ലണ്ടന്‍: ഭീകരവാദത്തെ പിന്തുണയ്ക്കുന്ന പാകിസ്ഥാന്റെ സമീപനത്തെ കുറിച്ച് ആഗോളതലത്തില്‍ ചര്‍ച്ച ചെയ്യുന്നതിനായി ബിജെപി എംപി രവി ശങ്കര്‍ പ്രസാദിന്റെ നേതൃത്വത്തിലുള്ള സര്‍വകക്ഷി സംഘം ഇന്നലെ (മെയ് 31) ലണ്ടനിലെത്തി. പാകിസ്ഥാന്റെ തീവ്രവാദ ബന്ധങ്ങള്‍ ലോകരാജ്യങ്ങള്‍ക്ക് മുന്നില്‍ ബോധ്യപ്പെടുത്തുന്നതിനായി ഇന്ത്യ നിയോഗിച്ച ഏഴ് ബഹുകക്ഷി പ്രതിനിധികളില്‍ ഒന്നാണ് ഈ പ്രതിനിധി സംഘം. എംപിമാരായ ദഗ്ഗുബതി പുരന്ദേശ്വരി, പ്രിയങ്ക ചതുര്‍വേദി, ഗുലാം അലി ഖതാന, അമര്‍ സിംഗ്, സാമിക് ഭട്ടാചാര്യ, എം തമ്പിദുരൈ, മുന്‍ കേന്ദ്ര സഹമന്ത്രി എംജെ അക്ബര്‍, അംബാസഡര്‍ പങ്കജ് സരണ്‍ എന്നിവരടങ്ങുന്ന ബഹുകക്ഷി സംഘം കമ്മ്യൂണിറ്റി ഗ്രൂപ്പുകള്‍, പാര്‍ലമെന്റേറിയന്മാര്‍, പ്രവാസി നേതാക്കള്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. 'രവിശങ്കര്‍ പ്രസാദിന്റെ നേതൃത്വത്തിലുള്ള എംപിമാരുടെ സര്‍വകക്ഷി പ്രതിനിധി സംഘത്തെ ഹൈക്കമിഷണര്‍ വിക്രം ദൊരൈസ്വാമി സ്വീകരിച്ചു,' എന്ന് യുകെയിലെ ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ X-ലെ ഒരു പോസ്റ്റില്‍ പറഞ്ഞു. യുകെയില്‍ നിന്നും, യൂറോപ്യന്‍ യൂണിയനിലെയും (ഇയു) ജര്‍മ്മനിയിലെയും പാര്‍ലമെന്റ് അംഗങ്ങള്‍, രാഷ്ട്രീയ നേതാക്കള്‍, പ്രവാസി ഗ്രൂപ്പുകള്‍ എന്നിവരുമായും പ്രതിനിധി സംഘം ചര്‍ച്ച നടത്തും.
മൂന്ന് ദിവസത്തെ യുകെ സന്ദര്‍ശന വേളയില്‍ പ്രതിനിധി സംഘം ഹൗസ് ഓഫ് കോമണ്‍സ് സ്പീക്കര്‍ ലിന്‍ഡ്‌സെ ഹോയ്ല്‍, ഇന്‍ഡോ-പസഫിക് യുകെ വിദേശകാര്യ മന്ത്രി കാതറിന്‍ വെസ്റ്റ്, പാര്‍ലമെന്റ് അംഗങ്ങള്‍, ഇന്ത്യന്‍ പ്രവാസി പ്രതിനിധികള്‍ എന്നിവരുമായി ആശയവിനിമയം നടത്തുമെന്ന് ഹൈക്കമ്മിഷന്‍ അറിയിച്ചു. പഹല്‍ഗാമില്‍ 26 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തെത്തുടര്‍ന്ന് ഇന്ത്യയുടെ നയതന്ത്ര ഇടപെടലുകളുടെ ഭാഗമായി ആറ് യൂറോപ്യന്‍ രാജ്യങ്ങളില്‍ പര്യടനം നടത്തുകയാണ് പ്രസാദിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം.
കഴിഞ്ഞ ആഴ്ച ഫ്രാന്‍സ്, ഇറ്റലി, ഡെന്‍മാര്‍ക്ക് എന്നിവിടങ്ങളിലെ സന്ദര്‍ശനങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് പ്രതിനിധി സംഘം ഇവിടെയെത്തിയത്. ഡെന്‍മാര്‍ക്കിന്റെ തലസ്ഥാനമായ കോപ്പന്‍ഹേഗനില്‍, ഡാനിഷ് പാര്‍ലമെന്റ് അംഗങ്ങള്‍, വിദേശകാര്യ ഉദ്യോഗസ്ഥര്‍, ഇന്ത്യന്‍ പ്രവാസി ഗ്രൂപ്പുകള്‍ എന്നിവരുമായി പ്രതിനിധി സംഘം കൂടിക്കാഴ്ച നടത്തിയിരുന്നു. ഭീകരതയോടുള്ള ഇന്ത്യയുടെ എതിര്‍പ്പ് വ്യക്തമാക്കിക്കൊണ്ട് ചര്‍ച്ചയില്‍ പ്രതിനിധി സംഘം സംസാരിച്ചു.
ഏതൊരു അക്രമത്തിനും ഉചിതമായി മറുപടി നല്‍കുമെന്ന നിലപാടും വ്യക്തമാക്കി. പഹല്‍ഗാം ഭീകരാക്രമണത്തെ അപലപിച്ച ഡെന്‍മാര്‍ക്കിന്റെ പൊതു നിലപാടിനെയും ഇന്ത്യയോടുള്ള ഐക്യദാര്‍ഢ്യത്തെയും ഇന്ത്യ അഭിനന്ദിച്ചുവെന്ന് വിദേശകാര്യ മന്ത്രാലയം (എംഇഎ) നേരത്തെ ഒരു പ്രസ്താവനയില്‍ പറഞ്ഞു. പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായി തുടര്‍ന്ന് മെയ് 7 ന് പാകിസ്ഥാനിലെയും പാകിസ്ഥാന്‍ അധിനിവേശ പ്രദേശങ്ങളിലും ഇന്ത്യ തിരിച്ചടിച്ചിരുന്നു. മെയ് 8, 9, 10 തീയതികളില്‍ പാകിസ്ഥാന്‍ ഇന്ത്യന്‍ സൈനിക താവളങ്ങള്‍ ആക്രമിക്കാന്‍ ശ്രമിച്ചു. പാകിസ്ഥാന്‍ നടപടികളോട് ഇന്ത്യ ശക്തമായി പ്രതികരിച്ചു. മെയ് 10 ന് ഇരുവിഭാഗത്തിന്റെയും സൈനിക പ്രവര്‍ത്തനങ്ങളുടെ ഡയറക്ടര്‍ ജനറല്‍മാര്‍ നടത്തിയ ചര്‍ച്ചകളെത്തുടര്‍ന്ന് സൈനിക നടപടികള്‍ നിര്‍ത്തലാക്കാനുള്ള ധാരണയോടെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നു.