ലണ്ടന്‍: പഠനാവശ്യാര്‍ഥം ബ്രിട്ടനിലേക്കു യാത്രചെയ്യുന്ന ചില വിദ്യാര്‍ഥികള്‍ അനധികൃത ഏജന്‍സികളുടെ വലയത്തില്‍ പെട്ട് ചൂഷണത്തിനു വിധേയമാകുന്നുണ്ടെന്നും ഇത്തരം കാര്യങ്ങളില്‍ സമൂഹം ജാഗ്രത പാലിക്കണമെന്നും ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മിഷണര്‍ വിക്രം കുമാര്‍ ദൊരൈസ്വാമി അഭിപ്രായപ്പെട്ടു. കേരളത്തിലേക്കു നേരിട്ട് വിമാനസര്‍വീസ് ഇല്ലാത്തത് ഉള്‍പ്പെടെ ബ്രിട്ടനിലെ മലയാളി പ്രവാസികള്‍ നേരിടുന്ന പ്രയാസങ്ങള്‍ വിവരിച്ച് ബ്രിട്ടന്‍ കെഎംസിസി ഭാരവാഹികള്‍ ഇന്ത്യന്‍ ഹൈക്കമീഷണര്‍ക്ക് നല്‍കിയ നിവേദനം സ്വീകരിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുസ്ലിംലീഗ് ദേശീയ സെക്രട്ടറി ഹാരിസ് ബീരാന്‍ എംപിയുടെ നേതൃത്വത്തിലായിരുന്നു കൂടിക്കാഴ്ച. ബ്രിട്ടന്‍ കെഎംസിസി ചെയര്‍മാന്‍ കരീം മേമുണ്ട, വൈസ് പ്രസിഡണ്ട് അഹമ്മദ് അരീക്കോട് തുടങ്ങിയവര്‍ പങ്കെടുത്തു. ബ്രിട്ടന്‍ കെഎംസിസിയുടെ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ച ഹൈക്കമിഷണര്‍, ഇന്ത്യന്‍ പ്രവാസികള്‍ക്കുവേണ്ടി ഉന്നയിക്കപ്പെട്ട ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കുമെന്നും കഴിയാവുന്ന തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും ഉറപ്പുനല്‍കി.