|
ഭരണ തുടര്‍ച്ച ലക്ഷ്യമിട്ടുള്ള വമ്പന്‍ പദ്ധതികളുമായി പിണറായി സര്‍ക്കാര്‍. ക്ഷേമ പെന്‍ഷന്‍ 1600 ല്‍ നിന്നും 2000 ആയി വര്‍ധിപ്പിച്ചതോടെ വന്‍ പ്രതീക്ഷകളാണ് ഇടത് പക്ഷന് കൈവന്നിരിക്കുന്നത്. തിരഞ്ഞെടുപ്പ് തൊട്ടടുത്തുനില്‍ക്കെ ഭരണത്തുടര്‍ച്ചയ്ക്കായുള്ള ശ്രദ്ധേയമായ നീക്കമാണ് സര്‍ക്കാര്‍ ആരംഭിച്ചിരിക്കുന്നത്. ആശാ വര്‍ക്കര്‍മാരുടെ ഓണറേറിയത്തിലും വര്‍ധന പ്രഖ്യാപിച്ചിരിക്കുന്നത്. പ്രതിമാസ ഓണറേറിയം വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് ദീര്‍ഘകാലമായി സെക്രട്ടറിയേറ്റിനുമുന്നില്‍ സമരം നടത്തുന്ന ആശാവര്‍ക്കര്‍മാരെ അടക്കം പരിഗണിച്ചുള്ള സൂഷ്മതയോടെയുള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നത്. ക്ഷേമ പെന്‍ഷന്‍ 200 വര്‍ധിപ്പിക്കുമെന്ന് നേരത്തെ തന്നെ വാര്‍ത്തകള്‍ ഉണ്ടായിരുന്നു, 200 രൂപ വര്‍ധനയെന്ന നിര്‍ദേശത്തെ മറികടന്ന് 400 രൂപയുടെ വര്‍ധനയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അടിസ്ഥാന വിഭാഗത്തിന്റെയും, സര്‍ക്കാര്‍ ജീവനക്കാരുടെയും പിന്തുണ ഉറപ്പിക്കുന്ന നീക്കമാണ് പിണറായി സര്‍ക്കാര്‍ ലക്ഷ്യമിട്ടതെന്ന് വ്യക്തം. |