കോയമ്പത്തൂര്‍: ഇന്ത്യയില്‍നിന്നുള്ള തുണിത്തരങ്ങള്‍ക്ക് തീരുവ 50 ശതമാനമായി ഉയര്‍ത്തിയ അമേരിക്കയുടെ നടപടി തിരുപ്പൂരിലെ വസ്ത്രനിര്‍മാണ ക്ലസ്റ്ററിനെ സാരമായി ബാധിക്കും. അമേരിക്കയിലേക്കുള്ള കയറ്റുമതിയില്‍ ഏതാണ്ട് 3,000 കോടി രൂപയുടെ കുറവുവരുമെന്നാണ് തിരുപ്പൂര്‍ എക്സ്പോര്‍ട്ടേഴ്സ് അസോസിയേഷന്റെ വിലയിരുത്തല്‍. 2024-25 സാമ്പത്തികവര്‍ഷം തിരുപ്പൂരില്‍നിന്നുള്ള ആകെ വസ്ത്രകയറ്റുമതി 44,747 കോടി രൂപയായിരുന്നു. 2023-24ല്‍ ഇത് 33,400 കോടിയായിരുന്നു. കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ 33,000 മുതല്‍ 37,000 കോടിവരെയായിരുന്നു ശരാശരി കയറ്റുമതി. ഇതാണ് കഴിഞ്ഞ സാമ്പത്തികവര്‍ഷം 44,747 കോടിയിലെത്തിയത്. വരുംവര്‍ഷങ്ങളില്‍ ഗണ്യമായ വളര്‍ച്ച പ്രതീക്ഷിച്ചിരിക്കുന്ന ഘട്ടത്തിലാണ് അമേരിക്കയുടെ തീരുവ വര്‍ധന. ഇത് വലിയ തിരിച്ചടിയാണെന്ന് തിരുപ്പൂര്‍ എക്സ്പോര്‍ട്ടേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് കെ.എം. സുബ്രഹ്‌മണ്യന്‍ പറഞ്ഞു.
രാജ്യത്തിന്റെ നിറ്റ് വെയര്‍ തലസ്ഥാനമെന്ന് വിശേഷണമുള്ള തിരുപ്പൂരില്‍നിന്നുള്ള വസ്ത്ര കയറ്റുമതിയില്‍ 35 ശതമാനം അമേരിക്കയിലേക്കാണ്. പിഴച്ചുങ്കം ഏര്‍പ്പെടുത്തുമെന്ന പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനം വന്നതുമുതല്‍തന്നെ അമേരിക്കന്‍ വ്യാപാരികള്‍ തിരുപ്പൂരില്‍നിന്നുള്ള ഓര്‍ഡറുകള്‍ മരവിപ്പിച്ചിരുന്നു. ഓര്‍ഡര്‍ പ്രകാരം വസ്ത്രങ്ങള്‍ തയ്യാറാക്കി കയറ്റുമതിഘട്ടത്തിലെത്തിയതിനാല്‍ ഇത് വലിയനഷ്ടം വരുത്തും. വരുംദിവസങ്ങളില്‍ അമേരിക്കന്‍കമ്പനികള്‍ തീരുവകുറവുള്ള ബംഗ്ലാദേശ്, വിയറ്റ്നാം, കംബോഡിയ തുടങ്ങിയ രാജ്യങ്ങളെ ആശ്രയിക്കാനാണ് സാധ്യത.അടുത്തിടെ ഒപ്പുവെച്ച ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാരകരാര്‍ നടപ്പില്‍വരുന്നതോടെ ഈ പ്രതിസന്ധി ഒരളവുവരെ പരിഹരിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് കെ.എം. സുബ്രഹ്‌മണ്യന്‍ പറഞ്ഞു. യുകെയിലേക്കും മറ്റ് യൂറോപ്യന്‍രാജ്യങ്ങളിലേക്കുമുള്ള കയറ്റുമതി വര്‍ധിപ്പിക്കാന്‍ സാധിച്ചാല്‍ അമേരിക്ക സൃഷ്ടിക്കുന്ന ആഘാതം പ്രതിരോധിക്കാന്‍ സാധിക്കും. യുഎസിന്റെ 50 ശതമാനം തീരുവയുടെ സാഹചര്യത്തില്‍ തിരുപ്പൂര്‍, നോയിഡ, സൂറത്ത് എന്നിവിടങ്ങളിലെ ടെക്സ്റ്റൈല്‍ നിര്‍മാണ യൂണിറ്റുകള്‍ ചൊവ്വാഴ്ച ഉത്പാദനം നിര്‍ത്തിവെച്ചതായി ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എക്സ്പോര്‍ട്ട് ഓര്‍ഗനൈസേഷന്‍(എഫ്‌ഐഇഒ) അറിയിച്ചു.