Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=126.3903 INR  1 EURO=109.3613 INR
ukmalayalampathram.com
Thu 26th Mar 2026
 
 
UK Special
  Add your Comment comment
നാലര ലക്ഷം മുടക്കി എന്‍ഫീല്‍ഡ് പഞ്ചാബില്‍ നിന്ന് ഇംഗ്ലണ്ടിലെത്തി
reporter

വോള്‍വര്‍ഹാംപ്ടണ്‍: ഒരു സ്ഥലത്തു നിന്ന് മറ്റൊരു സ്ഥലത്തേക്കു പോകുമ്പോള്‍ സാധനങ്ങള്‍ കെട്ടിപ്പെറുക്കി കൊണ്ടുപോകുന്നത് നല്ല ശ്രമകരമായ കാര്യമാണ്. ദൂരസ്ഥലങ്ങളിലേക്കും വിദൂരനഗരങ്ങളിലേക്കുമൊക്കെയാണു മാറ്റമെങ്കില്‍ സാധനങ്ങള്‍ കഴിയുന്നത്ര വിറ്റഴിച്ചിട്ടു പുതിയ സ്ഥലത്തേക്കു പോകുന്നവരുമുണ്ട്. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായ ഒരു സംഭവമാണു ബ്രിട്ടനില്‍ നടന്നിരിക്കുന്നത്. പഞ്ചാബില്‍ നിന്നു ബ്രിട്ടനിലെത്തി താമസമാക്കാന്‍ ഒരുങ്ങുന്ന ഒരു പഞ്ചാബി സിഖ് കുടുംബം തങ്ങളുടെ റോയല്‍ എന്‍ഫീല്‍ഡ് മോട്ടര്‍സൈക്കിള്‍ പഞ്ചാബില്‍ നിന്ന് അവിടെയെത്തിച്ച വിഡിയോ വൈറലാകുകയാണ്. ഇംഗ്ലണ്ടിലെ വോള്‍വര്‍ഹാംടനിലേക്കാണു ബൈക്ക് കൊണ്ടുപോയത്. നാലരലക്ഷം രൂപയോളം ചെലവാക്കിയാണ് ഈ നീക്കം.

രാജ്ഗുരു എന്നയാളാണു ബൈക്കിന്റെ ഉടമ. 40 ദിവസമെടുത്താണു വണ്ടി ബ്രിട്ടനിലെത്തിച്ചതെന്നും രാജ്ഗുരു വിഡിയോയില്‍ പറയുന്നു. പഞ്ചാബിലെ ലൈസന്‍സ് പ്ലേറ്റും ബൈക്കിനുള്ളിലുള്ളതു കാണാം. ബൈക്കിനൊപ്പം സോഫ, ഡൈനിങ് ടേബിള്‍, കസേരകള്‍, കിടക്കകള്‍ എന്നിവയടക്കമുള്ള ഫര്‍ണീച്ചറും ബ്രിട്ടനിലെത്തി. കര്‍താര്‍പുരില്‍ നിന്നുള്ളതാണ് ഈ ഫര്‍ണിച്ചറെന്നും ഇതിന്റെ നിലവാരം കാരണമാണ് ഇതു ബ്രിട്ടനിലെത്തിച്ചതെന്നും ഉടമകള്‍ വിഡിയോയില്‍ പറയുന്നു.

ഇന്‍സ്റ്റഗ്രാമില്‍ 39 ലക്ഷത്തിലധികം പേര്‍ ഈ വിഡിയോ കണ്ടു. യുവാവിനെ അഭിനന്ദിച്ച് ധാരാളം പേര്‍ കമന്റ് ചെയ്തിട്ടുമുണ്ട്.വോള്‍വര്‍ഹാംടനില്‍ സ്ഥിരതാമസത്തിനൊരുങ്ങുകയാണു രാജ്ഗുരുവും കുടുംബവും.മധ്യ ഇംഗ്ലണ്ടില്‍ വെസ്റ്റ് മിഡ്ലാന്‍ഡ്‌സ് മേഖലയില്‍ സ്ഥിതി െചയ്യുന്ന പട്ടണമാണു വോള്‍വര്‍ഹാംടന്‍. ബര്‍മിങ്ങാം നഗരത്തില്‍ നിന്ന് 20 കിലോമീറ്റര്‍ വടക്കുമാറിയാണ് ഇതു സ്ഥിതി ചെയ്യുന്നത്. വെസ്റ്റ് മിഡ്ലാന്‍ഡ്‌സും വോള്‍വര്‍ഹാംടനും പഞ്ചാബി സിഖ് വംശജര്‍ ഏറ്റവും കൂടുതലുള്ള സ്ഥലങ്ങളാണ്. വെസ്റ്റ് മിഡ്ലാന്‍ഡ്‌സ് മേഖലയില്‍ 1.72 ലക്ഷത്തിലധികം സിഖുകാരാണു താമസിക്കുന്നത്.




 
Other News in this category

 
 




 
Close Window