ലണ്ടന്‍: അടുത്ത ആഴ്ച ആസൂത്രണം ചെയ്തിരിക്കുന്ന പണിമുടക്കുകളുമായി മുന്നോട്ട് പോകരുതെന്ന് റസിഡന്റ് ഡോക്ടര്‍മാരോട് അഭ്യര്‍ത്ഥിച്ച് ലേബര്‍ നേതാവ് സര്‍ കെയര്‍ സ്റ്റാര്‍മര്‍. ഇംഗ്ലണ്ടില്‍ ഫ്‌ലൂ വ്യാപകമായി പടര്‍ന്നുപിടിക്കുന്ന സമയത്ത് സമരം നടത്തുന്നത് ''തികഞ്ഞ അധാര്‍മ്മികത'' ആണെന്ന് അദ്ദേഹം പറഞ്ഞു.
യുകെയിലുടനീളം കുതിച്ചുയരുന്ന പനി കേസുകള്‍ കാരണം കൊറോണ വൈറസ് പാന്‍ഡെമിക്കിന് ശേഷമുള്ള ഏറ്റവും അപകടകരമായ സാഹചര്യത്തിലാണ് എന്‍എച്ച്എസ് ഉള്ളതെന്നും, പണിമുടക്കുകള്‍ ആരോഗ്യസംരക്ഷണ സംവിധാനത്തെയും രോഗികളെയും ''ഗുരുതരമായ അപകടത്തിലേക്ക്'' തള്ളിവിടുമെന്നും പ്രധാനമന്ത്രി മുന്നറിയിപ്പ് നല്‍കി.
ഡോക്ടര്‍മാരുടെ യൂണിയനായ ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ (ബിഎംഎ) സര്‍ക്കാരിന്റെ പുതിയ ഓഫറില്‍ വാക്ക്ഔട്ട് പിന്‍വലിക്കണമോ എന്ന കാര്യത്തില്‍ അംഗങ്ങളില്‍ അഭിപ്രായ സര്‍വേ നടത്തുകയാണ്. ഫലങ്ങള്‍ തിങ്കളാഴ്ച പുറത്തുവരും.
അവര്‍ ഓഫറിനെതിരെ വോട്ട് ചെയ്താല്‍, ഡിസംബര്‍ 17 ബുധനാഴ്ച മുതല്‍ റസിഡന്റ് ഡോക്ടര്‍മാരുടെ അഞ്ചുദിവസത്തെ പണിമുടക്ക് ആരംഭിക്കും.
''ശമ്പളം, ജോലി വ്യവസ്ഥകള്‍, വിശ്വാസ്യത എന്നിവ കൈകാര്യം ചെയ്യുന്ന വിശ്വസനീയമായ ഓഫര്‍ നല്‍കി സര്‍ക്കാരിന് സമരം അവസാനിപ്പിക്കാനാകും,'' ബിഎംഎ വക്താവ് വ്യക്തമാക്കി