മസ്‌കത്ത്: അഹമ്മദാബാദ് വിമാന അപകടത്തില്‍ മരിച്ച പത്തനംതിട്ട സ്വദേശിനിയുടെ വിയോഗത്തില്‍ തേങ്ങുകയാണ് ഒമാനിലെ പ്രവാസ ലോകവും. ഒന്‍പത് വര്‍ഷം കാലം ഒമാനില്‍ കളിയും ചിരയുമായി ഒന്നിച്ചുണ്ടായിരുന്ന പുല്ലാട് കുറുങ്ങുഴ കൊഞ്ഞോണ്‍ വീട്ടില്‍ രഞ്ജിത ഗോപകുമാരന്‍ നായരുടെ (40) വിയോഗവാര്‍ത്ത ഇനിയും ഉള്‍ക്കൊള്ളാനാക്കാത്ത നടുക്കത്തിലാണ് പ്രവാസ ലോകം. ആരോഗ്യ മന്ത്രാലയത്തിന് കീഴിലെ സലാല സുല്‍ത്താന്‍ ഖാബൂസ് യൂണിവേഴ്സിറ്റി ആശുപത്രിയിലെ മുന്‍ സഹപ്രവര്‍ത്തകരും ഈ ദുരന്തത്തിന്റെ തീരാനൊമ്പരത്തിലാണ്. ഒരു വര്‍ഷം മുന്‍പാണ് രഞ്ജിത യുകെയില്‍ നഴ്‌സായി ജോലിയില്‍ പ്രവേശിച്ചത്.
അതേസമയം, അഹമ്മദാബാദിലെ എയര്‍ ഇന്ത്യയുടെ യാത്രാവിമാനത്തിലുണ്ടായിരുന്ന 242 പേരും മരിച്ചു. മരിച്ചവരില്‍ ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയുമുണ്ട്. സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേല്‍ രാജ്യാന്തര വിമാനത്താവളത്തില്‍നിന്ന് 242 പേരുമായി ലണ്ടനിലേക്കു പോകുകയായിരുന്ന എഐ171 ബോയിങ് 787- 8 ഡ്രീംലൈനര്‍ വിമാനമാണ് ടേക് ഓഫിനു തൊട്ടു പിന്നാലെ വിമാനത്താവളത്തിനു സമീപത്തെ ജനവാസ മേഖലയില്‍ തകര്‍ന്നുവീണത്. ഉച്ചയ്ക്ക് 1.43 നായിരുന്നു അപകടം. വിമാനത്തില്‍ 230 യാത്രക്കാരും 12 ക്രൂ അംഗങ്ങളുമാണ് ഉണ്ടായിരുന്നത്. യാത്രക്കാരില്‍ ആകെ 61 വിദേശ പൗരന്മാരുണ്ടായിരുന്നെന്നാണ് വിവരം, 53 യുകെ പൗരന്മാരും ഒരു കനേഡിയന്‍ പൗരനും 7 പോര്‍ച്ചുഗീസുകാരും യാത്രക്കാരിലുള്‍പ്പെടുന്നു.