ടെല്‍ അവീവ് :ഗാസയില്‍ ആക്രമണം തുടരുന്ന സാഹചര്യത്തില്‍ ഇസ്രയേലുമായുള്ള വ്യാപാര ചര്‍ച്ചകള്‍ മരവിപ്പിച്ച് ബ്രിട്ടന്‍. ഗാസയിലെ ആക്രമണം ഇസ്രയേല്‍ ഉടന്‍ അവസാനിപ്പിച്ചില്ലെങ്കില്‍ ശക്തമായ നടപടിയുണ്ടാവുമെന്ന് ബ്രിട്ടനും ഫ്രാന്‍സും കാനഡയും നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഗാസയിലെ സാഹചര്യം ഭീതിപ്പെടുത്തുന്നതാണെന്ന് പാര്‍ലമെന്റില്‍ വിശദമാക്കിയതിന് പിന്നാലെയാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ഇസ്രയേലുമായുള്ള വ്യാപാര ചര്‍ച്ചകള്‍ മരവിപ്പിച്ചത്. ഇസ്രയേല്‍ ആക്രമണത്തില്‍ താറുമാറായ ഗാസയില്‍ സഹായമെത്തിക്കാന്‍ അനുവദിക്കണമെന്ന് ഇസ്രയേലിനോട് ആഗോള രാജ്യങ്ങള്‍ ആവശ്യപ്പെട്ടിരുന്നു.
അടിയന്തര സഹായം ലഭ്യമാകാത്ത സാഹചര്യത്തില്‍ ഗാസയില്‍ 48 മണിക്കൂറിനുള്ളില്‍ 14000 കുട്ടികള്‍ മരിക്കുമെന്ന് യുഎന്‍ മുന്നറിയിപ്പിന് പിന്നാലെയായിരുന്നു ഇത്. പോഷകാഹാര കുറവും പട്ടിണിയിലും വലയുകയാണ് ഗാസയിലെ കുട്ടികളെന്നാണ് യുഎന്‍ വിശദമാക്കിയത്. ഗാസയില്‍ ഇന്നലെ ഒരുവിധ സഹായവും എത്തിക്കാന്‍ സാധിച്ചിട്ടില്ലെന്നാണ് യുഎന്‍ വക്താവ് സ്റ്റെഫാന്‍ ഡ്യുജാറിക് വിശദമാക്കിയത് എട്ട് മണിക്കൂറിലേറെയായി ട്രെക്കുകള്‍ നിര്‍ത്തിയിട്ടിരിക്കുകയാണെന്നാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിന് പിന്നാലെയാണ് യുദ്ധ കറുത്ത ഘട്ടത്തിലേക്ക് കടന്നതായി വിശദമാക്കിയ ശേഷമാണ് ബ്രിട്ടന്‍ വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമി ഇസ്രയേലുമായുള്ള വ്യാപാര ചര്‍ച്ച മരവിപ്പിച്ചതായി വിശദമാക്കിയത്.
ഇസ്രയേലുമായുള്ള വ്യാപാരക്കരാര്‍ പുനപരിശോധിക്കാന്‍ യൂറോപ്യന്‍ യൂണിയനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മനുഷ്യ ജീവനുകള്‍ രക്ഷിക്കുന്നതിനാണ് പ്രഥമ പരിഗണനയെന്നാണ് യൂറോപ്യന്‍ യൂണിയന്‍ വിശദമാക്കുന്നത്. സ്‌കൂളുകളും ആശുപത്രികളും രക്ഷാകേന്ദ്രങ്ങളും ഉള്‍പ്പെടെ ഗാസയിലെങ്ങും ഇസ്രയേല്‍ ഇന്നലെ നടത്തിയ ബോംബാക്രമണങ്ങളില്‍ 60 പലസ്തീന്‍കാര്‍ കൂടി കൊല്ലപ്പെട്ടതായാണ് അന്തര്‍ ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.മാര്‍ച്ച് 2 മുതല്‍ ഗാസയില്‍ സമ്പൂര്‍ണ ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുകയാണ് ഇസ്രയേല്‍. കഴിഞ്ഞ ദിവസം മുതല്‍ പരിമിതമായ അളവില്‍ ഭക്ഷ്യവസ്തുക്കളുടെ വിതരണം അനുവദിച്ചിട്ടുണ്ടെങ്കിലും തീര്‍ത്തും ഇത് അപര്യാപ്തമാണെന്ന് യുഎന്‍ ഏജന്‍സികള്‍ വിശദമാക്കുന്നത്.