പിറവം: മണീട് സ്വദേശിയായ മെയില്‍ നഴ്‌സ് യുകെയില്‍ ദുരൂഹ സാഹചര്യത്തില്‍ പൊലീസ് കസ്റ്റഡിയില്‍ മരിച്ചതായി വിവരം. മണീട് ഗവ. എല്‍പി സ്‌കൂളിനു സമീപം കുന്നത്തു കളപ്പുരയില്‍ ജോണിന്റെയും മോളിയുടെയും മകന്‍ എല്‍ദോസാണു (34) മരിച്ചത്. ഇംഗ്ലണ്ടിലെ ബെയിങ് സ്റ്റോക്കിലാണു സംഭവം. കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്നു എല്‍ദോസ് നാളുകളായി പൊലീസ് കസ്റ്റഡിയിലാണെന്നാണു വിവരം. നഴ്‌സായ ഭാര്യയുടെ പരാതിയിയിലാണ് എല്‍ദോസിനെ പൊലീസ് കൂട്ടിക്കൊണ്ടു പോയത്. ഇതിനിടെ എല്‍ദോസിന്റെ യുകെയിലുള്ള മാതൃസഹോദര ഭാര്യ സ്മിതയും മകനും സ്റ്റേഷനിലെത്തി കണ്ടിരുന്നു. ഫോണും എടിഎം കാര്‍ഡും എല്‍ദോസ് ഇവര്‍ക്കു കൈമാറി. പിന്നാലെ ഇരുവരും പിറവത്തേക്കു മടങ്ങി.
ഇതിനു ശേഷം ബര്‍മിങ്ഹാമില്‍ സ്മിതയും മകനും താമസിക്കുന്ന വീട്ടില്‍ പൊലീസ് അന്വേഷിച്ച് എത്തിയിരുന്നുവത്രേ. കഴിഞ്ഞ 27നു ൈവകിട്ടു നാട്ടിലെ ഫോണില്‍ വിളിച്ചു എല്‍ദോസ് മരിച്ചുവെന്ന് അറിയിക്കുകയായിരുന്നു. വിവരമറിഞ്ഞ സ്മിതയും ബന്ധുവും യുകെയിലേക്കു തിരിച്ചിട്ടുണ്ട്. 5നു ഓക്‌സ്ഫഡില്‍ പോസ്റ്റ്‌മോര്‍ട്ടം നടക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. മൃതദേഹം നാട്ടില്‍ എത്തിക്കുന്നതിനു ശ്രമം ആരംഭിച്ചിട്ടുണ്ട്.നാട്ടില്‍ നഴ്‌സിങ് പഠനം പൂര്‍ത്തിയാക്കിയതിനു ശേഷമാണു എല്‍ദോസ് യുകെയില്‍ എത്തിയത്. 4 വയസ്സുള്ള മകളുണ്ട്.