ലണ്ടന്‍: യുകെയിലെ വീട് വില അടുത്ത വര്‍ഷം 4 ശതമാനം വരെ ഉയരുമെന്നാണ് വായ്പാദാതാവായ നേഷന്‍വൈഡ് പ്രവചിക്കുന്നത്. വിലയില്‍ 2 മുതല്‍ 4 ശതമാനം വരെ വര്‍ധനവുണ്ടാകുമെന്നാണ് നേഷന്‍വൈഡ് ബില്‍ഡിംഗ് സൊസൈറ്റിയിലെ ചീഫ് ഇക്കണോമിസ്റ്റ് റോബര്‍ട്ട് ഗാര്‍ഡനര്‍ വ്യക്തമാക്കിയത്. രാജ്യത്തെ തെക്കന്‍ മേഖലയും വടക്കന്‍ മേഖലയും തമ്മിലുള്ള വില വ്യത്യാസം ഈ വര്‍ഷം കുറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഹാലിഫാക്‌സ് വായ്പാദാതാവ് അടുത്ത വര്‍ഷം 1 മുതല്‍ 3 ശതമാനം വരെ വീട് വില വര്‍ധിക്കുമെന്നാണ് പ്രവചിക്കുന്നത്. വേതന വര്‍ധനവിനെ തുടര്‍ന്ന് ആദ്യ വീട് വാങ്ങാനായി മോര്‍ട്ട്ഗേജ് എടുക്കുന്നവരുടെ എണ്ണം കാര്യമായി വര്‍ധിച്ചിട്ടുണ്ടെന്നും ഇവര്‍ പറയുന്നു. മോര്‍ട്ട്ഗേജ് വിപണിയില്‍ മാറ്റങ്ങള്‍ കൊണ്ടുവരുന്നതിനുള്ള നടപടികളുടെ ഭാഗമായി ഫിനാന്‍സ് കണ്ടക്റ്റ് ഏജന്‍സി (FCA) 2026 മാര്‍ച്ചില്‍ കണ്‍സള്‍ട്ടേഷന്‍ ആരംഭിക്കുമെന്ന് അറിയിച്ചു. മോര്‍ട്ട്ഗേജ് പ്രക്രിയ കൂടുതല്‍ ലളിതമാക്കുക എന്നതാണ് ലക്ഷ്യം.
വിവിധ റിപ്പോര്‍ട്ടുകള്‍ പ്രകാരം ആദ്യ വീട് വാങ്ങുന്നവര്‍ എടുക്കുന്ന മോര്‍ട്ട്ഗേജ് തുകയിലും വര്‍ധനവുണ്ടായി. സെപ്റ്റംബര്‍ വരെയുള്ള കണക്കനുസരിച്ച്, ശരാശരി മോര്‍ട്ട്ഗേജ് 2,10,800 പൗണ്ടാണ്. ഇത് റെക്കോര്‍ഡ് വര്‍ധനവാണെന്ന് പ്രോപ്പര്‍ട്ടി ഏജന്റായ സാവില്‍സ് വ്യക്തമാക്കുന്നു. കഴിഞ്ഞ 12 മാസത്തിനിടെ ഗൃഹ വിപണിയില്‍ ചെലവഴിച്ച തുകയില്‍ 20 ശതമാനവും ആദ്യ വീട് വാങ്ങുന്നവരുടേതായിരുന്നു. 2007ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.
ലണ്ടന്‍ പോലുള്ള നഗരങ്ങളില്‍ മൊത്തം വിപണിയുടെയും പകുതിയിലേറെ ആദ്യ വീട് വാങ്ങുന്നവരാണ് കൈവശപ്പെടുത്തിയതെന്ന് ഹാംപ്ടണ്‍സ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഈ കാലയളവില്‍ 3,90,000 പേര്‍ക്ക് വേണ്ടി മോര്‍ട്ട്ഗേജ് ലെന്‍ഡര്‍മാര്‍ 82.8 ബില്ല്യണ്‍ പൗണ്ട് ലോണ്‍ നല്‍കിയതായി സാവില്‍സ് പറയുന്നു. മുന്‍ വര്‍ഷത്തേക്കാള്‍ 30 ശതമാനം വര്‍ധനയാണ് ഇത്.
പരമ്പരാഗത രീതിയില്‍ ഫ്‌ലാറ്റുകള്‍ക്ക് പകരം വീടുകള്‍ വാങ്ങുന്നതാണ് മോര്‍ട്ട്ഗേജിന്റെ വലുപ്പം കൂട്ടുന്നതെന്ന് വിദഗ്ധര്‍ പറയുന്നു. ആദ്യ വീട് വാങ്ങുന്നവരുടെ ശരാശരി പ്രായം ഇപ്പോള്‍ 34 വയസ്സാണ്. ഇവരില്‍ 31 ശതമാനം പേര്‍ക്കും കുട്ടികളുണ്ട്.
വര്‍ഷം അവസാനിക്കുമ്പോള്‍ ബ്രിട്ടനിലെ ശരാശരി ചോദിക്കുന്ന വില 2024-നെ അപേക്ഷിച്ച് 2059 പൗണ്ട് കുറഞ്ഞതായി റൈറ്റ്മൂവ് വ്യക്തമാക്കുന്നു. ഡിസംബറിലെ ശരാശരി ചോദിക്കുന്ന വില 358,138 പൗണ്ടാണ്