ബര്‍മിംഗ്ഹാം: ഇന്ത്യന്‍ വംശജനായ അമിത് ഘോഷിന് തന്റെ മുഖത്തിന്റെ അസാധാരണത്വം കാരണം ലണ്ടനിലെ ഒരു കഫേയില്‍ നിന്ന് ഭക്ഷണം പോലും ലഭിച്ചില്ലെന്ന് പരാതി. കഫേയിലുണ്ടായിരുന്ന എല്ലാവരും ഒരു പ്രേതത്തിനെ നോക്കും പോലെ തന്നെ നോക്കിയെന്ന് അമിത് പറഞ്ഞതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അമിതിനെ കണ്ടതും ഇവിടെ ഇനി സര്‍വ്വീസില്ലെന്ന് പറഞ്ഞ് ജീവനക്കാരി നടന്നകന്നെന്നും, എന്നാല്‍ അപ്പോഴും അവിടെ ആളുകള്‍ ഇരിക്കുന്നുണ്ടായിരുന്നുവെന്നും അമിത് പറഞ്ഞതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു.
അപൂര്‍വ ജനിതക രോഗമായ ന്യൂറോഫൈബ്രോമാറ്റോസിസ് ടൈപ്പ് 1 മായാണ് അമിത് ഘോഷ് ജനിച്ചത്. ഞരമ്പുകളില്‍ കാന്‍സര്‍ അല്ലാത്ത തരത്തിലുള്ള മുഴകള്‍ വളരുന്ന ഒരു അവസ്ഥയാണിത്. തന്റെ ജനിതക രോഗം കാരണം തനിക്കുണ്ടായ അനുഭവങ്ങളില്‍ നിന്നെല്ലാം പാഠം ഉള്‍ക്കൊണ്ട് കുട്ടികള്‍ക്ക് സ്‌കൂളുകളിലെത്തി പ്രചോദനം നല്‍കുകയാണ് അമിത്. തന്റെ അനുഭവങ്ങള്‍ 'ബോണ്‍ ഡിഫറന്റ്' എന്ന അദ്ദേഹത്തിന്റെ കുട്ടികളുടെ പുസ്തകത്തിലും ചേര്‍ത്തിട്ടുണ്ട്.
പതിനൊന്നാം വയസില്‍ തന്റെ ഇടത് കണ്ണ് അദ്ദേഹത്തിന് നീക്കം ചെയ്യേണ്ടി വന്നു. പിന്നീട് സ്‌കൂള്‍ കാലത്തെ ക്രിക്കറ്റ് കളി വരെ ജീവിതത്തില്‍ വഴിത്തിരിവായി. സമൂഹത്തിലെ കളിയാക്കലുകളെയെല്ലാം നേരിടാന്‍ ഭാര്യ പിയാലി ഒരുപാട് സഹായിച്ചുവെന്ന് അദ്ദേഹം പറയുന്നു. ഭാര്യയാണ് സോഷ്യല്‍ മീഡിയ അക്കൗണ്ട് തുടങ്ങാന്‍ പ്രചോദനമായത്. 2023 ന്റെ തുടക്കത്തില്‍ ആരംഭിച്ച ടിക് ടോക് ഇപ്പോള്‍ ഏകദേശം 200,000 ഫോളോവേഴ്സും ദശലക്ഷക്കണക്കിന് ലൈക്കുകളും നേടി. തന്റെ അനുഭവങ്ങള്‍ പങ്കുവെച്ച്, അമിത് കൂടുതല്‍ ആത്മവിശ്വാസം നേടിയെടുത്തു. ഇപ്പോള്‍ മുഴുവന്‍ സമയ മോട്ടിവേഷന്‍ സ്പീക്കറാണ് അമിത്.