ലണ്ടന്‍: 2018ന് ശേഷം ആദ്യമായി ഇംഗ്ലീഷ് ചാനല്‍ വഴി അനധികൃത കുടിയേറ്റക്കാരുടെ ചെറുവള്ളങ്ങള്‍ യുകെയില്‍ എത്താത്ത ഏറ്റവും ദൈര്‍ഘ്യമേറിയ ഇടവേള രേഖപ്പെടുത്തി. നവംബര്‍ 14 മുതല്‍ ഡിസംബര്‍ 12 വരെയുള്ള 28 ദിവസങ്ങളില്‍ ഒരു ബോട്ടും യുകെ തീരത്തെത്തിയില്ലെന്ന് ഹോം ഓഫിസ് കണക്കുകള്‍ വ്യക്തമാക്കുന്നു.
എന്നാല്‍ ശനിയാഴ്ച രാവിലെ അതിര്‍ത്തി സുരക്ഷാ സേനയുടെ നിരീക്ഷണ കപ്പലുകള്‍ ചാനലില്‍ സജീവമായപ്പോള്‍ രണ്ട് ബോട്ടുകളില്‍ നിന്നായി 160ഓളം അഭയാര്‍ഥികളെ രക്ഷപ്പെടുത്തുകയും, ഇടവേള അവസാനിക്കുകയും ചെയ്തു.
വര്‍ഷാവസാനത്തോടടുത്തപ്പോള്‍ പോലും റെക്കോര്‍ഡ് സംഖ്യയില്‍ കുടിയേറ്റക്കാരാണ് എത്തിയത്. 2025ല്‍ ഇതുവരെ 39,292 പേര്‍ ചെറുവള്ളങ്ങളില്‍ യുകെയില്‍ എത്തിയിട്ടുണ്ട്. 2022ല്‍ 45,774 പേര്‍ എത്തിയതാണ് നിലവിലെ റെക്കോര്‍ഡ്.
ഡിസംബര്‍ മാസത്തില്‍ മോശം കാലാവസ്ഥ, കുറഞ്ഞ താപനില, കാഴ്ചാപരിധിയിലെ കുറവ് എന്നിവ കാരണം ഇത്തരം യാത്രകള്‍ സാധാരണയായി കുറവാണെന്ന് അധികൃതര്‍ പറയുന്നു. എന്നാല്‍ 2024 ഡിസംബറില്‍ 3,254 പേര്‍ എത്തിയിരുന്നു, അത് ആ മാസത്തെ റെക്കോര്‍ഡാണ്.
യൂറോപ്യന്‍ കണ്‍വന്‍ഷന്‍ ഓണ്‍ ഹ്യൂമന്‍ റൈറ്റ്‌സ് (ECHR) പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ഡെപ്യൂട്ടി പ്രധാനമന്ത്രി ഡേവിഡ് ലാമി മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലെ മന്ത്രിമാരുമായി ഈ ആഴ്ച ചര്‍ച്ചകള്‍ നടത്തി. കുടിയേറ്റം യുകെ രാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചാവിഷയമായ സാഹചര്യത്തില്‍, ചാനല്‍ കടക്കുന്നത് തടയാന്‍ സര്‍ക്കാര്‍ ശ്രമങ്ങള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. എന്നാല്‍ നിലവിലെ നടപടികളുടെ ഫലം അടുത്ത വര്‍ഷത്തോടെ മാത്രമേ പ്രതിഫലിക്കൂ എന്നാണ് ഹോം ഓഫിസ് വ്യക്തമാക്കുന്നത്