ലോഫ്ബറോ: മാതാപിതാക്കളുടെയും പ്രിയപ്പെട്ടവരുടെയും പ്രാര്‍ഥനകള്‍ വിഫലമാക്കി ആര്യന് മടങ്ങി. ബ്രിട്ടനിലെ ലെസ്റ്റര്‍ഷെയറില്‍ നിന്ന് കാണാതായ ഇന്ത്യന്‍ വംശജനായ റോബോട്ടിക്സ് വിദ്യാര്‍ത്ഥി ആര്യന് ശര്‍മ്മ (20)യെ മരിച്ച നിലയില്‍ കണ്ടെത്തി. നാലാഴ്ച നീണ്ട വിപുലമായ തിരച്ചിലിനൊടുവില്‍, നോര്മന്റണിലെ സോര്‍ നദിയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയതെന്ന് ലെസ്റ്റര്‍ഷെയര്‍ പൊലീസ് സ്ഥിരീകരിച്ചു.
നവംബര്‍ 22ന് പുലര്‍ച്ചെയാണ് ആര്യനെ അവസാനമായി കണ്ടത്. തലേദിവസം രാത്രി 9.30ഓടെ താമസസ്ഥലത്ത് നിന്ന് ഇറങ്ങിയ അദ്ദേഹം, ലോഫ്ബറോയിലെ മെഡോ ലെയ്നിലൂടെ ഓടുന്നതായി സിസിടിവി ദൃശ്യങ്ങളില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് സ്റ്റാന്‍ഫോര്‍ഡ്-ഓണ്‍-ദി-സോറിലേക്ക് നടന്നുപോകുന്നതായും ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. അതിനുശേഷം ആര്യനെക്കുറിച്ച് യാതൊരു വിവരവും ലഭ്യമല്ലായിരുന്നു.
പൊലീസിന്റെ ടാക്റ്റിക്കല്‍ സപ്പോര്‍ട്ട് ടീം, നാഷനല്‍ പൊലീസ് എയര്‍ സര്‍വീസ് എന്നിവയുടെ നേതൃത്വത്തില്‍ ഡ്രോണുകളും ഹെലികോപ്റ്ററുകളും ഉപയോഗിച്ച് വ്യാപകമായ തിരച്ചിലാണ് മേഖലയില്‍ നടത്തിയത്. ഞായറാഴ്ച വൈകുന്നേരമാണ് നദിയില്‍ മൃതദേഹം കണ്ടെത്തിയതായി വിവരം ലഭിച്ചത്. ഔദ്യോഗിക തിരിച്ചറിയല്‍ നടപടികള്‍ പൂര്‍ത്തിയായിട്ടില്ലെങ്കിലും, മൃതദേഹം ആര്യന്റേതാണെന്ന് പൊലീസ് കുടുംബത്തെ അറിയിച്ചിട്ടുണ്ട്