Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 02nd May 2024
 
 
ആരോഗ്യം
  Add your Comment comment
ഇരുന്നുള്ള ജോലി നടുവേദന: രാത്രി ഉറക്കം വരാതെ ക്ഷീണം: ജാഗ്രത വേണം
Reporter
അടുത്ത കാലത്തായി നടുവേദനയുള്ളവരുടെ എണ്ണം കൂടാനുള്ള പ്രധാന കാരണം കംപ്യൂട്ടര്‍ തുടങ്ങിയ ഉപകരണങ്ങള്‍ക്കു മുന്നിലുള്ള അമിതമായ ഇരിപ്പും വ്യായാമത്തിന്റെ കുറവും തന്നെയാണ്.

ഒരാളുടെ ജീവിത കാലയളവില്‍ നടുവേദന വരാനുള്ള സാധ്യത 85% ആണ്. അതായത് 85% ആളുകള്‍ക്കും ജീവിതത്തിന്റെ ഏതെങ്കിലും ഒരു ഘട്ടത്തില്‍ നടുവേദന അനുഭവപ്പെടാം. അതില്‍ തന്നെ 20 ശതമാനത്തിന്, ഇത് മൂന്നുമാസത്തിലധികം നീണ്ടു നില്ക്കുന്ന (ക്രോണിക് ) നടുവേദനയായി പരിണമിക്കാറുണ്ട്. 35- 55 പ്രായത്തില്‍ പെട്ടവര്‍ക്കാണ് നടുവേദന ഏറ്റവും കൂടുതലായി കാണുന്നത്. ഈ പ്രായത്തില്‍ ജോലിക്ക് പോകാന്‍ കഴിയാത്തതിന് തടസ്സമാകുന്ന പ്രധാന കാരണങ്ങളിലൊന്നാണ് നടുവേദന.
നടുവേദനയില്‍ 85- 90 ശതമാനവും നമ്മുടെ ജോലി, വ്യായാമക്കുറവ്, അമിതവണ്ണവുമായി ബന്ധപ്പെട്ട അസുഖങ്ങള്‍ എന്നിവയാല്‍ ഉണ്ടാകുന്നതാണ്. ശേഷിക്കുന്നവരിലെ നടുവേദനയ്ക്ക് അണുബാധ, സന്ധിരോഗം പോലുള്ള മറ്റ് അസുഖങ്ങളും കാരണമാകാം.

മൂന്നു മാസത്തിലധികം നില്ക്കുന്ന നടുവേദനയാണ് ക്രോണിക് ലോ ബാക്ക് ഏയ്ക്ക് (Chronic low back ache) എന്നു പറയുന്നത്. ജീവിതശൈലിമുതല്‍ പല കാരണങ്ങള്‍ കൊണ്ടും ഇത് വരാറുണ്ട്. പെട്ടെന്നുണ്ടാകുന്ന നടുവേദന (Acute Low Back Ache) കൃത്യസമയത്ത് ചികിത്സിക്കാതെയിരിക്കുന്നതാണ് ഒരു സാധാരണ കാരണം. അപകടങ്ങളോ രോഗങ്ങളോ കാരണം കൂടുതല്‍ കാലം വിശ്രമം എടുക്കുന്നതു കൊണ്ടും വരാം.

മാത്രമല്ല പെട്ടെന്നുണ്ടാകുന്ന നടുവേദനയ്ക്കു ശേഷം ചെയ്യേണ്ട വ്യായാമം ഉള്‍പ്പെടെയുള്ള പുനരധിവാസ ചികിത്സ ചെയ്യാത്തതിനാലും ക്രോണിക് നടുവേദന വരാം. ജോലിയുടെ സ്വഭാവത്തിന് അനുസരിച്ച് ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ (Ergonomics) അതായത് കംപ്യൂട്ടര്‍ തുടങ്ങിയവ ഉപയോഗിക്കുന്നവര്‍ക്കും നടുവേദനയുണ്ടാകാം. അതുപോലെ സന്ധിവേദനയും മറ്റസുഖങ്ങളും നടുവേദനയ്ക്കു കാരണമാകാറുണ്ട്.

പെട്ടെന്ന് ഉണ്ടാകുന്ന നടുവേദനയുടെ കാരണങ്ങള്‍ പലതാണ്. പേശികള്‍ക്കുണ്ടാകുന്ന ക്ഷതങ്ങള്‍, മസില്‍ സ്‌പ്രെയ്ന്‍ (ഉളുക്ക് ), ഡിസ്‌കിനുണ്ടാവുന്ന പ്രശ്‌നങ്ങള്‍, വൃക്കരോഗങ്ങള്‍, മൂത്രത്തില്‍ കല്ല് ഉണ്ടാവുക, കുടലുമായി ബന്ധപ്പെട്ട അസുഖങ്ങള്‍, ഗര്‍ഭപാത്രത്തിലെ
പ്രശ്‌നങ്ങള്‍ ഇവയൊക്കെ നടുവേദനയ്ക്കു കാരണമാകാറുണ്ട്.

പെട്ടെന്നുണ്ടാകുന്ന ഈ അക്യൂട്ട് ലോ ബാക്ക് പെയ്ന്‍ ഉള്ള രോഗികള്‍ക്ക്, ഡോക്ടറുടെ നിര്‍ദേശ പ്രകാരം മരുന്നുകള്‍ കഴിച്ചും വീട്ടില്‍ വിശ്രമിച്ചും മാറ്റിയെടുക്കാം. എന്നാല്‍ ചില അപകട സൂചനകള്‍ (Red flag signs) ഉള്ളവരെ, വിശദമായ പരിശോധനകള്‍ക്കും ടെസ്റ്റുകള്‍ക്കും വിധേയാക്കേണ്ടതുണ്ട്.

നടുവേദനയിലെ അപായ സൂചനകള്‍ കണ്ടാല്‍ ഉടന്‍ തന്നെ വിദഗ്ധ ചികിത്സ തേടണം. അത്തരത്തിലുള്ള സൂചനകള്‍: 20 വയസില്‍ താഴെയുള്ളവര്‍ക്കോ 55 വയസിന് മേലുള്ളവര്‍ക്കോ ആദ്യമായി അനുഭവപ്പെടുന്ന നടുവേദന. നടുവേദന കാലിലേക്കു പടര്‍ന്നു വരുന്ന അവസ്ഥയോ, കാലില്‍ തരിപ്പ്; ബലക്കുറവ് എന്നിവയോ ഉണ്ടാകുന്നതായി കണ്ടാല്‍. നടുവേദനയ്ക്ക് ഒപ്പം മൂത്രവും മലവും പോകാനുള്ള പ്രയാസം അല്ലെങ്കില്‍ വിസര്‍ജ്യങ്ങള്‍ നിയന്ത്രണം ഇല്ലാതെ പോകുക. നന്നായി വിശ്രമിച്ചിട്ടും ഒട്ടും സമാധാനം കിട്ടാത്ത വേദന, രാത്രിയില്‍ വേദനയോടു കൂടി ഉണരല്‍. കാന്‍സര്‍ രോഗികളില്‍ വരുന്ന നടുവേദന. നടുവേദനയോടൊപ്പം പനിയുണ്ടാകുക, അല്ലെങ്കില്‍ ശരീരഭാരം പെട്ടെന്നു കുറയുക. അധിക ഡോസില്‍ ഉള്ള സ്റ്റിറോയ്ഡ് മരുന്നുകള്‍ ദീര്‍ഘകാലമായി ഉപയോഗിക്കേണ്ടിവരുന്നവരില്‍ വരുന്ന നടുവേദന. മയക്കുമരുന്നുകള്‍ ഉപയോഗിക്കുന്നവര്‍ക്ക്, എയ്ഡ്‌സ് രോഗികള്‍, അവയവ മാറ്റത്തിനു വിധേയരായ ഇമ്യൂണോസപ്രസന്റ് മരുന്നുകള്‍ എടുക്കുന്നവര്‍ തുടങ്ങിയവരില്‍ വരുന്ന നടുവേദന.
 
Other News in this category

 
 




 
Close Window