മലപ്പുറം: ബ്രിട്ടന്‍ നേരത്തെ പിടിച്ചെടുത്ത ഇറാന്റെ കപ്പലിലും മലയാളി ജീവനക്കാര്‍ ഉള്ളതായി വെളിപ്പെടുത്തല്‍. മലപ്പുറം വണ്ടൂര്‍ സ്വദേശി കെ.കെ അജ്മല്‍ ഗ്രേസ് 1 എന്ന കപ്പലില്‍ ഉണ്ടെന്ന് ബന്ധുക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു. ഗുരുവായൂര്‍ സ്വദേശി റെജിന്‍, കാസര്‍കോട് സ്വദേശി പ്രജീഷ് എന്നിവരും കപ്പലിലുണ്ടെന്നാണ് അജ്മല്‍ ബന്ധുക്കളെ അറിയിച്ചിട്ടുള്ളത്. അജ്മല്‍ കഴിഞ്ഞ ദിവസവും ഫോണില്‍ ബന്ധപ്പെട്ടിരുന്നുവെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ബന്ധുക്കള്‍ വ്യക്തമാക്കി. ദുബായില്‍നിന്ന് ക്രൂഡ് ഓയിലുമായി സിറിയയിലേക്ക് പോയ ഗ്രേസ് 1 എന്ന കപ്പലാണ് ജൂലായ് നാലിന് പുലര്‍ച്ചെ ഇറാന്‍ പിടിച്ചെടുത്തത്. പത്രവാര്‍ത്തകണ്ട് ബന്ധുക്കള്‍ അജ്മലുമായി ബന്ധപ്പെട്ടു. ആശങ്ക വേണ്ടെന്നാണ് അജ്മല്‍ പറഞ്ഞത്.
കപ്പല്‍ പിടിച്ചെടുത്തതിന് പിന്നാലെ വിഷയത്തില്‍ ബ്രിട്ടനിലെ കോടതി ഇടപെടുകയും 30 ദിസത്തിനകം കപ്പല്‍ വിട്ടുനല്‍കുമെന്ന് ബ്രിട്ടന്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാല്‍, പുതിയ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തില്‍ കപ്പല്‍ വിട്ടുനല്‍കാന്‍ ബ്രിട്ടന്‍ തയ്യാറാകുമോയെന്ന സംശയം ഇപ്പോള്‍ ബന്ധുക്കള്‍ക്കുണ്ട്. ബ്രിട്ടന്റെ സ്റ്റെന ഇംപേരോ എന്ന എണ്ണക്കപ്പല്‍ ഇറാന്‍ പിടിച്ചെടുത്തത് അടക്കമുള്ള സംഭവങ്ങളെ തുടര്‍ന്നാണിത്. സ്റ്റെന ഇംപേരോ എന്ന കപ്പലിലെ 23 ജീവനക്കാരില്‍ 18 പേരും ഇന്ത്യക്കാരാണ്. ഇതില്‍ മൂന്നുപേര്‍ മലയാളികളാണെന്ന വിവരവും പുറത്തുവന്നിരുന്നു. മലയാളികള്‍ അടക്കമുള്ള ഇന്ത്യക്കാരായ കപ്പല്‍ ജീവനക്കാരെ സുരക്ഷിതരായി മോചിപ്പിക്കാന്‍ നയതന്ത്ര ഇടപെടല്‍ തുടങ്ങിക്കഴിഞ്ഞതായി വിദേശകാര്യമന്ത്രി വി മുരളീധരന്‍ വ്യക്തമാക്കിയതിന് പിന്നാലെയാണ് മറ്റൊരു കപ്പലിലുള്ള മലയാളി ജീവനക്കാരുടെ വിവരങ്ങളും പുറത്തുവരുന്നത്.