Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.1558 INR  1 EURO=111.6196 INR
ukmalayalampathram.com
Fri 15th May 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
ക്ഷേത്രാചാരങ്ങള്‍ പാലിക്കേണ്ടതെന്ന് സുപ്രീംകോടതി നിരീക്ഷണം
reporter

ന്യൂഡല്‍ഹി ന്മ ക്ഷേത്രത്തിലെത്തുന്നവര്‍ വിശ്വാസികളല്ലെങ്കിലും അവിടുത്തെ ചട്ടങ്ങളും ആചാരങ്ങളും പാലിക്കേണ്ടിവരുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ശബരിമല വിഷയത്തിലെ വിശാലമായ നിയമപ്രശ്‌നങ്ങള്‍ പരിശോധിക്കുന്ന ഒമ്പതംഗ ബെഞ്ചിന്റെ നിരീക്ഷണമാണ് ഇത്. വ്യക്തിസ്വാതന്ത്ര്യം വിശ്വാസിസമൂഹത്തിന്റെ മതപരമായ അവകാശത്തെ ഹനിക്കരുതെന്ന് എന്‍.എസ്.എസ്., അയ്യപ്പസേവാസമാജം, ക്ഷേത്രസംരക്ഷണ സമിതി എന്നിവര്‍ക്കുവേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ സി.എസ്. വൈദ്യനാഥന്‍ വാദിച്ചു. ശബരിമലയില്‍ എല്ലാ മതക്കാര്‍ക്കും പ്രവേശനമുണ്ടെങ്കിലും, അവിടത്തെ പ്രതിഷ്ഠയുടെ ചൈതന്യത്തില്‍ വിശ്വസിക്കുകയും ആചാരങ്ങള്‍ പാലിക്കുകയും വേണമെന്നും അദ്ദേഹം പറഞ്ഞു.

ഹിന്ദുക്കള്‍ വ്യത്യസ്ത വിശ്വാസിസമൂഹങ്ങളില്‍പ്പെട്ടവരാണെങ്കിലും ക്ഷേത്രത്തിലെത്തിയാല്‍ അവിടത്തെ സമ്പ്രദായങ്ങള്‍ പിന്തുടരേണ്ടതുണ്ടെന്ന് ജസ്റ്റിസ് നാഗരത്ന വ്യക്തമാക്കി. വിശ്വാസിയല്ലാത്തയാള്‍ ക്ഷേത്രത്തില്‍ പോകുമ്പോഴും അവിടത്തെ ചട്ടങ്ങള്‍ പാലിക്കേണ്ടതുണ്ടെന്നും, അപ്പോള്‍ അവിശ്വാസം പ്രകടിപ്പിക്കാനുള്ള അവകാശം താല്‍ക്കാലികമായി ഇല്ലാതാകുമെന്നും ജസ്റ്റിസ് ജോയ്മല്യാ ബാഗ്ചി നിരീക്ഷിച്ചു. ഗുരുവായൂര്‍ ഉള്‍പ്പെടെ കേരളത്തിലെ ചില ക്ഷേത്രങ്ങളില്‍ പുരുഷന്മാര്‍ക്ക് ഷര്‍ട്ട് ധരിച്ച് പ്രവേശിക്കാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്തും ജസ്റ്റിസ് എം.എം. സുന്ദരേഷും ചൂണ്ടിക്കാട്ടി. സിഖ് മതസ്ഥരുടെ ഗുരുദ്വാരയില്‍ പോകുന്നവര്‍ തല മറയ്‌ക്കേണ്ടതിന്റെ ഉദാഹരണവും ചീഫ് ജസ്റ്റിസ് പരാമര്‍ശിച്ചു. 2018-ലെ ശബരിമല യുവതീപ്രവേശ വിധിയെ എതിര്‍ക്കുന്നവരുടെ വാദങ്ങള്‍ വ്യാഴാഴ്ച പൂര്‍ത്തിയാകാതെ പോയതിനാല്‍ അടുത്ത ബുധനാഴ്ച തുടരുമെന്നും, ദേവസ്വംബോര്‍ഡ്, ശബരിമല തന്ത്രി, സംസ്ഥാന സര്‍ക്കാര്‍ തുടങ്ങിയ കക്ഷികളുടെ വാദം അന്ന് കേള്‍ക്കുമെന്നും കോടതി അറിയിച്ചു.

 
Other News in this category

 
 




 
Close Window