ലണ്ടന്‍: യുകെയിലെ തൊഴിലില്ലായ്മ നിരക്ക് അഞ്ച് വര്‍ഷത്തിനിടയിലെ ഉയര്‍ന്ന നിലയിലെത്തി. ഒക്ടോബര്‍ വരെ മൂന്ന് മാസങ്ങളില്‍ തൊഴിലില്ലായ്മ 5.1 ശതമാനമായി ഉയര്‍ന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു. തൊഴില്‍ വിപണി കൂടുതല്‍ ദുര്‍ബലമാകുന്നതിന്റെ സൂചനയാണ് ഇതെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു.
2021-ലെ ഉയര്‍ന്ന നിരക്കിന് ശേഷമുള്ള കണക്കുകളാണെങ്കിലും, അന്ന് മഹാമാരിയുടെ ആഘാതം വലിയ പങ്കുവഹിച്ചു. ഇതുമായി താരതമ്യം ചെയ്യുമ്പോള്‍ 2016-ലെ ആദ്യ പാദത്തിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്കാണ് ഇക്കുറി രേഖപ്പെടുത്തിയത്.
ഒക്ടോബര്‍ വരെ മൂന്ന് മാസങ്ങളില്‍ 18 മുതല്‍ 24 വയസ്സ് വരെയുള്ള 85,000 പേര്‍ കൂടി തൊഴിലില്ലാത്തവരായി പട്ടികയില്‍ ചേര്‍ന്നു. എന്നാല്‍ ഇതിന് മറുവശമായി, ബാങ്ക് ഓഫ് ഇംഗ്ലണ്ട് തൊഴിലില്ലായ്മയും വരുമാന വളര്‍ച്ചയും വിലയിരുത്തി പലിശ നിരക്ക് കുറയ്ക്കാനുള്ള സാധ്യത പരിശോധിക്കുമെന്നാണ് സൂചന. വ്യാഴാഴ്ചയാണ് മോണിറ്ററി പോളിസി കമ്മിറ്റി യോഗം ചേരുന്നത്.
ഗവണ്‍മെന്റിന്റെ തൊഴില്‍ നയങ്ങളാണ് ഈ അവസ്ഥയ്ക്ക് കാരണമെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡയറക്ടേഴ്സിലെ അലക്സ് ഹാള്‍ ചെന്‍ അഭിപ്രായപ്പെട്ടു. എംപ്ലോയ്മെന്റ് റൈറ്റ്സ് ബില്‍, എംപ്ലോയര്‍ നാഷണല്‍ ഇന്‍ഷുറന്‍സ് വര്‍ദ്ധന, പണപ്പെരുപ്പത്തിന് മുകളിലുള്ള നാഷണല്‍ ലിവിംഗ് വേജ് വര്‍ദ്ധന എന്നിവയെല്ലാം ചേര്‍ന്നാണ് തൊഴിലില്ലായ്മയില്‍ പ്രതിഫലിക്കുന്നതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.
ക്രിസ്മസിന് മുന്നോടിയായി ജോലി നഷ്ടമാകുന്നത് ക്രൂരതയാണെന്ന് ഷാഡോ വെല്‍ഫെയര്‍ സെക്രട്ടറി ഹെലെന്‍ വാറ്റ്ലി പ്രതികരിച്ചു. ലേബര്‍ സര്‍ക്കാരിന്റെ വളര്‍ച്ചയെ തകര്‍ക്കുന്ന നയങ്ങള്‍ പലര്‍ക്കും ഈ ക്രിസ്മസില്‍ ദുഃഖകരമായ അനുഭവമായി മാറുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു