സൗത്താംപ്ടണ്‍/പിറവം: റിമാന്‍ഡ് തടവുകാരനായ മലയാളി യുവാവ് യുകെയില്‍ മരിച്ചു. പിറവം മണീട് സ്വദേശിയാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം. യുവാവ് കഴിഞ്ഞ ചൊവ്വാഴ്ചയാണ് മരിച്ചതെങ്കിലും ഔദ്യോഗികമായി പൊലീസ് വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. പിറവത്തെ അടുത്ത ബന്ധുക്കള്‍ക്ക് യുവാവ് മരിച്ചതായി വിവരം ലഭ്യമായിട്ടുണ്ട്. യുകെയില്‍ നിന്നും പ്രാദേശികമായി ലഭിക്കുന്ന വിവരങ്ങള്‍ അനുസരിച്ച് കുടുംബ വഴക്കിനെ തുടര്‍ന്ന് 2024 നവംബറിലാണ് സൗത്താംപ്ടണിന് സമീപം ബേസിങ്‌സ്റ്റോക്കില്‍ താമസിക്കുകയായിരുന്ന യുവാവ് റിമാന്‍ഡിലായത്.
നഴ്‌സായ ഭാര്യ ജോലി സ്ഥലത്ത് ഭീതിയോടെ പെരുമാറുന്നത് കണ്ട് നഴ്‌സ് മാനേജര്‍ പൊലീസിന് നല്‍കിയ വിവരത്തെ തുടര്‍ന്നാണ് ഭര്‍ത്താവിനെതിരെ ഇവരുടെ മൂന്നര വയസ്സുള്ള കുഞ്ഞിനെ ഭീഷണിപ്പെടുത്തിയെന്നത് ഉള്‍പ്പടെയുള്ള കുറ്റം ചുമത്തി ക്രിമിനല്‍ കേസ് എടുത്തത്. യുവാവിന് എതിരെ 4 കേസുകള്‍ ഉണ്ടായിരുന്നുവെങ്കിലും നഴ്‌സ് മാനേജര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എടുത്ത കേസ് ഒഴികെ മറ്റ് കേസുകള്‍ പിന്‍വലിക്കപ്പെട്ടിരുന്നു. എന്നാല്‍ നഴ്‌സ് മാനേജര്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ എടുത്ത കേസ് വിചാരണ തീരാതെ പിന്‍വലിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് യുവാവ് റിമാന്‍ഡില്‍ തുടരേണ്ടി വന്നത്.