ലണ്ടന്‍: ജോലി ചെയ്തിരുന്ന സ്ഥാപനത്തില്‍ നിന്നും ഒന്നരക്കോടിയിലേറെ രൂപ (166,000 പൗണ്ട്) തട്ടിയെടുത്ത ഇന്ത്യന്‍ യുവതിക്ക് രണ്ടുവര്‍ഷവും മൂന്നു മാസവും തടവുശിക്ഷ. ബര്‍മിങ്ങാം ക്രൗണ്‍ കോടതിയാണ് ഹേമലത ജയപ്രകാശി (44)ന് ശിക്ഷ വിധിച്ചത്. പണം തിരിച്ചടച്ചെന്നും ഇനിയെന്തെങ്കിലും ബാക്കിയുണ്ടെങ്കില്‍ തിരിച്ചടയ്ക്കാന്‍ തയാറാണെന്നും പ്രതി കോടതിയെ അറിയിച്ചെങ്കിലും ശിക്ഷയില്‍ ഇളവു നല്‍കാന്‍ കോടതി തയ്യാറായില്ല. വിധി കേട്ട് വിറങ്ങലിച്ചുനിന്ന യുവതിയെ കോടതിയില്‍ നിന്നും നേരിട്ട് ജയിലിലേക്ക് അയച്ചു. തൊഴിലുടമയില്‍ നിന്നും പലപ്പോഴായി തട്ടിയെടുത്ത പണം കുട്ടികളുടെ സ്‌കൂള്‍ ഫീസ് അടയ്ക്കാനും പ്രളയത്തില്‍ വീടു നഷ്ടപ്പെട്ട നാട്ടിലെ കുടുംബാംഗങ്ങളെ സഹായിക്കാനുമായി ഉപയോഗിച്ചതായിട്ടാണ് പ്രതി കോടതിയില്‍ വ്യക്തമാക്കിയത്.
സ്വന്തമായി വലിയ വീടും മറ്റു സൗകര്യങ്ങളും ഉള്ളയാളാണ് തൊഴിലുടമയെ തട്ടിച്ച് പണം സ്വന്തമാക്കിയത്. ഇവര്‍ക്ക് ഭര്‍ത്താവും രണ്ടു മക്കളുമുണ്ട്. ബര്‍മിങ്ങാം സിറ്റി സെന്ററിലെ നോര്‍ത്ത് വുഡ് എസ്റ്റേറ്റ് ഏജന്റ് എന്ന സ്ഥാപനത്തില്‍ ജോലി ചെയ്യവേയാണ് യുവതി തട്ടിപ്പ് നടത്തിയത്. 2012 മുതല്‍ പന്ത്രണ്ടു വര്‍ഷം ഇവിടെ വിവിധ തസ്തികകളില്‍ ജോലി ചെയ്ത യുവതി വര്‍ഷങ്ങള്‍കൊണ്ട് 158 ക്രയവിക്രയങ്ങളിലൂടെയാണ് ഇത്രയും വലിയ തുക സ്വന്തം പോക്കറ്റിലാക്കിയത്. വിശ്വസിച്ച് ജോലിക്ക് നിയമിച്ച യുവതിയില്‍ നിന്നും ഇത്തരത്തിലുള്ള തട്ടിപ്പ് 2023ലാണ് സ്ഥാപന ഉടമ അറിയുന്നത്. 26000 പൗണ്ടിന്റെ അപാകത വാര്‍ഷിക കണക്കില്‍ ദൃശ്യമായതോടെയാണ് അക്കൗണ്ടിലെ കൂടുതല്‍ അന്വേഷണങ്ങളിലേക്ക് സ്ഥാപന ഉടമ കടന്നത്. പിന്നീട് നടത്തിയ വിശദമായ പരിശോധനയിലാണ് തന്റെ പഴ്‌സനല്‍ അസിസ്റ്റന്റ് കൂടിയായ യുവതി വന്‍ തുക തട്ടിയെടുത്ത കാര്യം സ്ഥാപന ഉടമ അറിയുന്നത്. വിദ്യാസമ്പന്നയായ യുവതി നടത്തിയ തട്ടിപ്പ് പൊറുക്കാനാവാത്ത തെറ്റാണെന്നു കണ്ടെത്തിയാണ് കോടതി ശിക്ഷ വിധിച്ചത്.