ലണ്ടന്‍: വിമാനയാത്രയ്ക്കിടെ ബിസിനസ് ക്ലാസ് ശുചിമുറിയില്‍ നഗ്‌നനായി നൃത്തം ചെയ്ത കാബിന്‍ ക്രൂ അംഗം അറസ്റ്റില്‍. ലഹരി ഉപയോഗിച്ചതിന് ശേഷമാണ് ഇയാള്‍ ഇത്തരത്തില്‍ പെരുമാറിയതെന്നാണ് സംശയിക്കുന്നത്. സാന്‍ ഫ്രാന്‍സിസ്‌കോയില്‍ നിന്ന് ലണ്ടനിലേക്ക് പോകുകയായിരുന്ന ബ്രിട്ടിഷ് എയര്‍വേസ് വിമാനത്തില്‍ ഞായറാഴ്ചയാണ് സംഭവം നടന്നത്. യാത്രക്കാര്‍ക്ക് ഭക്ഷണം നല്‍കുന്ന സമയത്ത് കാണാതിരുന്നതിനെത്തുടര്‍ന്ന് മറ്റ് ജീവനക്കാര്‍ നടത്തിയ തിരച്ചിലിലാണ് ഇയാള്‍ ശുചിമുറിയില്‍ നഗ്‌നനായി നൃത്തം ചെയ്യുന്നത് കണ്ടത്.
ജീവനക്കാരന്റെ പെരുമാറ്റം കണ്ട് ആദ്യം മേലുദ്യോഗസ്ഥന്‍ ഞെട്ടിയെങ്കിലും യാത്രക്കാര്‍ക്കുള്ള പൈജാമ ധരിപ്പിച്ച് യാത്രയിലുടനീളം ഇയാളെ ഫസ്റ്റ് ക്ലാസ് കാബിനില്‍ ഇരുത്തുകയായിരുന്നു. ലണ്ടന്‍ ഹീത്രോ വിമാനത്താവളത്തില്‍ വിമാനം ഇറങ്ങിയ ഉടന്‍ ഇയാള്‍ക്ക് വൈദ്യസഹായം നല്‍കുകയും പിന്നീട് എയര്‍പോര്‍ട്ട് പൊലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി ഇയാളെ സര്‍വീസില്‍ നിന്ന് താല്‍ക്കാലികമായി സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ്.