Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 29th Jun 2024
 
 
UK Special
  Add your Comment comment
ലോക കേരളസഭ സമ്മേളനത്തില്‍ സിഎ ജോസഫിന്റെ പ്രസംഗം വൈറലായി
reporter

ലണ്ടന്‍: ലോകത്തെ 103 രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസി മലയാളികള്‍ പങ്കെടുത്ത ലോക കേരളസഭ സമ്മേളനത്തിലെ പ്രസംഗങ്ങളില്‍ പലതും ഇപ്പോള്‍ വൈറലാണ്. അതില്‍ ഏറെ ശ്രദ്ധേയമായത് യുകെയില്‍ നിന്നും പങ്കെടുത്ത ലോക കേരളസഭ അംഗം സി.എ. ജോസഫിന്റെ പ്രസംഗമാണ്. മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ലോക കേരളസഭയുടെ യൂറോപ്പ് മേഖലാ സമ്മേളനത്തില്‍ പങ്കെടുത്തവരില്‍ മിക്കവരും ഇരട്ട പൗരത്വത്തിന്റെ ആവശ്യകത ശക്തമായി ഉന്നയിച്ചിരുന്നു. പ്രവാസി സംഘടനകളുടെ നിവേദനങ്ങളെ തുടര്‍ന്ന് 2005 ലാണ് സിറ്റിസണ്‍ഷിപ്പ് ആക്ട് അമന്‍ഡ് ചെയ്ത് ഒസിഐ സ്‌കീം കൊണ്ടുവന്നത്. ഒസിഐ കാര്‍ഡ് ഉടമകള്‍ക്ക് അനുവദിച്ചിരുന്ന ചില ആനുകൂല്യങ്ങള്‍ക്ക് 2024 മാര്‍ച്ച് നാലിന് പുറത്തിറക്കിയ ഒരു സര്‍ക്കുലറിലൂടെ കേന്ദ്ര ആഭ്യന്തരമന്ത്രാലയം കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഇത്തരത്തിലുള്ള പല നിയന്ത്രണങ്ങള്‍ കൊണ്ടുവരുമ്പോള്‍ മറ്റു രാജ്യങ്ങളിലെ പൗരത്വം സ്വീകരിച്ചിട്ടുള്ള ഇന്ത്യക്കാര്‍ ഇന്ത്യയില്‍ ഇന്‍വെസ്റ്റ് ചെയ്യുവാനും ബിസിനസ് സംരംഭങ്ങള്‍ ആരംഭിക്കുവാനും മടിക്കുമെന്നും ഇന്ത്യയിലേക്ക് അയക്കുന്ന പണത്തിന് ഗണ്യമായ കുറവ് സംഭവിക്കുമെന്നും അത് ഇന്ത്യക്ക് മൊത്തത്തിലും പ്രത്യേകിച്ച് കേരളത്തിന്റെയും സാമ്പത്തിക വളര്‍ച്ചയെയും സാരമായി ബാധിക്കുമെന്നും സി.എ. ജോസഫ് അഭിപ്രായപ്പെട്ടു.

ഒസിഐ കാര്‍ഡ് ഉടമകള്‍ക്കും ഇന്ത്യന്‍ പൗരന്മാര്‍ക്ക് ഉള്ളതുപോലെയുള്ള അവകാശങ്ങള്‍ നല്‍കണമെന്നും ഇപ്പോള്‍ കൊണ്ടുവന്നിട്ടുള്ള നിയന്ത്രണങ്ങള്‍ പുനപരിശോധിക്കുവാനായി കേരള ഗവണ്‍മെന്റ് ഇടപെടണമെന്നും സി.എ. ജോസഫ് യൂറോപ്പ് സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഇന്ത്യയുടെ അയല്‍ രാജ്യങ്ങളുള്‍പ്പെടെ 130തിലധികം രാജ്യങ്ങളില്‍ ഇരട്ട പൗരത്വം അനുവദിച്ചിട്ടുള്ളതാണെന്നും ഇന്ത്യയിലും ഇത് കൊണ്ടുവരികയാണെങ്കില്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ള വിദേശ ഇന്ത്യക്കാര്‍ക്ക് വലിയ തോതില്‍ നിക്ഷേപം നടത്തുവാനും വിവിധ മേഖലകളില്‍ ഇന്‍വെസ്റ്റ് ചെയ്യുവാനും വിദേശ ഇന്ത്യക്കാര്‍ കടന്നുവരുമെന്നും സി.എ. ജോസഫ് എടുത്തു പറഞ്ഞു. അതിനു വേണ്ടത് വിദേശ പൗരത്വം സ്വീകരിച്ചിട്ടുള്ളവര്‍ക്ക് വോട്ടവകാശവും തിരഞ്ഞെടുപ്പില്‍ മത്സരിക്കുവാനുള്ള അവസരങ്ങളും ഉള്‍പ്പെടെ എല്ലാ അവകാശങ്ങളും നല്കുകയെന്നുള്ളതാണ്.

യുകെ, അമേരിക്ക, കാനഡ, ജര്‍മനി, സ്വിറ്റ്‌സര്‍ലന്‍ഡ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്ക്കും കുടിയേറിയ ഇന്ത്യക്കാരില്‍ ബഹുഭൂരിപക്ഷവും അത്തരം രാജ്യങ്ങളിലെ പൗരത്വം എടുത്തിട്ടുള്ളവരാണ്. ഇപ്പോള്‍ താമസിക്കുന്ന രാജ്യത്ത് കുട്ടികളുടെ വിദ്യാഭ്യാസ സൗകര്യങ്ങള്‍ക്കും വീട് വാങ്ങുന്നതിനും മറ്റു രാജ്യങ്ങളിലേക്കുള്ള യാത്ര സൗകര്യങ്ങളുമൊക്കെ മുന്‍നിര്‍ത്തിയാണ് വിദേശരാജ്യങ്ങളില്‍ താമസിക്കുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാര്‍ വിദേശ പൗരത്വം സ്വീകരിച്ചിട്ടുള്ളത്. 2022 ജനുവരി 31 ന് പുറത്തുവന്ന കണക്കനുസരിച്ച് 40,68,000 ഇന്ത്യക്കാര്‍ക്ക് ഒസിഐ കാര്‍ഡ് ലഭ്യമായിട്ടുണ്ട് . ഇപ്പോള്‍ അത് പതിന്‍മടങ്ങായി വര്‍ധിച്ചിരിക്കുകയാണ്. അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ ഇപ്പോള്‍ ഉള്ളതിന്റെ ഇരട്ടിയിലധികം ആകുവാനുള്ള സാധ്യതയാണ് കണ്ടുവരുന്നത്. അതുകൊണ്ട് ശാശ്വത പരിഹാരം ഡ്യൂവല്‍ സിറ്റിസണ്‍ഷിപ്പ് അനുവദിക്കുക എന്നുള്ളതാണ്. ഇത്തവണത്തെ ലോക കേരളസഭ സമ്മേളനത്തിന്റെ സമാപന ദിവസം നടന്ന സമ്മേളനത്തില്‍ അമേരിക്കയില്‍ നിന്നുമെത്തിയ ഡോ. അനിരുദ്ധനും ഇതേ ആവശ്യങ്ങള്‍ ഉന്നയിച്ചിരുന്നു. ആറു മില്യനോളം ഇന്ത്യക്കാര്‍ അമേരിക്കന്‍ പൗരത്വം എടുത്തിട്ടുള്ളവരാണെന്നും അത്തരം ആളുകള്‍ക്കും ഇന്ത്യയില്‍ വോട്ടവകാശം ഉള്‍പ്പെടെയുള്ള അവകാശങ്ങള്‍ നല്‍കണമെന്നും ഡോ. അനിരുദ്ധനും ആവശ്യപ്പെടുകയുണ്ടായി.

എന്നാല്‍ തുടര്‍ന്ന് പ്രസംഗിച്ച രാജ്യസഭാംഗവും കൈരളി ടിവി മാനേജിങ് ഡയറക്ടറുമായ ജോണ്‍ ബ്രിട്ടാസ് തന്റെ പ്രസംഗത്തില്‍ ഡോ. അനുരുദ്ധനുമായുള്ള ബന്ധത്തെ മുന്‍നിര്‍ത്തി പറഞ്ഞത് ഇപ്രകാരമായിരുന്നു. 'അനിരുദ്ധന്‍ ചേട്ടനെപ്പോലെയുള്ളവര്‍ പ്രായമാകുമ്പോള്‍ ദൈവത്തിന്റെ സ്വന്തം നാടായ നമ്മുടെ കേരളത്തില്‍ വന്ന് നല്ല റിട്ടയര്‍മെന്റ് ഹോം നിര്‍മിച്ച് കേരളത്തില്‍ താമസിക്കണം' എന്നാണ്. ജോണ്‍ ബ്രിട്ടാസിന്റെ ഈ അഭിപ്രായത്തിന് മറുപടിയായിട്ട് സി.എ. ജോസഫ് തന്റെ പ്രസംഗത്തില്‍ പറഞ്ഞത് മമ്മൂട്ടിയുടെ പ്രായവും ദുല്‍ഖര്‍ സല്‍മാന്റെ മനസ്സുമായി തിരിച്ചു വരുന്ന പ്രവാസികളായ ഞങ്ങള്‍ വ്യത്യസ്ത മേഖലകളില്‍ നിന്നും ആര്‍ജിച്ചെടുത്ത അനുഭവങ്ങളും അറിവുകളും കേരളത്തിന്റെ പുരോഗതിക്കായി വിനിയോഗിക്കുവാനുള്ള അവസരം ഉണ്ടാക്കിത്തരണമെന്നുമാണ്.

മലയാളത്തിന്റെ അഭിമാനമായ മമ്മൂട്ടി സിനിമയില്‍ ഈ പ്രായത്തിലും വ്യത്യസ്തമായ വേഷങ്ങള്‍ ചെയ്ത് ആളുകളെ വിസ്മയിപ്പിച്ചു കൊണ്ടിരിക്കുന്നു. അനേക വര്‍ഷങ്ങള്‍ പ്രവാസിയായി ജീവിച്ച് തിരിച്ചു വരുന്നവരില്‍ കാര്യമായ സമ്പാദ്യമൊന്നും ഇല്ലാത്തവരും തുടര്‍ന്നും ജീവിക്കാനുള്ള ചെറിയ സമ്പാദ്യമുള്ളവരും ഉണ്ടാകാം. തിരിച്ചുവരുന്ന എല്ലാ പ്രവാസികള്‍ക്കും പ്രചോദനമാകുവാന്‍ വേണ്ടി മമ്മൂട്ടിയെയും ദുല്‍ഖര്‍ സല്‍മാനെയും കൂട്ടുപിടിച്ച് സി.എ. ജോസഫ് നടത്തിയ പ്രസംഗം സ്പീക്കര്‍ ഉള്‍പ്പെടെ വേദിയിലിരുന്ന എല്ലാവരെയും ചിരിപ്പിച്ചു. നിറഞ്ഞ കയ്യടിയോടെ സദസും ഏറ്റെടുത്തു. സമ്മേളനത്തിനു ശേഷം സി.എ. ജോസഫ് ജോണ്‍ ബ്രിട്ടാസ് എംപിയെ നേരില്‍ കാണുകയും ഒസിഐ കാര്‍ഡ് ഉടമകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടി രാജ്യസഭയില്‍ ശബ്ദമുയര്‍ത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. തന്റെ ഫോണ്‍ നമ്പര്‍ സി.എ. ജോസഫിന് നല്‍കി കൂടുതല്‍ വിശദാംശങ്ങള്‍ നല്‍കുവാന്‍ ആവശ്യപ്പെട്ട ജോണ്‍ ബ്രിട്ടാസ് രാജ്യസഭയില്‍ വിഷയം ഉന്നയിക്കുവാന്‍ പരിശ്രമിക്കുന്നതാണെന്ന് ഉറപ്പുനല്‍ക്കുകയും ചെയ്തു.

പതിനെട്ട് വര്‍ഷം സൗദി അറേബ്യയിലും ഇപ്പോള്‍ പതിനേഴ് വര്‍ഷത്തോളമായി യുകെയിലും ജീവിക്കുന്ന സി.എ. ജോസഫിന് ഗള്‍ഫ് ജീവിതത്തിന്റെയും യുകെ ജീവിതത്ത്തിന്റെയും വ്യത്യസ്തതയാര്‍ന്ന പല വിഷയങ്ങളും ലോക കേരളസഭയില്‍ അവതരിപ്പിക്കുവാന്‍ കഴിഞ്ഞു. മലയാളം മിഷന്‍ യുകെ ചാപ്റ്റര്‍ പ്രസിഡന്റും പ്രവാസി കേരള കോണ്‍ഗ്രസ് (എം) യുകെ സീനിയര്‍ ജനറല്‍ സെക്രട്ടറിയും ഗ്ലോബല്‍ പ്രതിനിധിയും യുക്മ സാംസ്‌കാരിക വേദി രക്ഷാധികാരിയും കഴിഞ്ഞ ഒക്ടോബറില്‍ ലണ്ടനില്‍ നടന്ന ലോക കേരളസഭ യുകെ -യൂറോപ്പ് മേഖലാ സമ്മേളനത്തിന്റെ ജോയിന്റ് കോര്‍ഡിനേറ്ററുമായിരുന്നു സി.എ. ജോസഫ്.

 
Other News in this category

 
 




 
Close Window