ലണ്ടന്‍: ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ റവന്യു ആന്‍ഡ് കസ്റ്റംസ് വകുപ്പിന് (എച്ച്എംആര്‍സി) നഷ്ടമായത് 47 ദശലക്ഷം പൗണ്ട്. ഏകദേശം ഒരു ലക്ഷത്തോളം ആളുകളുടെ അക്കൗണ്ടുകളില്‍ നിന്ന് പലപ്പോഴായിട്ടാണ് പണം തട്ടിച്ചത്. ഇന്റര്‍നെറ്റ് വഴി വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തിയെടുത്ത ശേഷം അത് ഉപയോഗിച്ച് ടാക്‌സ് റിബേറ്റ് ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ക്ക് വ്യാജമായി അപേക്ഷിച്ചാണ് സംഘം പണം കവര്‍ന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഇതുമായി ബന്ധപ്പെട്ട് വിവിധ അന്വേഷണങ്ങളും അറസ്റ്റുകളും നടന്നതായും, ആര്‍ക്കും വ്യക്തിഗതമായി പണം നഷ്ടമാകില്ലെന്ന് ഉറപ്പുവരുമെന്ന് ടാക്‌സ് അതോറിറ്റി അറിയിച്ചു. തട്ടിപ്പ് നടന്നത് ഉപഭോക്താക്കളുടെ അക്കൗണ്ടുകളില്‍ നിന്നല്ലാത്തതിനാല്‍ ഇതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം എച്ച്എംആര്‍സിക്കാണ്. അതിനാല്‍ ആരും ആശങ്കപ്പെടേണ്ടതില്ലെന്നും വകുപ്പ് വ്യക്തമാക്കി.
''ഇതൊരു സൈബര്‍ ആക്രമണമോ ഹാക്കിങോ ആയി കണക്കാക്കാനാവില്ല. വ്യക്തിഗത വിവരങ്ങള്‍ ശേഖരിച്ച ശേഷം അത് ഉപയോഗിച്ച് സര്‍ക്കാര്‍ സേവനങ്ങളും ആനുകൂല്യങ്ങളും ആള്‍മാറാട്ടത്തിലൂടെ തട്ടിയെടുക്കുകയാണ് ചെയ്തത്. തട്ടിപ്പ് കണ്ടെത്തിയ ഉടന്‍ തന്നെ ഇത് തടയാനുള്ള നടപടികള്‍ സ്വീകരിച്ചു. തട്ടിപ്പിനിരയായ അക്കൗണ്ടുകള്‍ മരവിപ്പിച്ച് തുടര്‍നടപടികള്‍ ആരംഭിച്ചതായും'' എച്ച്എംആര്‍സി ഡപ്യൂട്ടി ചീഫ് എക്‌സിക്യൂട്ടീവ് എയ്ഞ്ചല മക്‌ഡോണാള്‍ഡ് അറിയിച്ചു. ട്രഷറി സെലക്ട് കമ്മിറ്റിക്ക് മുന്‍പാകെയാണ് അവര്‍ ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ വെളിപ്പെടുത്തിയത്. എന്നാല്‍, തട്ടിപ്പ് നടന്നയുടന്‍ തന്നെ ഈ വിവരം സെലക്ട് കമ്മിറ്റിയെ അറിയിക്കാതിരുന്നതിന് എംപിമാര്‍ എച്ച്എംആര്‍സിക്ക് ശക്തമായ താക്കീത് നല്‍കി. ഈ വിവരം മാധ്യമ റിപ്പോര്‍ട്ടുകളിലൂടെ അറിയേണ്ടി വന്നതിലുള്ള അതൃപ്തിയും കമ്മിറ്റി എച്ച്എംആര്‍സിയെ അറിയിച്ചു.