ലണ്ടന്‍: യുകെയിലെ പണപ്പെരുപ്പം പ്രതീക്ഷിച്ചതിലും വലിയ തോതില്‍ കുറഞ്ഞു. മാര്‍ച്ച് മാസത്തിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലേക്ക് 2025 നവംബര്‍ വരെയുള്ള വര്‍ഷത്തില്‍ പണപ്പെരുപ്പ നിരക്ക് 3.2 ശതമാനമായി താഴ്ന്നതായി ഔദ്യോഗിക കണക്കുകള്‍ (ONS) വ്യക്തമാക്കുന്നു. കഴിഞ്ഞ മാസം രേഖപ്പെടുത്തിയ 3.6 ശതമാനത്തില്‍ നിന്നാണ് ഈ ഇടിവ് സംഭവിച്ചത്.
ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും വിലയില്‍ വരുന്ന മാറ്റങ്ങളാണ് പണപ്പെരുപ്പം നിര്‍ണയിക്കുന്നത്. ഇത് നേരിട്ട് വ്യക്തികളുടെ ചെലവാക്കല്‍ ശേഷിയെയും പണത്തിന്റെ ഉപയോഗ രീതികളെയും സ്വാധീനിക്കുന്നു. വിലക്കയറ്റം തുടരുന്നുണ്ടെങ്കിലും മുന്‍കാലത്തേക്കാള്‍ വേഗത കുറഞ്ഞതായി കണക്കുകള്‍ സൂചിപ്പിക്കുന്നു.
ഭക്ഷ്യവില കുറഞ്ഞതാണ് പ്രധാനമായും പണപ്പെരുപ്പ നിരക്കിനെ താഴ്ത്തിയത്. ഇക്കണോമിസ്റ്റുകള്‍ 3.5 ശതമാനം വരെ കുറയാമെന്നായിരുന്നു പ്രവചിച്ചിരുന്നത്. എന്നാല്‍ പ്രതീക്ഷിച്ചതിലും താഴേക്ക് നിരക്ക് കുറഞ്ഞതോടെ ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്കുകള്‍ കുറയ്ക്കാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.
ബേസ് റേറ്റ് നിലവിലെ 4 ശതമാനത്തില്‍ നിന്ന് 3.75 ശതമാനത്തിലേക്ക് കുറയാമെന്നാണു അനലിസ്റ്റുകളുടെ പ്രവചനം. തൊഴിലില്ലായ്മ വര്‍ധിക്കുന്നുവെന്ന ഔദ്യോഗിക കണക്കുകള്‍ തൊഴില്‍ അന്വേഷകര്‍ക്ക് തിരിച്ചടിയായിരിക്കുമ്പോഴും, വായ്പയെടുക്കുന്നവര്‍ക്ക് ഇത് ആശ്വാസകരമായ വാര്‍ത്തയായി മാറുന്നു.
ബാങ്കിന്റെ മോണിറ്ററി പോളിസി കമ്മിറ്റി യോഗത്തില്‍ പലിശ നിരക്ക് കുറയ്ക്കാനുള്ള തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. പണപ്പെരുപ്പം 2 ശതമാനമായി കുറയ്ക്കുക എന്നതാണ് കേന്ദ്ര ബാങ്കിന്റെ ലക്ഷ്യം. സമ്മര്‍ മാസങ്ങളില്‍ ഉയര്‍ന്ന നിലയില്‍ നിന്നിരുന്ന പണപ്പെരുപ്പം ഒക്ടോബറില്‍ അഞ്ചു മാസത്തിന് ശേഷം ആദ്യമായി താഴ്ന്നിരുന്നു. നവംബറില്‍ അവതരിപ്പിച്ച റീവ്സിന്റെ ബജറ്റും വിലക്കയറ്റം കുറയാന്‍ കാരണമായി