കല്‍ കോളജിനു സമീപത്തെ വീടുകളിലേക്കും വിമാനഭാഗങ്ങള്‍ ചിതറിത്തെറിച്ചു. ഹോസ്റ്റല്‍ കന്റീനില്‍ എംബിബിഎസ് വിദ്യാര്‍ഥികള്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു അപകടം. അപകടത്തിന്റെ പശ്ചാത്തലത്തില്‍ എയര്‍ഇന്ത്യ വിമാനങ്ങളില്‍ സുരക്ഷാ പരിശോധന ശക്തമാക്കിയിട്ടുണ്ട്. അഹമ്മദാബാദിലെ സര്‍ക്കാര്‍ സിവില്‍ ഹോസ്പിറ്റലാണ് ഡിഎന്‍എ സാംപിള്‍ ശേഖരണം നടത്തിയതെന്നും എയര്‍ ഇന്ത്യക്ക് ഇതില്‍ പങ്കില്ലെന്നും വൃത്തങ്ങള്‍ പറയുന്നു. മൃതദേഹങ്ങള്‍ തിരിച്ചറിയുന്നതിലും കൈമാറുന്നതിലും എയര്‍ ഇന്ത്യയുടെ പങ്കുണ്ടായിരുന്നില്ല. മൃതദേഹങ്ങള്‍ അടങ്ങിയ പെട്ടികള്‍ കെന്‍യോണ്‍ എന്ന രാജ്യാന്തര എമര്‍ജന്‍സി സര്‍വീസ് മുഖേന എയര്‍ ഇന്ത്യ കാര്‍ഗോയില്‍ യുകെയിലേക്ക് അയച്ചത്.

ടാറ്റാ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യ ഈ വിഷയം അന്വേഷിക്കുന്നുണ്ടെന്ന് സമ്മതിച്ചെങ്കിലും, മൃതദേഹങ്ങള്‍ മാറിപ്പോയെന്ന ആരോപണത്തെക്കുറിച്ച് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. അപകടം നടന്നതിന് പിന്നാലെ ടാറ്റാ ഗ്രൂപ്പ് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 1 കോടി രൂപയുടെ നഷ്ടപരിഹാരം പ്രഖ്യാപിച്ചിരുന്നു. കൂടാതെ, അടിയന്തര സാമ്പത്തിക ആവശ്യങ്ങള്‍ക്കായി 25 ലക്ഷം രൂപയുടെ ഇടക്കാല ധനസഹായവും എയര്‍ ഇന്ത്യ വാഗ്ദാനം ചെയ്തിരുന്നു.

 
Other News in this category

 
 




 
Close Window