ലണ്ടന്‍: യുകെയില്‍ വലത് വംശീയത ഉയര്‍ത്തിപ്പിടിച്ച് തുടങ്ങിയ 'റിഫോം യുകെ'യുടെ ചെയര്‍മാന്‍ സിയ യൂസഫ് രാജിവച്ചു. മുസ്ലിം ശ്രീലങ്കന്‍ കുടിയേറ്റക്കാരുടെ മകനായി യുകെയില്‍ ജനിച്ച സിയ യൂസഫ് പാര്‍ട്ടിക്കുള്ളില്‍ ശക്തമാകുന്ന വംശീയതയുടെ പേരില്‍ ആണ് രാജി വയ്ക്കുന്നത് എന്നാണ് സൂചന. രാജ്യത്ത് മുസ്ലിം വനിതകള്‍ മുഖവും ശരീരവും പൂര്‍ണ്ണമായി മറയ്ക്കുന്ന തരത്തില്‍ ബുര്‍ക്ക ധരിക്കുന്നത് നിരോധിക്കണമെന്ന് റിഫോം യുകെയുടെ ഒരു എംപി ആവശ്യപ്പെട്ടിരുന്നു. ഇക്കഴിഞ്ഞ പാര്‍ലമെന്റ് ഉപ തിരഞ്ഞെടുപ്പില്‍ വിജയിച്ച സാറാ പോച്ചിന്‍ ആണ് ബുര്‍ക്ക നിരോധനം ആവശ്യപ്പെട്ടത്. നിരോധന ആവശ്യവുമായി ബന്ധപ്പെട്ട പാര്‍ട്ടിക്കുള്ളില്‍ തര്‍ക്കം രൂക്ഷമായതോടെ സിയ യൂസഫ് ചെയര്‍മാന്‍ പദവി രാജി വെയ്ക്കുക ആയിരുന്നു. യുകെയിലെ ശതകോടീശ്വരന്‍മാരില്‍ ഒരാളായ സിയ യൂസഫ് പാര്‍ട്ടി നേതാവായ നൈജല്‍ ഫാരജിന് ഒപ്പം ശക്തമായ പ്രവര്‍ത്തനങ്ങളാണ് നടത്തി വന്നിരുന്നത്.
ഇക്കഴിഞ്ഞ പ്രാദേശിക കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ ഇംഗ്ലണ്ടില്‍ മികച്ച വിജയം കരസ്ഥമാക്കിയ റിഫോം യുകെ പൊതു തിരഞ്ഞെടുപ്പില്‍ അധികാരത്തില്‍ എത്തും വിധമാണ് യുകെയിലുടനീളം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ഇതിനിടയിലാണ് പാര്‍ട്ടി ചെയര്‍മാന്റെ തന്നെ നാടകീയമായ രാജി. അടുത്ത പൊതുതിരഞ്ഞെടുപ്പില്‍ അധികാരം നേടുന്നതിന് വേണ്ടി ഈ പ്രസ്ഥാനത്തിനായി പ്രവര്‍ത്തിക്കുന്നത് തന്റെ സമയം വെറുതേ പാഴാക്കാനാണെന്ന ഉത്തമ വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് താന്‍ രാജി വയ്ക്കുന്നതെന്ന് സിയ യൂസഫ് വ്യക്തമാക്കി. പതിനൊന്ന് മാസം മുന്‍പാണ് താന്‍ പാര്‍ട്ടി ചെയര്‍മാനായി ചുമതലയേറ്റതെന്നും തിരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിയുടെ നില 14% ല്‍ നിന്ന് 30% ആയി ഉയര്‍ത്താന്‍ താന്‍ മുഴുവന്‍ സമയവും പ്രവര്‍ത്തിച്ചതായും പാര്‍ട്ടിയുടെ അംഗത്വം നാലിരട്ടിയാക്കി വര്‍ദ്ധിപ്പിച്ചതായും സിയ യൂസഫ് അവകാശപ്പെട്ടു. സിയ യൂസഫിനെ ഈയിടെയായി റിഫോം പാര്‍ട്ടി അവഗണിക്കുന്നതായുള്ള സൂചനകള്‍ പുറത്ത് വന്നിരുന്നു. പാര്‍ട്ടിയിലെ സിയ യൂസഫിന്റെ ചുമതലകള്‍ മാറ്റാര്‍ക്കോ രഹസ്യമായി നല്‍കിയതയും അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ സിയ യൂസഫിന്റെ രാജിയില്‍ പാര്‍ട്ടി നേതാവായ നൈജല്‍ ഫാരജ് ഖേദം പ്രകടിപ്പിച്ചു. കഴിഞ്ഞ മാസം നടന്ന പ്രാദേശിക കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ സിയ യൂസഫ് മികച്ച സംഭാവനകള്‍ നല്‍കിയ കാര്യവും നൈജല്‍ ഫാരജ് എടുത്ത് പറഞ്ഞു. ശതകോടീശ്വരനായ സിയ യൂസഫ് തെരഞ്ഞെടുപ്പിനായി പാര്‍ട്ടിക്ക് വലിയ തോതില്‍ സാമ്പത്തിക സഹായവും നല്‍കിയിരുന്നു. ഏതാനം ദിവസങ്ങള്‍ക്ക് മുമ്പ് പ്രാദേശിക കൗണ്‍സിലുകളുടെ ചെലവ് ചുരുക്കുന്നതുമായി ബന്ധപ്പെട്ട് രൂപീകരിച്ച സമിതിയുടെ പ്രധാന ചുമതല വഹിച്ചിരുന്ന നഥാനിയേല്‍ ഫ്രെഡും രാജി വെച്ചിരുന്നു. നൈജല്‍ ഫരാജിന്റെ നേതൃത്വത്തെ പരസ്യമായി വിമര്‍ശിച്ച ഗ്രേറ്റ് യാര്‍മൗത്ത് എംപി റൂപര്‍ട്ട് ലോവിനെ മാര്‍ച്ചില്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിരുന്നു. ഇതേ തുടര്‍ന്ന് പാര്‍ട്ടിക്കുളളില്‍ തര്‍ക്കങ്ങളും വംശീയതയും രൂക്ഷമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന.