ദുബായ്: ഒരുകാലത്ത് സമ്പന്നരുടെ ഈറ്റില്ലമായിരുന്നു ബ്രിട്ടീഷ് നഗരങ്ങളായ ബെര്‍മിംഗ്ഹാമും ലണ്ടനുമെല്ലാം. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ മാറിമറിയുകയാണ്. ധനികരെല്ലാം ബ്രിട്ടന്‍ വിട്ടുപോകുന്നു. സമീപകാലത്ത് ബ്രിട്ടീഷ് സര്‍ക്കാര്‍ നടപ്പാക്കിയ സാമ്പത്തിക-രാഷ്ട്രീയ പരിഷ്‌കാരങ്ങളാണ് കാരണം. ഇതില്‍ എടുത്തു പറയേണ്ട കാര്യം, ഇങ്ങനെ പോകുന്നവര്‍ എത്തുന്നത് യുഎഇയിലേക്കാണ് എന്നതാണ്. ഏറ്റവും ഒടുവില്‍ ബ്രിട്ടന്‍ വിട്ട് യുഎഇയില്‍ താമസിക്കാനെത്തുന്നത് ജോണ്‍ ഫ്രഡ്രിക്സണ്‍ ആണ്. ലോകത്തെ അറിയപ്പെട്ട കപ്പല്‍ മുതലാളിയാണ് ഇദ്ദേഹം. ലോകത്തെ ഏറ്റവും വലിയ എണ്ണ ടാങ്കറിന്റെ ഉടമ. നോര്‍വെ വംശജനായ ഇദ്ദേഹം ബ്രിട്ടനിലെ ഒമ്പതാമത്തെ പണക്കാരനാണ്. കോടികള്‍ വിലമതിക്കുന്ന ജോര്‍ജിയന്‍ ബംഗ്ലാവ് വിറ്റാണ് ഫ്രഡ്രിക്സണ്‍ യുഎഇയിലേക്ക് താമസം മാറാന്‍ തീരുമാനിച്ചത്.
300 വര്‍ഷം പഴക്കമുള്ള ജോര്‍ജിയന്‍ ബംഗ്ലാവ് 337 ദശലക്ഷം ഡോളറിനാണ് വില്‍ക്കുന്നത് എന്ന് ഫോബ്സ് റിപ്പോര്‍ട്ട് ചെയ്തു. 10 ബെഡ് റൂമുകളും 30000 ചതുരശ്ര അടിയുള്ള ലിവിങ് സ്പേസും സ്വകാര്യ ബാള്‍റൂമും രണ്ടേക്കര്‍ വരുന്ന പൂന്തോട്ടവുമെല്ലാമുള്ള ബംഗ്ലാവാണ് വില്‍ക്കാന്‍ തീരുമാനിച്ചത്. ലണ്ടനിലെ മൂന്നാമത്തെ ഏറ്റവും വലിയ സ്വകാര്യ പൂന്തോട്ടമാണത്രെ ഇവിടെയുള്ളത്. ബ്രിട്ടീഷ് സര്‍ക്കാരിന്റെ പുതിയ നയങ്ങളെ രൂക്ഷമായി വിമര്‍ശിച്ചാണ് ഫ്രഡ്രിക്സണ്‍ രാജ്യം വിടുന്നത്. ബ്രിട്ടനും പടിഞ്ഞാറും നശിക്കാന്‍ പോകുന്നുവെന്നും യുക്തി സഹമല്ലാത്ത നികുതി സമ്പ്രദായമാണ് നിലവിലുള്ളതെന്നും അദ്ദേഹം വിമര്‍ശിച്ചു. 13.7 ബില്യണ്‍ പൗണ്ട് ആസ്തിയുള്ള വ്യക്തിയാണ് ഫ്രഡ്രിക്സണ്‍. എണ്ണ, വാതകം, കപ്പല്‍, മല്‍സ്യകൃഷി തുടങ്ങിയ മേഖലകളിലാണ് ഇദ്ദേഹത്തിന്റെ നിക്ഷേപം.
നോര്‍വീജിയന്‍ മാധ്യമമായ ഇ24ന് നല്‍കിയ അഭിമുഖത്തിലാണ് ബ്രിട്ടന്‍ വിടാന്‍ പോകുന്ന കാര്യം ഫ്രഡ്രിക്സ്ണ്‍ വെളിപ്പെടുത്തിയത്. യുഎഇയിലേക്ക് താമസം മാറുകയാണെന്നും അദ്ദേഹം പറഞ്ഞു. എല്ലാ പടിഞ്ഞാറന്‍ രാജ്യങ്ങളും നശിക്കാന്‍ പോകുകയാണ് എന്നാണ് അദ്ദേഹത്തിന്റെ വാക്കുകള്‍. നിലവിലെ രാഷ്ട്രീയ-നികുതി സംവിധാനമാണ് അദ്ദേഹം കടുത്ത വിമര്‍ശനം ഉന്നയിക്കാന്‍ കാരണം എന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.സീടാങ്കേഴ്സ് മാനേജ്മെന്റ് എന്ന കമ്പനിയുടെ ലണ്ടനിലെ ആസ്ഥാനം ഫ്രഡ്രിക്സണ്‍ അടുത്തിടെ അടച്ചിരുന്നു. നിരവധി ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്തു. സിസിലി, കാതറിന്‍ എന്ന രണ്ടു പെണ്‍മക്കളാണ് ഇനി ഫ്രഡ്രിക്സന്റെ സാമ്രാജ്യം ഭരിക്കുക. യുഎഇയില്‍ ഇരുന്ന് ഫ്രഡ്രിക്സണ്‍ കമ്പനിയുടെ മേല്‍നോട്ടം വഹിക്കും. അടുത്ത കാലത്തായി നിരവധി സമ്പന്നരായണ് ബ്രിട്ടന്‍ വിട്ടുപോയത്. ക്രിസ്ത്യന്‍ ആംഗര്‍മേയര്‍, നാസിഫ് സവിരിസ് എന്നിവരെല്ലാം ഇതില്‍പ്പെടും.
2024ല്‍ 10800 കോടീശ്വരന്മാരാണ് ബ്രിട്ടന്‍ വിട്ടുപോയത്. 2023നേക്കാള്‍ 157 ശതമാനം അധികമാണിത്. ചൈനയ്ക്ക് ശേഷം ഇത്രയും കൂടുതല്‍ കോടീശ്വരന്മാര്‍ വിട്ടുപോകുന്ന രാജ്യമായി ബ്രിട്ടന്‍ മാറി. ഈ വര്‍ഷം 16500 കോടീശ്വരന്മാര്‍ ബ്രിട്ടന്‍ വിട്ടുപോകുമെന്നാണ് ഹെന്‍ലി പാര്‍ട്ണേഴ്സിന്റെ പ്രവചനം. ഇത്രയും കോടീശ്വരന്മാര്‍ ബ്രിട്ടന്‍ വിടുമ്പോള്‍ വന്‍തോതില്‍ നിക്ഷേപവും നഷ്ടമാകുന്നു എന്നതാണ് ആശങ്ക. ബ്രിട്ടീഷ് പൗരന്മാരുടെ വിദേശത്തെ ആസ്തികള്‍ക്ക് ബ്രിട്ടനിലും നികുതി ചുമത്തുന്ന നയം തുടങ്ങിയതാണ് കോടീശ്വരന്മാരുടെ പ്രതിഷേധത്തിന് പ്രധാന കാരണം.