ന്യൂഡല്‍ഹി: വനിതാ സംവരണ ഭേദഗതി അടക്കം മൂന്ന് പ്രധാന ബില്ലുകള്‍ക്ക് ലോക്സഭയില്‍ അവതരണാനുമതി നല്‍കി. വോട്ടെടുപ്പിലൂടെയാണ് അനുമതി നല്‍കിയത്. 251 അംഗങ്ങള്‍ അനുകൂലമായി വോട്ടുചെയ്തപ്പോള്‍, 185 പേര്‍ എതിര്‍ത്തു. 131-ാം ഭരണഘടനാ ഭേദഗതി ബില്‍ ഉള്‍പ്പെടെയുള്ള ബില്ലുകള്‍ അവതരിപ്പിക്കാനാണ് അനുമതി. ചര്‍ച്ചയ്ക്കിടെ വാദങ്ങള്‍ അവതരിപ്പിക്കാമെന്ന് സ്പീക്കര്‍ ഓം ബിര്‍ല പ്രതിപക്ഷത്തോട് അറിയിച്ചു.
അവതരിപ്പിച്ച ബില്ലുകള്‍
വനിതാ സംവരണ ഭേദഗതി ബില്‍ ('നാരീശക്തി വന്ദന്‍ അധിനിയം'): ലോക്സഭയിലെ അംഗസംഖ്യ 543ല്‍ നിന്നും 850 ആക്കി ഉയര്‍ത്തി 33% വനിതാ സംവരണം നടപ്പിലാക്കുക. 2029ലെ പൊതുതെരഞ്ഞെടുപ്പില്‍ തന്നെ നടപ്പിലാക്കാനാണ് ലക്ഷ്യം. മണ്ഡല പുനര്‍നിര്‍ണയ ബില്‍: നിയമസഭകളിലും വനിതാ സംവരണം നടപ്പാക്കാന്‍ മണ്ഡല പുനര്‍നിര്‍ണയം.
കേന്ദ്രഭരണ നിയമ ഭേദഗതി ബില്‍: ആഭ്യന്തരമന്ത്രി അമിത് ഷാ അവതരിപ്പിച്ചു.
പ്രതിപക്ഷത്തിന്റെ നിലപാട്
ബില്ലിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നു. കോണ്‍ഗ്രസിലെ കെ സി വേണുഗോപാല്‍ സീറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനെ എതിര്‍ത്തു. '2029ല്‍ ബിജെപിക്ക് ഭരണം ഉറപ്പാക്കാനാണ് കേന്ദ്രത്തിന്റെ നീക്കം. ജനാധിപത്യത്തെ ഹൈജാക്ക് ചെയ്യാനുള്ള ശ്രമമാണിത്. 2023ല്‍ പാസാക്കിയ വനിതാ സംവരണ ബില്‍ അന്നേ നടപ്പിലാക്കിയില്ലെങ്കില്‍ എന്തുകൊണ്ട്?'' എന്നും അദ്ദേഹം ചോദിച്ചു.
പ്രതിപക്ഷം വ്യക്തമാക്കിയ നിലപാട്: നിലവിലെ 543 അംഗസംഖ്യയില്‍ മൂന്നിലൊന്ന് വനിതാ സംവരണം കൊണ്ടുവരികയാണെങ്കില്‍ പിന്തുണയ്ക്കാമെന്ന്.
പ്രത്യേക സമ്മേളനം
ഏപ്രില്‍ 16, 17, 18 തീയതികളിലായി പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിച്ചുകൂട്ടി ബില്ലുകള്‍ ചര്‍ച്ച ചെയ്യാനാണ് തീരുമാനം. അന്തരിച്ച പാര്‍ലമെന്റ് അംഗങ്ങള്‍ക്കും പ്രശസ്ത ഗായിക ആശാ ഭോസ്ലേയ്ക്കും ലോക്സഭ അനുശോചനം രേഖപ്പെടുത്തിയശേഷമാണ് നടപടികള്‍ക്ക് തുടക്കമായത്.