Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.7703 INR  1 EURO=108.7903 INR
ukmalayalampathram.com
Fri 27th Mar 2026
 
 
UK Special
  Add your Comment comment
യൂറോപ്പിലെ എന്‍ജിനീയറിങ് മികവിനുള്ള വൈസ് അവാര്‍ഡിന്റെ അന്തിമ പട്ടികയില്‍ കണ്ണൂര്‍ സ്വദേശിനിയും
reporter

ലണ്ടന്‍: യൂറോപ്പിലെ കണ്‍സ്ട്രക്ഷന്‍ ആന്‍ഡ് എന്‍ജിനീയറിങ് മേഖലയിലെ മികവിന് വനിതകള്‍ക്ക് നല്‍കുന്ന ഏറ്റവും വലിയ അംഗീകാരങ്ങളിലൊന്നായ, വിമന്‍ ഇന്‍ കണ്‍സ്ട്രക്ഷന്‍ ആന്‍ഡ് എന്‍ജിനീയറിങ് (WICE) അവാര്‍ഡ്‌സിന്റെ അന്തിമ പട്ടികയില്‍ മലയാളിയായ റിനെറ്റ് സെബാസ്റ്റ്യനും. കണ്‍സ്ട്രക്ഷന്‍ പ്ലാനര്‍ വിഭാഗത്തിലാണ് റിനെറ്റ് ഫൈനലിസ്റ്റായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ജെ. മര്‍ഫി ആന്‍ഡ് സണ്‍സ് ലിമിറ്റഡില്‍ പ്ലാനിങ് ആന്‍ഡ് പ്രോജക്ട് കണ്‍ട്രോള്‍സ് മാനേജരായ റിനെറ്റ്, യുകെയിലെ സങ്കീര്‍ണ്ണമായ പല കണ്‍സ്ട്രക്ഷന്‍ പ്രോജക്ടുകളുടെയും വിജയകരമായ നടത്തിപ്പിന് നേതൃത്വം നല്‍കുന്നതില്‍സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. സാങ്കേതിക മികവും തന്ത്രപരമായ കാഴ്ചപ്പാടും പ്രോജക്ടുകളെ മുന്നോട്ട് കൊണ്ടുപോകുന്നതിലുള്ള വൈദഗ്ധ്യവുമാണ് അവാര്‍ഡിന് പരിഗണിക്കപ്പെടുന്നതിന്റെ മാനദണ്ഡങ്ങള്‍.

യൂറോപ്പിലെ കണ്‍സ്ട്രക്ഷന്‍ ആന്‍ഡ് എന്‍ജിനീയറിങ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വനിതകളുടെ നേതൃപാടവം, നവീന ആശയങ്ങള്‍, സ്വാധീനശേഷി എന്നിവയ്ക്കുള്ള അംഗീകാരമായി നല്‍കുന്ന ഏറ്റവും അഭിമാനകരമായ അംഗീകാരമാണ് വൈസ് അവാര്‍ഡ്‌സ്. നൂറുകണക്കിന് നോമിനേഷനുകളില്‍ നിന്നും ഫൈനലിസ്റ്റായി തിരഞ്ഞെടുക്കപ്പെടുന്നതു തന്നെ അസാധാരണ നേട്ടമാണ്. കണ്‍സ്ട്രക്ഷന്‍ - എന്‍ജിനീയറിങ് മേഖലയിലുടനീളം വനിതകള്‍ നല്‍കുന്ന സുപ്രധാന സംഭാവനകളെ അംഗീകരിക്കുകയും അതില്‍ മാതൃകയാവുന്നവരെ ആദരിച്ച് പുതുതലമുറയിലെ വനിതകളെ പ്രചോദിപ്പിക്കുകയുമാണ് വൈസ് അവാര്‍ഡുകളുടെ ലക്ഷ്യം.

ജെ. മര്‍ഫി ആന്‍ഡ് സണ്‍സില്‍ പ്രോജക്ട് ഷെഡ്യൂളുകളുടെ രൂപീകരണത്തിനും നിര്‍വഹണത്തിനുമാണ് റിനെറ്റ് നേതൃത്വം നല്‍കുന്നത്. സമയപരിധിയ്ക്കുള്ളില്‍ നിരവധി വെല്ലുവിളികളെ നേരിട്ട് പദ്ധതികളുടെ ആസൂത്രണം മുതല്‍ നിര്‍വഹണം വരെയുള്ള ഓരോ ഘട്ടവും സൂഷ്മമായി ഏകോപിപ്പിക്കുന്നത് ഏറെ ശ്രമകരമാണ്. രണ്ട് പതിറ്റാണ്ട് പിന്നിട്ട എന്‍ജിനീയറിങ് കരിയറിനിടെ യുകെയിലെ ഏറ്റവും ശ്രദ്ധേയമായ പല സംരംഭങ്ങളില്‍ റിനെറ്റ് പ്രവര്‍ത്തിച്ചിട്ടുണ്ട്. ലണ്ടനിലെ തേംസ് നദിയെ ശുദ്ധമാക്കാനുള്ള 900 മില്യന്‍ പൗണ്ട്-പദ്ധതിയായ തെയിംസ് ടൈഡ്വേ ടണല്‍, യുകെയിലെ ഊര്‍ജ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് നിര്‍ണായകമായ ഐല്‍ ഓഫ് ഗ്രെയിന്‍ ഗ്യാസ് ഫെസിലിറ്റി, പതിനായിരത്തിലധികം വീടുകളിലേക്ക് വൈദ്യുതി വിതരണത്തിനായുള്ള ബാര്‍ക്കിങ് 132 കെ.വി സ്വിച്ച് ഗിയര്‍ റീപ്ലേസ്മെന്റ് പ്രോജക്ട്, റിന്യൂവബള്‍ എനര്‍ജി പ്രോജക്ടായ ഷെഫീല്‍ഡ് മെഡോഹാള്‍ ഇ-ഓണ്‍ പ്ലാന്റ് എന്നിവ അവയില്‍ ചിലതാണ്.

കര്‍ണാടകയിലെ സുള്ള്യ കെവിജി കോളജ് ഓഫ് എന്‍ജിനീയറിങ്ങില്‍ നിന്ന് സിവില്‍ എന്‍ജിനീയറിങ്ങില്‍ ബിരുദം നേടിയ റിനറ്റ്, ഇന്ത്യയില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസില്‍ പ്ലാനിങ് എന്‍ജിനീയറായി ജോലി ചെയ്ത ശേഷമാണ് 2007ല്‍ യുകെയിലെത്തുന്നത്. ജെ. മര്‍ഫി ആന്‍ഡ് സണ്‍സ് ലിമിറ്റഡില്‍ ഫ്യൂച്ചര്‍ ലീഡര്‍ഷിപ് പ്രോഗ്രാമിന്റെ ഭാഗമായുള്ള നേതൃത്വ പരിശീലനവും തുടരുന്നു. കണ്ണൂര്‍ എടൂര്‍ പാറേക്കുന്നേല്‍ പി.ജെ സെബാസ്റ്റ്യന്‍-മാര്‍ഗ്രറ്റ് ദമ്പതികളുടെ മകളാണ്. കോണ്‍ഗ്രസ് നേതാവും യുക്മ ദേശീയ പ്രസിഡന്റുമായ അഡ്വ. എബി കെ. സെബാസ്റ്റ്യനാണ് ഭര്‍ത്താവ്.

 
Other News in this category

 
 




 
Close Window