സിംഗപ്പൂര്‍: ആധുനിക സിംഗപ്പൂരിന്റെ ശില്‍പിയായ ലീ ക്വാന്‍ യൂവിന്റെ രണ്ടാമത്തെ മകനായ ലീ ഷിയന്‍ യാങ്ങിന് (67) ബ്രിട്ടന്‍ അഭയം നല്‍കി. ഇപ്പോള്‍ താനൊരു രാഷ്ട്രീയ അഭിയാര്‍ഥിയാണെന്ന് യാങ് പറഞ്ഞതോടെയാണ് ഇക്കാര്യം വെളിപ്പെട്ടത്. ബ്രിട്ടിഷ് കൊളോണിയല്‍ വാഴ്ചയ്ക്കു ശേഷം സിംഗപ്പൂരിനെ സാമ്പത്തിക ശക്തിയായി വളര്‍ത്തിയത് ആദ്യ പ്രധാനമന്ത്രിയായ ലീ ക്വാന്‍ യൂ ആണ്. 31 വര്‍ഷം സിംഗപ്പൂരിന്റെ പ്രധാനമന്ത്രിസ്ഥാനം വഹിച്ച അദ്ദേഹം 2015 ല്‍ അന്തരിച്ചു.
മുന്‍ പ്രധാനമന്ത്രി ലീ ഷിയന്‍ ലുങ്ങാണു ലീ ക്വാന്‍ യൂവിന്റെ മൂത്ത മകന്‍. സൈന്യത്തില്‍ ബ്രിഗേഡിയറായിരുന്ന ലുങ് 2 പതിറ്റാണ്ടോളം പ്രധാനമന്ത്രിയായി. മേയില്‍ സ്ഥാനമൊഴിഞ്ഞ ശേഷവും മന്ത്രിസഭയില്‍ തുടരുകയാണ്. ലുങ്ങുമായി യാങ്ങും സഹോദരി ലീ വെയ് ലിങ്ങും അകലത്തിലായിരുന്നു. ലീ വെയ് ലിങ് കഴിഞ്ഞ മാസം മരിച്ചു. പിതാവിന്റെ സ്വത്ത് സംബന്ധിച്ചുള്ള തര്‍ക്കമാണ് കാരണം. 2020 ല്‍ പൊതുതിരഞ്ഞെടുപ്പില്‍ ലുങ്ങിനെതിരെ യാങ് പ്രതിപക്ഷത്തോടൊപ്പം ചേര്‍ന്നിരുന്നു.