Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 28th Apr 2024
 
 
സിനിമ പ്ലസ്
  Add your Comment comment
എ-ലെവല്‍ ഗ്രേഡുകളില്‍ റെക്കോര്‍ഡ് ഇടിവ്, 60,000 കൗമാരക്കാര്‍ യൂണിവേഴ്‌സിറ്റി സീറ്റ് പിടിക്കാന്‍ നെട്ടോട്ടം ഓടണം
reporter

ലണ്ടന്‍: പരീക്ഷകള്‍ ഒരര്‍ത്ഥത്തില്‍ പരീക്ഷണങ്ങളാണ്. വിജയിച്ച് കയറിയവര്‍ക്ക് ആഘോഷത്തിന്റെ നിമിഷങ്ങളും, പരീക്ഷണത്തില്‍ തോറ്റവര്‍ക്ക് നിരാശയുടെ പടുകുഴിയുമാണ് പരീക്ഷകള്‍ സമ്മാനിക്കുക. ബ്രിട്ടന്റെ എ-ലെവല്‍ ഫലങ്ങള്‍ പുറത്തുവന്നപ്പോള്‍ കാഴ്ച ഇതിന് സമാനമാണ്. ഗ്രേഡുകളില്‍ റെക്കോര്‍ഡ് ഇടിവ് രേഖപ്പെടുത്തിയതോടെ ആയിരക്കണിക്കിന് എ-ലെവല്‍ വിദ്യാര്‍ത്ഥികള്‍ യൂണിവേഴ്സിറ്റി സീറ്റ് ഉറപ്പിക്കാന്‍ കഴിയുമോയെന്ന് ആശങ്കയിലായി. ഗ്രേഡുകളുടെ പെരുപ്പം വെട്ടിക്കുറയ്ക്കാന്‍ അധികൃതര്‍ വടിയെടുത്തതോടെയാണ് 61,000-ഓളം കൗമാരക്കാര്‍ക്ക് യുകെയില്‍ ഡിഗ്രി കോഴ്സ് പഠനം മറ്റൊരു പരീക്ഷണമായി മാറിയത്. ഒരു ദശകത്തിനിടെ ഏറ്റവും ഉയര്‍ന്ന തോതാണ് ഇത്. തെരഞ്ഞെടുത്ത യൂണിവേഴ്സിറ്റിയില്‍ സ്ഥാനം ലഭിക്കാന്‍ പര്യാപ്തമായ തോതില്‍ ഗ്രേഡുകള്‍ നേടാന്‍ കഴിയാതെ പോയിരിക്കുന്നത് 19,000 അപേക്ഷകരാണ്. ബാക്കിയുള്ളവര്‍ക്ക് മറ്റൊരു കോഴ്സ് തെരഞ്ഞെടുക്കുകയോ, ഏത് കോഴ്സ് പഠിക്കാന്‍ കഴിയുമെന്ന് ഉറപ്പാക്കാന്‍ കഴിയാത്തവരോ ആണ്.

2022-ലെ ഫലങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഏകദേശം 73,000 എ*, എ ഗ്രേഡുകളുടെ കുറവാണ് ഇക്കുറിയുള്ളത്. എ* മുതല്‍ ഇ വരെ ഗ്രേഡുകള്‍ നേടി വിജയിച്ചവരുടെ ആകെ വിജയശതമാനം 97.3 ശതമാനത്തിലേക്ക് താഴ്ന്നു. 2008ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്. കൊവിഡ് മഹാമാരിക്ക് മുന്‍പുള്ള നിലയിലേക്ക് ഗ്രേഡുകള്‍ എത്തിക്കാനുള്ള ശ്രമങ്ങളാണ് ഇതില്‍ കലാശിച്ചത്. ഇംഗ്ലണ്ടില്‍ കേവലം 3820 വിദ്യാര്‍ത്ഥികള്‍ക്കാണ് മൂന്ന് എ*-കള്‍ ലഭിച്ചത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 5000 പേരുടെ കുറവ്. 27.2 ശതമാനം എന്‍ട്രികള്‍ക്കും എ അല്ലെങ്കില്‍ എ* ലഭിച്ചു. 2022-ല്‍ ഇത് 36.4 ശതമാനമായിരുന്നു. മാര്‍ക്കുകളുടെ കാര്യത്തില്‍ പിന്നിലായി പോകുന്ന പതിവ് ആണ്‍കുട്ടികള്‍ ഇക്കുറിയും തിരുത്തി. ടോപ്പ് എ-ലെവലില്‍ 9.1 ശതമാനം ആണ്‍കുട്ടികള്‍ ഒരു എ* എങ്കിലും ലഭിച്ചപ്പോള്‍ പെണ്‍കുട്ടികളില്‍ ഇത് 8.8 ശതമാനമാണ്.

ഇതിനിടെ മലയാളി വിദ്യാര്‍ത്ഥികള്‍ തിളക്കമാര്‍ന്ന വിജയമാണ് കരസ്ഥമാക്കിയത് .ബ്രിസ്റ്റോള്‍ ബ്രാഡ്ലി സ്റ്റോക്കില്‍ താമസിക്കുന്ന കുറുപ്പന്തറ സ്വദേശികളായ ബിജു , സോളി ദമ്പതികളുടെ ഇളയ മകള്‍ സമാന്ത ബിജുവാണ്. മാത്തമാറ്റിക്സിനും , ബിയോളജിക്കും എ സ്റ്റാറും , കെമിസ്ട്രിക്ക് എ യും കരസ്ഥമാക്കി ഉന്നതവിജയം നേടി കാര്‍ഡിഫ് യൂണിവേഴ്സിറ്റിയില്‍ മെഡിസിന്‍ പ്രവേശനത്തിന് യോഗ്യത നേടിയിരിക്കുന്നത്. പഠനത്തില്‍ മിടുക്കനായി എ ലെവലിലും പഠിച്ച നാലു വിഷയങ്ങള്‍ക്കും എ സ്റ്റാറുകള്‍ നേടി 100 ശതമാനം വിജയം ആവര്‍ത്തിച്ചിരിക്കുകയാണ് ഐയ്ല്‍സ്ബറിയിലെ ടോറി അലോഷ്യസ്. ബയോളജി, കെമിസ്ട്രി, മാത്തമാറ്റിക്സ്, ഫിസിക്സ് എന്നീ വിഷയങ്ങള്‍ക്കാണ് ടോണി എ സ്റ്റാറുകള്‍ നേടിയത്. മാത്രമല്ല, ലണ്ടന്‍ ഇംപീരിയല്‍ കോളേജില്‍ മെഡിസിന് അഡ്മിഷനും ടോണിയെ തേടി എത്തിക്കഴിഞ്ഞു. ചേച്ചിയും ഇതേ കോളജ് വിദ്യാര്‍ത്ഥിനിയാണ്.

2019, 2020 വര്‍ഷങ്ങളില്‍ യുക്മ നാഷണല്‍ കലാമേളയില്‍ കലാപ്രതിഭയായിരുന്നു ടോണി. സിനിമാറ്റിക് ഡാന്‍സ്, നാടോടി നൃത്തം, പ്രസംഗം (ഇംഗ്ലീഷ്) എന്നിവയിലെല്ലാം ഒന്നാം സ്ഥാനം നേടിയാണ് ടോണി കലാപ്രതിഭയായത്. കഴിഞ്ഞ ഏഴു വര്‍ഷമായി ഹിപ് ഹോപ്പും ബോളിവുഡ് ഡാന്‍സും പഠിച്ചു വരികയാണ്. 2019ലെ ടീന്‍ സ്റ്റാറില്‍ ലണ്ടന്‍ ഏരിയ ഫൈനലിസ്റ്റും 2020ലെ യുകെഎംടി സീനിയര്‍ മാത്തമാറ്റിക്കല്‍ ചലഞ്ചില്‍ ഗോള്‍ഡ് സര്‍ട്ടിഫിക്കറ്റും നേടിയിട്ടുണ്ട്.

പിയാനോയില്‍ ഗ്രേഡ് 6, ഡ്രംസില്‍ ഗ്രേഡ് 5, കരാട്ടെയില്‍ ബ്രൗണ്‍ ബെല്‍റ്റ്, ലോക്കല്‍ ക്ലബിലും 10 വര്‍ഷമായി സ്‌കൂളില്‍ ഫുട്ബോള്‍ കളിക്കുകയും ചെയ്യുന്നു.

18 വര്‍ഷമായി യുകെയിലാണ് താമസം. തിരുവനന്തപുരം വഴുതക്കാട് സ്വദേശിയും ലണ്ടന്‍ ലോയ്ഡ്സ് ബാങ്കില്‍ ഐടി കണ്‍സള്‍ട്ടന്റുമായ പിതാവ് അലോഷ്യസ് ഗബ്രിയേല്‍ ലൂട്ടനിലെ കലാസാംസ്‌കാരിക പ്രവര്‍ത്തനങ്ങളിലെല്ലാം സജീവമാണ്. ലൂട്ടന്‍ കേരളൈറ്റ്സ് അസോസിയേഷന്‍ പ്രസിഡന്റും യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയണ്‍ കലാമേള കോര്‍ജിനേറ്ററുമാണ് അലോഷ്യസ്. ലണ്ടന്‍ എയര്‍കോളില്‍ ഐടി കണ്‍സള്‍ട്ടന്റാണ് മാതാവ് ജിജി അലോഷ്യസ്.

നാലു വിഷയങ്ങള്‍ക്കും എ സ്റ്റാറുകള്‍ നേടിയാണ് ക്രോയിഡോണിലെ തരുണ്‍ നായര്‍ മാത്തമാറ്റിക്സില്‍ ഗ്രാജുവേഷന്‍ നടത്താന്‍ ലണ്ടന്‍ ഇംപീരയലിലേക്ക് പോകാന്‍ തയ്യാറെടുക്കുന്നത്. കെമിസ്ട്രി, മാത്തമാറ്റിക്സ്, ഫര്‍തര്‍ മാത്തമാറ്റിക്സ്, ഫിസിക്സ് എന്നീ വിഷയങ്ങള്‍ക്കാണ് എ സ്റ്റാറുകള്‍ നേടിയത്. രാകേഷ് രവീന്ദ്രന്‍ നായര്‍ ലതാ ശ്രീവത്സന്‍ നായര്‍ എന്നീ ദമ്പതികളുടെ മകനാണ് തരുണ്‍ നായര്‍.

എ ലെവലിലും എല്ലാ വിഷയങ്ങള്‍ക്കും എ സ്റ്റാര്‍ എടുത്തു വീണ്ടും മികവ് തെളിയിച്ചിരിക്കുകയാണ് ലൂട്ടനിലെ ഹാരി മാത്യൂസ് ഡെറിക്.മാത്തമാറ്റിക്സ്, ഫര്‍തേര്‍ മാത്സ്, ഫിസിക്സ്, കമ്പ്യൂട്ടര്‍ സയന്‍സ് എന്നീ വിഷയങ്ങളില്‍ മികച്ച നേട്ടം സ്വന്തമാക്കി. ഒന്നാം വര്‍ഷം തന്നെ കെമിസ്ട്രി വിഷയം അധികവിഷയമായി തിരഞ്ഞെടുത്തുകൊണ്ട് അതിലും എ സ്റ്റാര്‍ കരസ്ഥമാക്കിയിരുന്നു.പഠനത്തോടൊപ്പം തന്നെ സംഗീതത്തെയും സ്നേഹിക്കുന്ന ഹാരി, ഇതിനിടയില്‍ പിയാനോയില്‍ ലെവല്‍ സിക്സും കരസ്ഥമാക്കിയിട്ടുണ്ട്. മെന്‍സയില്‍ അംഗത്വം നേടിയിട്ടുണ്ട്. കേംബ്രിഡ്ജില്‍ മാത്തമാറ്റിക്സിലും കമ്പ്യൂട്ടര്‍ സയന്‍സിലും ഉപരിപഠനം നടത്തുവാനുള്ള തയ്യാറെടുപ്പിലാണ്. ല്യൂട്ടന്‍ബൊറോ കൗണ്‍സിലില്‍ ചില്‍ഡ്രന്‍സ് സേഫ് ഗാര്‍ഡിങ്ങില്‍ സീനിയര്‍ മാനേജര്‍മാരായി സേവനം അനുഷ്ഠിക്കുന്ന ഡെറിക് മാത്യൂസ് പള്ളത്തിന്റെയും ടെസ്സി ഡെറിക്കിന്റെയും രണ്ടാമത്തെ മകനാണ് ഹാരി മാത്യൂസ് ഡെറിക്.

ലെസ്റ്ററിലെ ഇംഗ്ലീഷ് മാര്‍ട്ടിയേഴ്സ്സ് സ്‌കൂളില്‍ നിന്നും മാത്തമാറ്റിക്സ്, ഫിസിക്സ്, ജോഗ്രഫി എന്നീ വിഷയങ്ങളില്‍ മൂന്ന് എ സ്റ്റാറുകള്‍ കരസ്ഥമാക്കി മികച്ച വിജയം സ്വന്തമാക്കിയിരിക്കുകയാണ് ലിയോണ്‍ ജോര്‍ജ്.

യൂണിവേഴ്സിറ്റി ഓഫ് ഷെഫീല്‍ഡില്‍ നിന്നും മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങില്‍ മാസ്റ്റേഴ്സ് ബിരുദം കരസ്ഥമാക്കുക എന്നതാണ് ലക്ഷ്യം.

ലെസ്റ്ററില്‍ സ്ഥിരതാമാക്കിയ പാലാ വട്ടോത്ത് ജോര്‍ജ് തോമസിന്റെയും റോഷ്നിയുടെയും ഏകമകനാണ്. ഏക സഹോദരി ലോണ ജോര്‍ജ് അടുത്താഴ്ച പുറത്തു വരുന്ന ജിസിഎസ്ഇ ഫലത്തിനു വേണ്ടി കാത്തിരിക്കുകയാണ്. സൗത്തെന്‍ഡ് ഓണ്‍ സീയിലെ വെസ്റ്റ് ക്ലിഫ് ഗ്രാമര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിയായ ആവലീന്‍ ജയ്സണ്‍ മൂന്ന് എ സ്റ്റാറുകള്‍ നേടിയാണ് മികച്ച വിജയം സ്വന്തമാക്കിയത്. കിങ്സ് കോളേജ് ആണ് തുടര്‍ പഠനത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്. ലണ്ടന് സമീപമുള്ള സൗത്തെന്‍ഡ് ഓണ്‍ സീയില്‍ ഇരുപത് വര്‍ഷമായി താമസമാക്കിയിരിക്കുന്ന ജെയ്സണ്‍ ചാക്കോച്ചന്റേയും സുബി ദേവസ്യയുടെയും മകളാണ്. വെസ്റ്റ്ക്ലിഫ് ഗ്രാമര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ഐഡനും ആന്‍ഡ്രിനും സഹോദരങ്ങള്‍ ആണ്.

 
Other News in this category

 
 




 
Close Window