Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 03rd Dec 2024
 
 
എഡിറ്റോറിയല്‍
  Add your Comment comment
മതം വിശ്വാസികളുടെ ശരീരമെങ്കില്‍ പുഴുക്കുത്തുകള്‍ സര്‍ജറി ചെയ്ത് നീക്കം ചെയ്യേണ്ടതും വിശ്വാസികളാണ്
Editor
മതം വിശ്വാസികളുടെ ശരീരമെങ്കില്‍ പുഴുക്കുത്തുകള്‍ സര്‍ജറി ചെയ്ത് നീക്കം ചെയ്യേണ്ടതും വിശ്വാസികളാണ്



ജീവിതം സ്വയം സമര്‍പ്പിക്കുക എന്ന പ്രയോഗത്തിന് ജീവനോളം വിലയുണ്ട്. പ്രകൃതി നല്‍കിയ എല്ലാ സുഖസൗകര്യങ്ങളും ഉപേക്ഷിച്ചുകൊണ്ടുള്ള ജീവിതമാണ് സംന്യാസം. പ്രകൃതി നല്‍കിയത് എന്നു പറയുമ്പോള്‍ ജൈവികമായ പ്രക്രിയകളുടെ നിരാകരണവും അതില്‍ ഉള്‍പ്പെടുന്നു. ദൈവ ശുശ്രൂഷയ്ക്കായി, അഥവാ, ദൈവികമായ ചിന്തകളില്‍ ജീവിച്ച് മരിക്കുക. ഭക്ഷണം, ഉറക്കം, ദിനചര്യകള്‍ തുടങ്ങി ശരീരം പൂര്‍ണമായും ദൈവത്തിനു മുന്നിലാണ് - അവിടെ ആത്മാവിന്റെ അന്ത്യ യാത്രയ്ക്കായുള്ള തയാറെടുപ്പുകള്‍ മാത്രമേ ഉള്ളൂ. ഞാനും നീയുമെന്ന വ്യത്യാസമില്ലാതെ, ദൈവത്തിന്റെ പ്രതിരൂപത്തിലേക്ക് സംന്യാസിയുടെ മനസ്സ് അര്‍പ്പിക്കപ്പെടുന്നു. അവര്‍ പ്രപഞ്ചത്തിലെ സകല സുഖങ്ങളും ത്യജിക്കുന്നു. അവര്‍ പ്രപഞ്ചത്തിന്റെ വേദനകളില്‍ പങ്കു ചേരുന്നു. അവര്‍ പ്രപഞ്ചത്തിന്റെ സംരക്ഷകരാകുന്നു. അവര്‍ സ്വയം ഞാന്‍ എന്ന വിചാരത്തില്‍ നിന്നു മാറി മറ്റുള്ളവര്‍ക്കു വേണ്ടി ദൈവ മാര്‍ഗത്തിലൂടെ സഞ്ചരിക്കുന്നു. അവര്‍ പുരുഷനോ സ്ത്രീയെന്നോ ലിംഗ നിര്‍ണയം നടത്തുന്നില്ല. അവരുടെ മുന്നില്‍ എല്ലാം ദൈവത്തിന്റെ സൃഷ്ടികളാണ്, വകഭേദങ്ങളാണ്. വലിയ ത്യാഗമാണ് സംന്യാസം. വലിയ ത്യാഗികളാണ് സന്യാസികള്‍. ഒരിക്കല്‍ക്കൂടി പറയട്ടെ, അവരില്‍ സ്ത്രീ - പുരുഷ വ്യത്യാസമില്ല.
നിര്‍ബന്ധിച്ച് ഒരാളെ സംന്യാസത്തിലേക്ക് തള്ളി വിടുന്നത് വലിയ വിപത്തുക്കളുണ്ടാക്കും. ദൈവിക മാര്‍ഗം ഒരാളിലും അടിച്ചേല്‍പ്പിക്കാന്‍ കഴിയില്ല. ദൈവ മാര്‍ഗത്തിലേക്ക് സ്വയം തിരിച്ചറിവുകളോടെ ഇറങ്ങി പോയവരെ തിരിച്ചു വിളിക്കാനും കഴിയില്ല. മതഭേദമെന്യേ സംന്യാസത്തിന്റെ ആത്യന്തികമായ നിര്‍വചനം ഇതാണെന്നുള്ള പൊതു തിരിച്ചറിവിലാണ് മതങ്ങളുടെ അടിത്തറ ബലമായി നിലനില്‍ക്കുന്നത്. അതങ്ങനെ തന്നെ ആവണം. അല്ലാതെ വന്നാല്‍ വേലി തന്നെ വിളവു തിന്നുന്ന സാഹചര്യം ഉണ്ടാകും.
എണ്ണിയാലൊടുങ്ങാത്ത മതങ്ങളും അതിലേറെ ജാതികളുമുള്ള ഇന്ത്യയില്‍ വിശ്വാസങ്ങളുടെ തണലില്‍ മുതലെടുപ്പ് പുതു കഥയല്ല. ജാതിഭേദമില്ലാതെ എല്ലാ മതത്തിലും പുഴുക്കുത്തുകളുണ്ടായിട്ടുണ്ട്. പലനാള്‍ കട്ടവര്‍ ഒരു നാള്‍ പിടിക്കപ്പെടുമെന്ന പഴമൊഴി ചിലപ്പോഴൊക്കെ യാഥാര്‍ഥ്യമായി. പലപ്പോഴും അതൊക്കെ വെറും പഴമൊഴി മാത്രമായി അവശേഷിക്കുന്നു. അതിലൊന്നാണ് ജലന്ധര്‍ രൂപത ബിഷപ്പിനെതിരേയുള്ള ആരോപണം. നിസ്സാരമായി തള്ളിക്കളയാന്‍ പറ്റാത്ത ആരോപണം.
മലയാളിയായ ഒരു ബിഷപ്പ് തുടര്‍ച്ചയായി പീഡിപ്പിച്ചതിന്റെ വേദന സഹിക്കാനാവാതെ ഒരു കന്യാസ്ത്രീ പരാതിയുമായി രംഗത്തു വന്നത് ഭാരത കത്തോലിക്ക സഭയുടെ ചരിത്രത്തില്‍ ആദ്യ സംഭവമാണ്. പന്ത്രണ്ടു തവണ ബിഷപ്പ് ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കന്യാസ്ത്രീ പരാതിയില്‍ പറയുന്നത്. പേടിച്ചിട്ടാണ് ആദ്യം പരാതിപ്പെട്ടതെന്നും കന്യാസ്ത്രീ വ്യക്തമാക്കുന്നു. ഗത്യന്തരമില്ലാതെ വന്നപ്പോള്‍ എല്ലാം തുറന്നു പറഞ്ഞുവെന്ന് അവര്‍ വെളിപ്പെടുത്തുമ്പോള്‍ ആ സ്ത്രീയുടെ, ദൈവമാര്‍ഗം സ്വീകരിച്ച് അകത്തളങ്ങളില്‍ ചതച്ചരയ്ക്കപ്പെട്ട ഒരു സ്ത്രീയുടെ മനസ്സിനെ കുറിച്ച് ആലോചിച്ചു നോക്കൂ. ജയിലില്‍ അടച്ചതു പോലെയായിരുന്നു അവര്‍. ദൈവമേ എന്നു വിലപിച്ചുകൊണ്ടാണ് അവര്‍ എല്ലാം സഹിച്ചിട്ടുണ്ടാവുക. അതേവേദനയില്‍ തേങ്ങിക്കരഞ്ഞ് ഏങ്ങലടിച്ചായിരിക്കും ഓരോ കുര്‍ബാനകളിലും മുട്ടുകുത്തി പ്രാര്‍ഥിച്ചിട്ടുണ്ടാവുക.
പീഡനം പേടിച്ച് തിരുവസ്ത്രം ഉപേക്ഷിച്ചാല്‍ നാട്ടുകാരെല്ലാവരും കൂടി അവരെ കുറ്റം പറഞ്ഞു കൊല്ലാക്കൊല ചെയ്യില്ലേ? മഠത്തില്‍ നിന്നു ചാടി പോന്നുവെന്നു കുറ്റപ്പെടുത്തില്ലേ? വഴി നീളെ അപമാനിക്കില്ലേ?
ഇല്ലെന്നു പറയാന്‍ തുലോം സാധ്യതയില്ലാത്ത സമൂഹത്തിലാണ് നമ്മള്‍ ജീവിക്കുന്നത്. ദൈവത്തിനു നിരക്കാത്ത കാര്യത്തിനു മുന്നില്‍ വഴങ്ങാന്‍ ഇനിയും വയ്യാതായപ്പോഴാണ് ആ കന്യാസ്ത്രീ പ്രതിഷേധിച്ചത്. തന്റെ ചാരിത്ര്യം ദൈവത്തിന്റെ പ്രതിപുരുഷനായി നില്‍ക്കുന്നയാള്‍ കവര്‍ന്നെടുത്ത കാര്യം വെളിപ്പെടുത്തിയത്. അതിന്റെ വരുംവരായ്കകള്‍ അവര്‍ക്ക് അറിയാം. മറ്റൊരാള്‍ക്ക് ഈ ഗതി വരരുതെന്ന് അവര്‍ ചിന്തിച്ചിട്ടുണ്ടാകാം. പറയൂ, ദൈവിക പാത തിരഞ്ഞെടുത്ത കന്യാസ്ത്രീ ഞാന്‍ ബലാത്സംഗം ചെയ്യപ്പെട്ടുവെന്ന് പബ്ലിസിറ്റിക്കു വേണ്ടി പറയുമോ?
പീഡിപ്പിക്കപ്പെട്ടുവെന്ന് പരാതിപ്പെട്ട കന്യാസ്ത്രീക്കു വേണ്ടി കുറച്ച് കന്യാസ്ത്രീകള്‍ തെരുവില്‍ സമരത്തിന് എത്തിയത് ദൈവത്തിലുള്ള വിശ്വാസം മുറുകെ പിടിക്കുന്നതു കൊണ്ടാണ്. അവരെ ഭയപ്പെടുത്താന്‍ ശ്രമിക്കുന്നത് വെള്ളത്തില്‍ ആണിയടിക്കാന്‍ ശ്രമിക്കുന്നതിനു തുല്യം. അവര്‍ ജീവിതം സമര്‍പ്പിച്ചിട്ടുള്ളത് ആത്മാവിലും സത്യത്തിലുമാണ്. അവര്‍ വിശ്വാസിക്കുന്നത് നീതിക്കായി ജീവന്‍ ബലിയര്‍പ്പിച്ച യേശു ക്രിസ്തുവിലാണ്. അവരുടെ പാതയില്‍ വെളിച്ചമാകാന്‍ കഴിയില്ലെങ്കില്‍ തടസ്സമായി നില്‍ക്കാതിരിക്കുന്നത് മനുഷ്യത്വമാണ്, സഹജീവിയോടുള്ള സ്‌നേഹ പ്രകടനമാണ്.
പീഡിപ്പിക്കപ്പെട്ട കന്യാസ്ത്രീ യാതൊരു മാര്‍ഗവുമില്ലാതെ കത്തോലിക്ക സഭയുടെ മേലധികാരിയ മാര്‍പ്പാപ്പയ്ക്ക് കത്തെഴുതി. അവിടെയും നീതിയിലേക്കുള്ള ഇടനാഴി നീണ്ടു കിടന്നു. മാര്‍പ്പാപ്പയ്ക്ക് കന്യാസ്ത്രീ എഴുതിയ കത്താണ് ചുവടെ ചേര്‍ത്തിട്ടുള്ളത്. അതു വായിച്ചതിനു ശേഷം ഓരോരുത്തരും സ്വയം മനസ്സിനെ പാകപ്പെടുത്തുക, പക്വതപ്പെടുത്തുക. മതത്തിനെ ബാധിക്കുന്ന പുഴുക്കുത്തുകളെ സര്‍ജറി ചെയ്ത് എന്നെന്നേയ്ക്കുമായി ഇല്ലായ്മ ചെയ്യുമെന്ന് പ്രതിജ്ഞ ചെയ്യുക.

ഫ്രം,

ബിഷപ്പിന്റെ പീഡനത്തെ അതിജീവിച്ച കന്യാസ്ത്രീ

സെന്റ് ഫ്രാന്‍സിസ് മിഷന്‍ ഹോം

കുറവിലങ്ങാട്, കേരളം, ഇന്ത്യ

ടു,

അപോസ്തലിക് നണ്‍സിയോ

ഹിസ് എക്‌സലന്‍സി മോസ്റ്റ് റവ. ഗിയാംബറ്റിസ്റ്റ ഡിക്വാട്രോ

അപ്പോസ്തലിക ആസ്ഥാനം, ചാണക്യപുരി, ദില്ലി.


ബഹുമാനപ്പെട്ട പിതാവേ,

ഞാന്‍ 1994 ല്‍ മിഷനറീസ് ഓഫ് ജീസസ് സന്ന്യസ്ഥ സമൂഹത്തില്‍ ചേര്‍ന്നു. നമ്മുടെ സന്ന്യസ്ഥ സമൂഹത്തിന്റെ സ്ഥാപകനായിരുന്ന പരേതനായ സിംഫോറിയന്‍ കീപ്രത്ത് പിതാവ് ജലന്ധര്‍ ആര്‍ച്ച് ബിഷപ്പായിരുന്ന സമയത്ത് 1999ല്‍ ആദ്യ വ്രതവാഗ്ദാനം സ്വീകരിച്ചു. 2004ല്‍ അദ്ദേഹത്തിന് മുന്പാകെ എന്റെ നിത്യവ്രത വാഗ്ദാനം കൈക്കൊണ്ടു. 19 വര്‍ഷമായി ഞാന്‍ സഭയ്ക്കുവേണ്ടി കന്യാസ്ത്രീയുടെ സമര്‍പ്പിത ജീവിതം നയിക്കുന്നു. സന്ന്യസ്ഥസഭയുടെ ആദ്യപിതാവ് നിയോഗിച്ചതനുസരിച്ച് 2004 മുതല്‍ മൂന്ന് വര്‍ഷം സുപ്പീരിയര്‍ ജനറലായും ഞാന്‍ സേവനമനുഷ്ടിച്ചിട്ടുണ്ട്. 2007ല്‍ വീണ്ടും ഞാന്‍ സുപ്പീരിയര്‍ ജനറലായി തെരഞ്ഞെടുക്കപ്പെട്ടു. ആ നിയോഗം 2011 വരെ തുടര്‍ന്നു. ഇക്കാലമത്രയും,ഇന്നോളം ഞാന്‍ എനിക്കു കിട്ടിയ ദൈവവിളി പിന്തുടര്‍ന്നു, സഭാസമൂഹത്തിന്റെ ലക്ഷ്യങ്ങള്‍ സഫലമാക്കാന്‍ എന്റെ ജീവിതം യേശുവില്‍ ആത്മാര്‍ത്ഥമായി സമര്‍പ്പിച്ചു. കുറവിലങ്ങാട് സെന്റ് തോമസ് മിഷന്‍ ഹോമിന്റെ സുപ്പീരിയറായും ഞാന്‍ നിയോഗിക്കപ്പെട്ടു. ഇപ്പോഴും ഞാന്‍ അവിടുത്തെ അംഗമാണ്.

ലൈംഗികപീഡനത്തിന് ഇരയായി നീതി തേടുന്ന ഒരു ഇര എന്ന നിലയിലാണ് ഞാന്‍ ഈ കത്തെഴുതുന്നത്. കുറവിലങ്ങാട് പള്ളി വികാരി റവ.ഫാ.ജോസഫ് തടത്തിലിനേയും പാലാ രൂപതാ മെത്രാന്‍ ജോസഫ് കല്ലറങ്ങാട്ട് പിതാവിനേയും 2017 ജൂണ്‍ മാസം ഞാന്‍ കണ്ടിരുന്നു. 2014 മുതല്‍ 2016 വരെ ബിഷപ് ഫ്രാങ്കോയില്‍ നിന്ന് ഞാന്‍ നേരിട്ട ലൈംഗിക ചൂഷണത്തെപ്പറ്റിയും അത് ചെറുക്കാന്‍ ധൈര്യം കാട്ടിയതിന് ശേഷം പല വഴിയില്‍ അദ്ദേഹം എന്നെ പീഡിപ്പിച്ചുകൊണ്ടിരിക്കുന്നതും ഞാന്‍ അവരോട് പറഞ്ഞിരുന്നു. കടുത്ത പീഡനങ്ങളെത്തുടര്‍ന്ന് ഈ സന്ന്യസ്ഥസമൂഹത്തില്‍ നിന്ന് നിശ്ശബ്ദമായി വിട്ടുപോകാന്‍ 2017 മെയ് മാസത്തില്‍ ഞാനൊരു തീരുമാനം എടുത്തിരുന്നു. പക്ഷേ എന്റെയൊപ്പമുള്ള കന്യാസ്ത്രീകളുടെ സ്‌നേഹവും ചില പിതാക്കന്‍മാരുടെ സ്‌നേഹപൂര്‍ണ്ണമായ ഉപദേശങ്ങളും കാരണം അതില്‍നിന്ന് ഞാന്‍ പിന്‍മാറി. ഞാന്‍ വിടുതല്‍ അപേക്ഷ നല്‍കിയപ്പോള്‍ എനിക്കൊപ്പം ഉണ്ടായിരുന്ന നാല് കന്യാസ്ത്രീകളും ഒപ്പം വിട്ടുപോരാന്‍ തയ്യാറായിരുന്നു. നിരവധി കന്യാസ്ത്രീകള്‍ ജലന്ധര്‍ രൂപത വിട്ടുപോയി മറ്റെവിടെയെങ്കിലും മിഷനറീസ് ഓഫ് ജീസസ് കന്യാസ്ത്രീകളായിത്തന്നെ ജീവിക്കാനുള്ള ആഗ്രഹവും അന്ന് പ്രകടിപ്പിച്ചു. എന്നാല്‍ ഈ സന്ന്യസ്ഥസമൂഹം തകര്‍ന്നുപോകുന്നത് കാണാന്‍ എനിക്കാകുമായിരുന്നില്ല. അതുകൊണ്ട് അന്ന് ഞാന്‍ എന്റെ വിടുതല്‍ അപേക്ഷ പിന്‍വലിച്ചു.

കല്ലറങ്ങാട്ട് പിതാവിന്റേയും വടക്കേല്‍ പിതാവിന്റേയും ഉജ്ജയിന്‍ രൂപതാ ബിഷപ്പിന്റേയും നിര്‍ദ്ദേശപ്രകാരം ഞാന്‍ വടക്കേല്‍ പിതാവ് വഴി സിറോ മലബാര്‍ സഭാദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് 2017 ജൂലൈ 11ന് ഒരു കത്ത് നല്‍കിയിരുന്നു. ബിഷപ് ഫ്രാങ്കോ മുളക്കലില്‍ നിന്ന് മിഷനറീസ് ഓഫ് ജീസസ് കന്യാസ്ത്രീകള്‍ നേരിടേണ്ടിവരുന്ന പീഡനങ്ങളായിരുന്നു കത്തിന്റെ ഉള്ളടക്കം. ഇതേ കത്തിന്റെ മറ്റൊരു പകര്‍പ്പ് വടക്കേല്‍ പിതാവിനും നല്‍കി. 2017 നവംബര്‍ 23ന് ആലഞ്ചേരി പിതാവിനെ നേരിട്ടുകണ്ട് ബിഷപ് ഫ്രാങ്കോയില്‍ നിന്ന് ഞാന്‍ സഹിച്ചതെല്ലാം നേരിട്ട് പറഞ്ഞു. പിന്നീട്, 2017 ഡിസംബറില്‍, ബിഷപ് ഫ്രാങ്കോ എന്നേയും മറ്റൊരു കന്യാസ്ത്രീയേയും ചില പൊലീസ് കേസുകളില്‍ കുടുക്കാന്‍ ശ്രമിക്കുന്നു എന്നറിഞ്ഞ് വത്തിക്കാന്‍ സ്ഥാനപതിയുമായി ഒരു കൂടിക്കാഴ്ചക്ക് അവസരമുണ്ടാക്കിത്തരണമെന്ന് ഞാന്‍ കര്‍!ദിനാളിനോട് ടെലഫോണിലൂടെ അപേക്ഷിച്ചിരുന്നു. അങ്ങയോട് എന്റെ വേദനയും ദുരിതങ്ങളും പറയാമെന്ന് ഞാന്‍ കരുതി. പക്ഷേ കേരളത്തിലെ സഭാധികാരികളില്‍ നിന്ന് എനിക്ക് ശുഭകരമായ ഒരു മറുപടിയും കിട്ടിയില്ല. അതുപോലെ, 2017 ഒക്ടോബറില്‍ അങ്ങ് കൊച്ചിയില്‍ എത്തുമ്പോള്‍ അദ്ദേഹവുമായി ഒരു സ്വകാര്യ കൂടിക്കാഴ്ചക്ക് അവസരമൊരുക്കിത്തരാം എന്ന് വടക്കേല്‍ പിതാവ് എനിക്ക് വാഗ്ദാനം തന്നിരുന്നു. പക്ഷേ അദ്ദേഹവും അത് ചെയ്തുതന്നില്ല. അതുകൊണ്ട് 2018 ജനുവരി 28ന് ഞാന്‍ അങ്ങേയ്ക്ക് നേരിട്ട് ഒരു കത്തയച്ചിരുന്നു. ആ കത്തില്‍ ബിഷപ് ഫ്രാങ്കോ എന്നോട് ചെയ്ത ബലാത്സംഗം, ലൈംഗിക ചൂഷണം, മാനസികപീഡനം, എനിക്കെതിരായി അദ്ദേഹം ജലന്ധര്‍ പൊലീസിന് നല്‍കിയ പരാതിയുടെ വിശദാശംങ്ങള്‍ എന്നിവ ഞാന്‍ വ്യക്തമായി എഴുതിയിരുന്നു. ബംഗളൂരുവില്‍ ഇആഇക യോഗം നടന്ന സമയത്ത് ബിഷപ് കുര്യന്‍ വലിയകണ്ടത്തിലാണ് എന്റെ ആ കത്ത് അങ്ങേയ്ക്ക് കൈമാറിയത്.

അഞ്ച് മാസം ഞാന്‍ കാത്തിരുന്നു. അങ്ങയുടെ ഓഫീസില്‍ നിന്ന് എനിക്ക് മറുപടിയൊന്നും കിട്ടിയില്ല. അതുകൊണ്ട് 2018 മെയ് 14ന് ഞാന്‍ റോമിലെ മൂന്ന് സഭാധികാരികള്‍ക്ക് ഈ വിവരം കാണിച്ച് കത്തെഴുതി കൊരിയര്‍ ചെയ്തു. തുടര്‍ന്ന് അന്വേഷിച്ചപ്പോള്‍ 2018 മെയ് 18ന് കത്ത് അവിടെ കൈപ്പറ്റിയതായി അറിഞ്ഞു. മോസ്റ്റ് റവറന്റ് ആര്‍!ച്ച് ബിഷപ് ലൂയിസ് ഫ്രാന്‍സിസ്‌കോ ലദായിയ, ട. ഋങ.ദഅ ഫെറര്‍ ടഖ, റവറന്‍ഡിസിമ പ്രൊഫെറ്റോ കണ്‍ഗ്രീഗാസിയോണ്‍, പോപ് ഫ്രാന്‍സിസ് എന്നിവര്‍ക്കായിരുന്നു ആ കത്തുകള്‍. ഒരു മാസം ഞാന്‍ കാത്തിരുന്നു. ഉഒഘ കൊരിയര്‍ കമ്പനിയുടെ ഡെലിവറി റിപ്പോര്‍ട്ട് അല്ലാതെ ഒരു മറുപടിയും എനിക്ക് കിട്ടിയില്ല. 2018 ജൂണ്‍ 22ന് ഞാന്‍ ഒരു ശ്രമം കൂടി നടത്തി. വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി മോസ്റ്റ് റവറന്റ് പിയദ്രോ പരോളിന്‍ സെക്രട്ടേറിയോ ഡി സാറ്റോയ്ക്ക് ഒരു കത്തുകൂടി എഴുതി. 2018 ജൂണ്‍ 25ന് ആ കത്തും അവിടെ കൈപ്പറ്റി.

ബിഷപ് ഫ്രാങ്കോ എന്നെ പലവട്ടം ലൈംഗികമായി പീഡിപ്പിച്ചെങ്കിലും എനിക്കെന്റെ സുപ്പീരിയര്‍ ജനറലിനോടോ കൗണ്‍സിലര്‍മാരോടോ ഈ കാര്യം പൂര്‍!ണ്ണമായി വെളിപ്പെടുത്താന്‍ ആകുമായിരുന്നില്ല. എന്റെ മേല്‍ ബിഷപ് ഫ്രാങ്കോ ഒരുപാട് അച്ചടക്കനടപടികള്‍ എടുക്കുന്നതിന്റെ കാരണം ഞാന്‍ അദ്ദേഹത്തിന്റെ കൂടെ കിടക്കാന്‍ വിസമ്മതിച്ചത് കൊണ്ടാണ് എന്ന് ഞാന്‍ അവരോട് ആവര്‍ത്തിച്ച് പറഞ്ഞിരുന്നു. ഈ വാക്കുകളുടെ ഗൗരവം പോലും അവര്‍ ഉള്‍ക്കൊള്ളാത്ത സ്ഥിതിക്ക് എനിക്ക് കൂടുതല്‍ പറയാന്‍ ആകുമായിരുന്നില്ല. മേലധികാരികളെ ഉപയോഗിച്ച് ബിഷപ് ഫ്രാങ്കോ എന്നെ അപകടപ്പെടുത്തിയേക്കും എന്ന ഭയവും എനിക്കുണ്ടായിരുന്നു. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ മിഷനറീസ് ഓഫ് ജീസസില്‍ നിന്ന് 20 കന്യാസ്ത്രീകള്‍ കൊഴിഞ്ഞുപോയത് കന്യാസ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ സഭയുടെ ആത്മീയ നേതൃത്വത്തിന് ഉത്തരങ്ങളൊന്നുമില്ല എന്നതിന് തെളിവാണ്. മിഷനറീസ് ഓഫ് ജീസസ് നേതൃത്വം എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം തേടി സമീപിക്കുന്നത് ബിഷപ് ഫ്രാങ്കോയെ മാത്രമാണ്. സന്ന്യസ്ഥ സമൂഹത്തിന്റെ നേതൃത്വത്തിലെ മുതിര്‍ന്നവരില്‍ ഒരാള്‍ എന്ന നിലയില്‍ മറ്റു കന്യാസ്ത്രീകളുമായി ഈ വിഷയം തുറന്നു സംസാരിക്കാനും എനിക്ക് കഴിയുമായിരുന്നില്ല.

മറ്റ് ചില കന്യാസ്ത്രീകളുടെ മേലും ബിഷപ് ഫ്രാങ്കോയ്ക്ക് കഴുകന്‍ കണ്ണുകള്‍ ഉണ്ടായിരുന്നു. അയാള്‍ക്ക് താല്‍പ്പര്യം തോന്നുന്ന കന്യാസ്ത്രീകളെ അവരുടെ ദൗര്‍ബല്യങ്ങള്‍ ചൂഷണം ചെയ്ത് ബിഷപ് ഫ്രാങ്കോ കെണിയില്‍ പെടുത്തും. 2017 ഏപ്രിലില്‍ നടന്ന ഒരു ഉദാഹരണം ഞാന്‍ സൂചിപ്പിക്കാം. ഞങ്ങളുടെ ഒപ്പമുള്ള ബിഷപ് ഫ്രാങ്കോയോട് അടുത്ത ബന്ധം പുലര്‍ത്തുന്ന ഒരു യുവ കന്യാസ്ത്രീയുടെ ഗൗരവമുള്ള ഒരു തെറ്റ് തെളിവുകളടക്കം പിടിക്കപ്പെട്ടു. ബിഷപ് ഫ്രാങ്കോ അവരെ മറ്റൊരു സംസ്ഥാനത്തേക്ക് നീക്കാന്‍ നിര്‍ദ്ദേശിച്ചു. മൂന്ന് കമ്യൂണിറ്റികള്‍ ഉള്ള അവിടെ ജൂനിയര്‍ കന്യാസ്ത്രീകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. തൊട്ടടുത്ത ആഴ്ച തന്ന ബിഷപ് ഫ്രാങ്കോ ആ കമ്യൂണിറ്റിയില്‍ ഒരു പ്രത്യേക സന്ദര്‍ശനം നടത്തുകയും അവിടെ അന്തിയുറങ്ങുകയും ചെയ്തു. അന്ന് അര്‍ദ്ധരാത്രി 12 മണി വരെ മുമ്പ് പറഞ്ഞ കന്യാസ്ത്രീ ബിഷപ് ഫ്രാങ്കോയുടെ 'ആത്മീയ ശിക്ഷണത്തില്‍' ആയിരുന്നു. ബിഷപ് അവിടെ അന്തിയുറങ്ങിയ അസാധാരണ സാഹചര്യം മിഷനറീസ് ഓഫ് ചാരിറ്റി കന്യാസ്ത്രീകള്‍ക്കിടയില്‍ വലിയ സംശയങ്ങള്‍ ഉണര്‍ത്തിയിരുന്നു. അധികൃതരുടെ കനിവ് കിട്ടാതെ നിരവധി കന്യാസ്ത്രീകള്‍ സഭ ഉപേക്ഷിച്ച് പോയപ്പോള്‍ അവരോടൊന്നും തോന്നാത്ത പ്രത്യേക പരിഗണന ഈ കന്യാസ്ത്രീയോട് മാത്രം ബിഷപ് ഫ്രാങ്കോയ്ക്ക് തോന്നിയത് എന്തേ എന്നാണ് എനിക്ക് തോന്നിയത്. ആ കന്യാസ്ത്രീക്കെതിരെ അച്ചടക്ക നടപടി ഉണ്ടാകാതിരിക്കാന്‍ അദ്ദേഹം ചെയ്യാവുന്നതെല്ലാം ചെയ്തു. ഏത് സമയവും ബന്ധപ്പെടാന്‍ സൗകര്യപ്രദമായ ഇടത്തേക്ക് അവരെ മാറ്റി നിയമിക്കുകയും ചെയ്തു. ഉണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് നല്ല ബോധ്യമുള്ളതുകൊണ്ട് ആരും ഇത് പരസ്യമായി ചോദ്യം ചെയ്തുമില്ല. സഭാധികാരികള്‍ നീതിപൂര്‍ണ്ണമായ ഒരു അന്വേഷണം നടത്തിയാല്‍ ജലന്ധര്‍ രൂപതയിലെ കന്യാസ്ത്രീകളില്‍ നിന്ന് ഇത്തരം നിരവധി സംഭവങ്ങള്‍ പുറത്തുവരും.

മേല്‍പ്പറഞ്ഞ സംഭവം ഞങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നില്ല. കാരണം ആ കന്യാസ്ത്രീയെ സ്വഭാവഹത്യ ചെയ്യാനും അവരുടെ വായ എന്നേയ്ക്കുമായി മൂടാനും ഏത് വൃത്തികെട്ട കളിയും ബിഷപ് ഫ്രാങ്കോ കളിക്കുമെന്ന് ഞങ്ങള്‍ക്ക് അറിയാം. അയാളെ എതിര്‍ക്കുന്നവരെല്ലാം ശക്തമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും. എനിക്കും നീതികിട്ടാന്‍ എന്നെ പിന്തുണയ്ക്കുന്ന കന്യാസ്ത്രീകള്‍ക്കും എതിരെ സംസാരിക്കാന്‍ സുപ്പീരിയര്‍ ജനറലിനുമേലും രൂപതയിലെ ചില അച്ചന്‍മാര്‍ക്ക് മേലും അദ്ദേഹം സമ്മര്‍ദ്ദം ചെലുത്തി. ബിഷപ് ഫ്രാങ്കോയെ എതിര്‍ക്കുന്ന ചില പുരോഹിതരെ സന്തോഷിപ്പിക്കാനാണ് ഞാന്‍ ഇതെല്ലാം ചേയ്യുന്നതെന്നാണ് അവരുടെ ആരോപണം.

ഞങ്ങളെ വിവിധ പൊലീസ് കേസുകളില്‍ കുടുക്കാന്‍ ബിഷപ് ഫ്രാങ്കോ നടത്തിയ ചില ശ്രമങ്ങളിലേക്കും ഞാന്‍ അങ്ങയുടെ ശ്രദ്ധ ക്ഷണിക്കട്ടെ. 2017 നവംബര്‍ 30ന് പഞ്ചാബ് പൊലീസിലെ അടക അംരിക് സിംഗ് എന്നെ ഫോണില്‍ വിളിച്ചു. ഞാനും സിസ്റ്റര്‍ അനുപമയും ആത്മഹത്യ ചെയ്യും എന്നു പറഞ്ഞ് ബിഷപ് ഫ്രാങ്കോയെ ഭീഷണിപ്പെടുത്തിയതായി ഒരു പരാതി കിട്ടിയതായി അദ്ദേഹം അറിയിച്ചു. ജലന്ധര്‍ രൂപതയുടെ പിആര്‍ഒ ആയ ഫാ.പീറ്റര്‍ കാവുംപുറം ആണ് ഈ പരാതി നല്‍കിയത്. ഞാനെന്റെ സുപ്പീരിയര്‍ ജനറലിനോട് പൊലീസ് അന്വേഷണത്തെപ്പറ്റി പറഞ്ഞെങ്കിലും ഒരു പ്രതികരണവും ഉണ്ടായില്ല. സഭാധികാരികളില്‍ നിന്ന് എന്തെങ്കിലും ഒരു ഇടപെടല്‍ ഉണ്ടാകുമെന്ന് കരുതി ഞങ്ങള്‍ ക്ഷമയോടെ കാത്തിരിക്കുന്നതിനിടെ 2018 ജൂണ്‍ 19ന് ബിഷപ് ഫ്രാങ്കോ പിആര്‍ഒ വഴി എന്റെ സഹോദരന് എതിരായി പഞ്ചാബ് പൊലീസില്‍ ഒരു കേസ് കൂടി ഫയല്‍ ചെയ്തു. ബിഷപ് ഫ്രാങ്കോയെ വകവരുത്തുമെന്ന് എന്റെ സഹോദരന്‍ ഭീഷണിപ്പെടുത്തി എന്നായിരുന്നു ആ പരാതിയിലെ വ്യാജ ആരോപണം.

2018 ജൂണ്‍ 26ന് പിആര്‍ഒ വഴി കോട്ടയം എസ്പിക്ക് ബിഷപ് ഫ്രാങ്കോ ഒരു പരാതി കൂടി കൊടുത്തു. എനിക്കൊപ്പം ഈ പോരാട്ടത്തില്‍ ഉറച്ചുനിന്ന അഞ്ച് കന്യാസ്ത്രീകളുടെ കുടുംബാംഗങ്ങളും ഞങ്ങള്‍ സഞ്ചരിച്ച കാറിന്റെ ഡ്രൈവറും ഉള്‍പ്പെടെ ആറുപേര്‍ക്ക് എതിരെ ആയിരുന്നു അത്. കുറവിലങ്ങാട് മഠത്തില്‍ എന്റെയൊപ്പം താമസിക്കുന്നവര്‍ ആയതുകൊണ്ടും എന്റെയൊപ്പം നിന്ന് എനിക്ക് നീതി കിട്ടണമെന്ന് വാദിച്ചവരും ആയതുകൊണ്ടാണ് ആ അഞ്ചുപേര്‍ ചിത്രത്തില്‍ വന്നത്. 2018 ജൂണ്‍ 26ന് എന്റെ സഹോദരനെതിരെ കൊടുത്തതിന് സമാനമായ പരാതി ആയിരുന്നു അവര്‍ക്കെതിരെയും നല്‍കിയത്.

ഞങ്ങള്‍ക്കും കുടുംബാംഗങ്ങള്‍ക്കും എതിരെ ജലന്ധറിലെ അധികാരികള്‍ നല്‍കിയ ഈ പരാതികളെല്ലാം കണ്ട് ഞങ്ങള്‍ ഭയപ്പെട്ട് തരിച്ചുപോയി. ദില്ലി റീജയണ്‍ മെത്രോപ്പൊലീത്ത ആര്‍ച്ച് ബിഷപ് അനില്‍ കൗട്ടോ 2018 മെയില്‍ കുറവിലങ്ങാട് മഠം സന്ദര്‍ശിച്ചപ്പോള്‍ ഞങ്ങള്‍ ഇക്കാര്യം സംസാരിച്ചു. പിന്നീട് ഫോണ്‍ മുഖേനെയും ഞങ്ങളുടെ സമരവും ദുരിതവും അദ്ദേഹത്തെ ധരിപ്പിച്ചു. അദ്ദേഹം അങ്ങയുടെ ഇ മെയില്‍ വിലാസം തന്നിട്ട് അങ്ങേയ്ക്ക് എഴുതാന്‍ ഞങ്ങളോട് നിര്‍ദ്ദേശിച്ചു. ഇ മെയില്‍ വിലാസം കിട്ടിയ അന്നു രാത്രി തന്നെ, അതായത് 2018 ജൂണ്‍ 24ന് പിആര്‍!ഒ ഞങ്ങള്‍ക്കെതിരെ വിവിധ പത്രങ്ങളില്‍ നല്‍കിയ പത്രക്കുറിപ്പുകളടക്കം ചേര്‍ത്ത് അങ്ങേയ്ക്ക് ഞങ്ങള്‍ ഒരു അടിയന്തര ഇ മെയില്‍ സന്ദേശം അയച്ചിരുന്നു. സഭ ഒരു സത്യാന്വേഷണം നടത്തുംവരെ ഞങ്ങളുടെ കുടുംബാംഗങ്ങള്‍ക്ക് എതിരായ നിയമനടപടികള്‍ അവസാനിപ്പിക്കാന്‍ അങ്ങ് ബിഷപ് ഫ്രാങ്കോയോട് ആവശ്യപ്പെടുമെന്നാണ് ഞങ്ങള്‍ കരുതിയത്. പക്ഷേ സത്യത്തിനും നീതിക്കും വേണ്ടിയുള്ള ഞങ്ങളുടെ അഭ്യര്‍ത്ഥന സഭാധികൃതര്‍ കണ്ടില്ലെന്ന് നടിച്ചു. നീതി കിട്ടാനും ഞങ്ങളുടെയും കുടുംബാംഗങ്ങളുടേയും സുരക്ഷയ്ക്കും വേണ്ടി പൊലീസിനെ സമീപിക്കുകയല്ലാതെ ഞങ്ങള്‍ക്ക് വേറെ വഴിയില്ലായിരുന്നു. അതുകൊണ്ട് ബിഷപ് ഫ്രാങ്കോയ്‌ക്കെതിരെ അങ്ങേയ്ക്ക് 2018 ജനുവരിയില്‍ തന്ന അതേ പരാതി തന്നെ 2018 ജൂണ്‍ 28ന് ഞാന്‍ പൊലീസിന് കൈമാറി.

ഈ കേസില്‍ ഇതേവരെയുള്ള നടപടികള്‍ നോക്കിയാല്‍, ബിഷപ് ഫ്രാങ്കോ പണവും രാഷ്ട്രീയ സ്വാധീനവും ഉപയോഗിച്ചും തെറ്റായ വിവരങ്ങള്‍ ധരിപ്പിച്ചും കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നത് വ്യക്തമാണ്. അതിന് അദ്ദേഹത്തിന് സഭാധികാരികളുടെ പിന്തുണയുമുണ്ട്.

എനിക്കെതിരെ ബിഷപ് ഫ്രാങ്കോ എടുത്ത അച്ചടക്ക നടപടികള്‍ കാരണമാണ് ഞാന്‍ പൊലീസ് കേസ് കൊടുത്തതെന്നായിരുന്നു ബിഷപ്പിന്റെ ആദ്യ നിലപാട്. ഒരു തര്‍ക്കത്തെ തുടര്‍ന്ന് എന്റെ ഒരു ബന്ധു എനിക്കെതിരായി മദര്‍ സുപ്പീരിയറിന് നല്‍കിയ പരാതി അദ്ദേഹം ഇതിനായി ഉപയോഗിച്ചു. യഥാര്‍ത്ഥ കുറ്റകൃത്യത്തില്‍ നിന്ന് പൊലീസിന്റെ ശ്രദ്ധ തിരിക്കാനുള്ള ഒരു ആയുധമായി അദ്ദേഹം ഇത് ഉപയോഗിച്ചു. പൊലീസ് അന്വേഷണത്തില്‍ ആ ബന്ധു നല്‍കിയ പരാതി കെട്ടിച്ചമച്ച കള്ളക്കഥയാണെന്ന് പിന്നീട് തെളിഞ്ഞു.


ഫാ.ജെയിംസ് ഏ!ര്‍ത്തയില്‍ ഞങ്ങളെ മൂന്ന് തവണ സമീപിച്ച് ബിഷപ് ഫ്രാങ്കോയ്ക്ക് എതിരായ പരാതി പിന്‍വലിക്കുകയാണെങ്കില്‍ വന്‍ തുകയും കാഞ്ഞിരപ്പള്ളി രൂപതാ പരിധിയില്‍ പത്ത് ഏക്കര്‍ ഭൂമിയും തരാമെന്ന് വാഗ്ദാനം ചെയ്തു. ഇതിന് പിന്നിലെ ജലന്ധര്‍ രൂപതയുടെ കൈ വെളിവാക്കുന്നതാണ് ഈ ഇങക വൈദികന്റെ ഇടപെടല്‍. ബിഷപ്പിനെതിരായ പരാതി പിന്‍വലിപ്പിക്കാന്‍ ജലന്ധര്‍ രൂപതാ അധികൃതര്‍ ഞങ്ങളുടെ മേല്‍ നടത്തിയ സമ്മര്‍ദ്ദത്തിന്റെ ശക്തമായ തെളിവുകള്‍ അന്വേഷണ സംഘത്തിനും കിട്ടിയിട്ടുണ്ട്. എന്നാല്‍ ഇതിന് പിന്നില്‍ ശക്തരായ പലരും ഉള്ളതുകൊണ്ട് പൊലീസ് ഇക്കാര്യത്തില്‍ കാര്യമായ അന്വേഷണം നടത്തിയില്ല.


സ്വന്തം അധികാരസ്ഥാനം സംരക്ഷിക്കാന്‍ വേണ്ടി കള്ളത്തെളിവുകള്‍ കാട്ടിയാണ് ബിഷപ് ഫ്രാങ്കോ എനിക്കും എന്റെയൊപ്പം നില്‍ക്കുന്ന കന്യാസ്ത്രീകളുടെ കുടുംബാംഗങ്ങള്‍ക്കും എതിരെ കേരളത്തിലും പഞ്ചാബിലും നല്‍കിയ വിവിധ കേസുകള്‍ കൊടുത്തത്. എന്റെ ഇടവകയിലെ സിജോയ് എന്നയാളെ സ്വാധീനിച്ച് എന്റെ സഹോദരന്‍ ബിഷപ് ഫ്രാങ്കോയെ വകവരുത്താന്‍ തയ്യാറെടുക്കുന്നതായി മൊഴി കൊടുപ്പിച്ചു. ഇതിനായി സിജോയെ വിമാനമാര്‍ഗ്ഗം അവര്‍ ജലന്ധറിലേക്ക് വിളിച്ചുവരുത്തി. എന്നാല്‍ പിന്നീട് പൊലീസിനോട് സിജോയ് സത്യം തുറന്നു പറഞ്ഞു.


കേസിന്റെ തുടക്ക സമയത്ത് ഒരു പ്രമുഖ ടെലിവിഷന്‍ ചാനലിലെ അഭിമുഖത്തില്‍ താന്‍ പൊലീസ് സംഘം ജലന്ധറിലെത്താന്‍ കാത്തിരിക്കുകയാണെന്നും അവരോട് സത്യം തുറന്നു പറയുമെന്നും പറഞ്ഞു. എന്നാല്‍ ദിവസങ്ങളോളം പലരേയും ചോദ്യം ചെയ്തതിന് ശേഷം പൊലീസ് ജലന്ധറിലെ ബിഷപ് ഹൗസില്‍ എത്തിയപ്പോള്‍, അദ്ദേഹം പഞ്ചാബ് പൊലീസിന്റെ സഹായത്തോടെ രക്ഷപ്പെടാനാണ് ശ്രമിച്ചത്. ബിഷപ് ഫ്രാങ്കോ ജലന്ധറിലെ ഒരിടത്തുതന്നെ ഉണ്ടായിരുന്നിട്ടും അദ്ദേഹം ഛത്തീസ്ഘഡില്‍ ആയിരുന്നു എന്ന് അവര്‍ ധരിപ്പിക്കാന്‍ ശ്രമിച്ചു. പക്ഷേ അന്വേഷണ ഉദ്യോഗസ്ഥര്‍ അന്നുതന്നെ അദ്ദേഹത്തെ കാണണം എന്ന് ഉറച്ച നിലപാട് എടുത്തപ്പോള്‍, നാല് മണിക്കൂറിന് ശേഷം പഞ്ചാബ് പൊലീസ് അദ്ദേഹത്തെ തിരികെ വിളിച്ചു. വൈകുന്നേരം അന്വേഷണ സംഘത്തെ കാണാന്‍ ബിഷപ് ഫ്രാങ്കോ എത്തിയപ്പോള്‍ അദ്ദേഹത്തിന്റെ സ്വകാര്യ സുരക്ഷാ സംഘം ബിഷപ് ഹൗസില്‍ വച്ച് പഞ്ചാബ് പൊലീസിന് മുന്പില്‍ വച്ച് മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചു.


പൊലീസ് ചോദ്യം ചെയ്ത സമയത്ത് ബിഷപ് ഫ്രാങ്കോ പരസ്പരവിരുദ്ധമായ മൊഴികള്‍ നല്‍കുകയും കുറവിലങ്ങാട് മഠത്തില്‍ വന്നുതാമസിച്ച കാര്യം നിഷേധിക്കുകയും ചെയ്തു. പക്ഷേ അത് മഠത്തിലെ രജിസ്റ്ററില്‍ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്, അദ്ദേഹത്തെ എത്തിച്ച ഡ്രൈവര്‍ അക്കാര്യം സാക്ഷ്യപ്പെടുത്തിയിട്ടുമുണ്ട്. മുതലക്കോടം സേക്രഡ് ഹാര്‍!ട്ട് കോണ്‍വെന്റിലെ ഒരു കന്യാസ്ത്രീയെ സ്വാധീനിച്ച് ആ ദിവസങ്ങളില്‍ അദ്ദേഹം അവിടെയായിരുന്നു താമസമെന്ന് ബിഷപ് ഫ്രാങ്കോ ഇക്കാര്യത്തില്‍ കള്ളത്തെളിവുണ്ടാക്കി. പക്ഷേ അന്വേഷണസംഘം പിന്നീട് സത്യം കണ്ടെത്തി. കള്ളം പറയാന്‍ തന്നെ നിര്‍ബന്ധിക്കുകയായിരുന്നു എന്ന് ആ കന്യാസ്ത്രീ സമ്മതിച്ചു. അവരുടെ മഠത്തിലെ രജിസ്റ്റര്‍ സത്യം പുറത്തുകൊണ്ടുവന്നു.


ഇന്ത്യന്‍ ശിക്ഷാനിയമപ്രകാരം, ഇരയുടെ വൈദ്യ പരിശോധനാ റിപ്പോര്‍ട്ടും സെക്ഷന്‍ 164 പ്രകാരം ഇര മജിസ്‌ട്രേറ്റിന് മുന്നില്‍ നല്‍കിയ മൊഴിയും മാത്രം മതി ഈ കേസ് മുന്നോട്ട് കൊണ്ടുപോകാന്‍. 2018 ഓഗസ്റ്റ് പത്താം തീയതി അന്വേഷണ ഉദ്യോഗസ്ഥനായ ഉഥടജ കെ.സുഭാഷ് ബഹുമാനപ്പെട്ട കേരള ഹൈക്കോടതിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ അത് വ്യക്തമായി പറയുന്നുണ്ട്. 'ഇതുവരെ നടത്തിയ അന്വേഷണത്തിന്റേയും ശേഖരിച്ച തെളിവുകളുടേയും അടിസ്ഥാനത്തില്‍, കന്യാസ്ത്രീയെ അവരുടെ സമ്മതമില്ലാതെയും ജലന്ധര്‍ ബിഷപ് എന്ന നിലയിലുള്ള അധികാരസ്ഥാനം ഉപയോഗിച്ചും ബിഷപ് ഫ്രാങ്കോ പ്രകൃതി വിരുദ്ധ പീഡനം നടത്തിയതായും23/09/2017 നും 05/05/2018 ഇടയില്‍ നിരവധി തവണ ബലാത്സംഗം ചെയ്തതായും വെളിപ്പെട്ടിട്ടുണ്ട്. കുറവിലങ്ങാട് സെന്റ് ഫ്രാന്‍സിസ് മിഷന്‍ ഹോം ഗസ്റ്റ് ഹൗസിന്റെ ഇരുപതാം നമ്പര്‍ മുറിയില്‍ തടങ്കലില്‍ വച്ചായിരുന്നു പീഡനം.'(റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ഒപ്പം ചേര്‍ക്കുന്നു.)
പക്ഷേ ഈ കേസില്‍ 72 ദിവസത്തെ അന്വേഷണം കഴിഞ്ഞിട്ടും, ബിഷപ് ഫ്രാങ്കോ അദ്ദേഹത്തിന്റെ എല്ലാ വിശേഷാധികാരങ്ങളുമായി സുഖമായി കഴിയുന്നു. അദ്ദേഹത്തിന് പൊലീസ് ഉന്നത അധികാരികളില്‍ നിന്നും സംസ്ഥാന സര്‍ക്കാരില്‍ നിന്ന് അസാമാന്യമായ സുരക്ഷ കിട്ടുന്നു. ഇന്ത്യന്‍ കത്തോലിക്കാ സഭാ അധികൃതരുടെ ഉദാസീനതയും നാടിന്റെ നിയമങ്ങളില്‍ നിന്ന് അദ്ദേഹത്തിന് കിട്ടുന്ന സുരക്ഷ വര്‍ദ്ധിപ്പിക്കുന്നു.

ഈ പരാതി നല്‍കിയ ദിവസം മുതല്‍ ഞങ്ങള്‍ സഭയുടേയും സമൂഹത്തിന്റേയും മുഖ്യധാരയില്‍ നിന്ന് പുറത്തായിരിക്കുന്നു. എല്ലാ ദിശയില്‍നിന്നും ഞങ്ങള്‍ അവഗണന മാത്രമാണ് അനുഭവിക്കുന്നത്. പിതാക്കന്‍മാരോടും പുരോഹിതരോടും മാത്രമേ സഭയ്ക്ക് പരിഗണനയുള്ളൂ എന്ന് ഞങ്ങള്‍ക്ക് തോന്നുന്നു. കന്യാസ്ത്രീകള്‍ക്കും സ്ത്രീകള്‍ക്കും നീതി കിട്ടാന്‍ കാനോന്‍ നിയമത്തില്‍ എന്തെങ്കിലും വകുപ്പുകളുണ്ടോ എന്നറിഞ്ഞാല്‍ കൊള്ളാമെന്നുണ്ട്. അങ്ങനെയുണ്ടെങ്കില്‍ സഭ എന്തിനാണ് ഞങ്ങളോട് ഇത്രയും വേര്‍തിരിവ് കാണിക്കുന്നത്? ഞങ്ങളുടെ ചില അനുഭവങ്ങളാണ് ചുവടെ.

ഞങ്ങളുടെ മഠം ഉള്‍പ്പെടുന്ന ഇടവകയിലെ പുരോഹിതര്‍ ഇവിടെ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കാന്‍ വരുന്നത് നിര്‍ത്തി. വൃദ്ധര്‍ ഉള്‍പ്പെടെ ഇരുപത് അന്തേവാസികളുണ്ട് ഈ മഠത്തില്‍.


മിക്ക പുരോഹിതരും കന്യാസ്ത്രീകളും ഞങ്ങളെ കത്തോലിക്കാ സഭയുടെ ശത്രുക്കളായി കാണുന്നു. സഭ തുടരുന്ന മൗനം ഞങ്ങള്‍ക്ക് കൂടുതല്‍ നാണക്കേട് വന്നുചേരാനും ഞങ്ങളെ കൂടുതല്‍ സ്വഭാവഹത്യ ചെയ്യാനും കാരണമാകുന്നു.


കന്യാസ്ത്രീകളേയും പുരോഹിതരേയും സഭ രണ്ടു തരമായാണ് കണക്കാക്കുന്നത്. അച്ചടക്കരാഹിത്യം ആരോപിച്ച് ജലന്ധര്‍ രൂപതയില്‍ നിന്ന് ഫാ.ബേസില്‍ എന്ന പുരോഹിതനെ ബിഷബ് ഫ്രാങ്കോ പുറത്താക്കിയപ്പോള്‍ അക്കാര്യം സിറോ മലബാര്‍ രൂപതാ ബുള്ളറ്റിനില്‍ പ്രസിദ്ധീകരിച്ചിരുന്നു. എന്നാല്‍ ഞങ്ങളുടെ കാര്യത്തില്‍ ഇടപെടാനാകില്ലെന്ന് സിറോ മലബാര്‍ സഭാ അധികാരികള്‍ വ്യക്തമാക്കി. ഞങ്ങളുടെ സന്ന്യസ്ഥ സമൂഹം സിറോ മലബാര്‍ പാരമ്പര്യത്തിലുള്ളതല്ല, ലത്തീന്‍ പാരമ്പര്യത്തിലുള്ളതാണ് എന്നായിരുന്നു വിശദീകരണം. അധികാരത്തിനൊപ്പം മാത്രമേ സഭ നില്‍ക്കൂ എന്നതിന് തെളിവാണിത്. ശബ്ദമില്ലാത്തവര്‍ക്ക് ഇവിടെ ശബ്ദമില്ല.


ബിഷപ് ഫ്രാങ്കോയ്ക്ക് എതിരായ കേസ് പിന്‍വലിക്കാന്‍ വേണ്ടി ഇങക പുരോഹിതന്‍ ഫാ.ഏര്‍ത്തയില്‍ ഞങ്ങളെ സ്വാധീനിക്കാന്‍ ശ്രമിച്ച വിവരം വെളിവായപ്പോള്‍ ഇങക പ്രൊവിന്‍ഷ്യല്‍ ഫാ.ഏര്‍ത്തയിലിന് വേണ്ടി ബിഷപ് ഫ്രാങ്കോയോടും ജലന്ധര്‍ രൂപയോടും മാപ്പപേക്ഷിച്ചു. ഫാ.ഏര്‍ത്തയിലിന്റെ ഇടപെടല്‍ അവര്‍ക്ക് ഉണ്ടാക്കിയ നാണക്കേട് കാരണമായിരുന്നു ഇത്. എന്നാല്‍ സ്ത്രീകള്‍ക്ക് ഉണ്ടായ നാണക്കേടിലോ അവരുടെ നീതിക്കുവേണ്ടിയുള്ള ശ്രമത്തിലോ ഇങക ആത്മീയ നേതൃത്വത്തിന് ഒരു ഉത്കണ്ഠയുമില്ല.


സഭയെ അമ്മയായി കാണണമെന്നാണ് കുട്ടിക്കാലം മുതലേ ഞങ്ങളെ പഠിപ്പിച്ചത്. എന്നാല്‍ സ്ത്രീകള്‍ക്കും സാധാരണക്കാര്‍ക്കും സഭ ചിറ്റമ്മയാണെന്ന് എന്റെ അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ എനിക്ക് തോന്നിത്തുടങ്ങിയിരിക്കുന്നു.


പാരിഷ് ഹൗസുകള്‍, പാസ്റ്റരല്‍ സെന്ററുകള്‍ തുടങ്ങിയ സൗകര്യങ്ങള്‍ ഉള്ളപ്പോഴും പുരോഹിതരേയും പിതാക്കന്‍മാരെയും കന്യാസ്ത്രീ മഠങ്ങളില്‍ രാത്രി തങ്ങാന്‍ അനുവദിക്കുന്നതിലും എനിക്ക് ഉത്കണ്ഠയുണ്ട്.


പിതാവേ, ഞാനൊന്നു ചോദിക്കട്ടെ, ബിഷപ് ഫ്രാങ്കോയെ സംരക്ഷിച്ച്, സഭയുടെ അന്തസ് സംരക്ഷിക്കാന്‍ നോക്കുന്ന സഭാ അധികൃതര്‍ക്ക് എനിക്ക് നഷ്ടപ്പെട്ടത് തിരികെ തരാന്‍ കഴിയുമോ? കത്തോലിക്കാ സഭ ഇപ്പോഴും എന്നെ സംശയിക്കുന്നു എന്ന് എനിക്ക് തോന്നുന്നു. എന്നെ 'പതിമൂന്ന് തവണ' ലൈംഗികമായി ചൂഷണം ചെയ്യാന്‍ ഞാനെന്തിന് നിന്നുകൊടുത്തു?ഇത് പുറത്തുപറയാന്‍ എനിക്ക് കഠിനമായ ഭയവും നാണക്കേടുമായിരുന്നു. ഇത് ഒതുക്കിത്തീര്‍ക്കുമെന്നും എന്റെ കുടുംബത്തിന് ഭീഷണിയുണ്ടാകുമെന്നും ഞാന്‍ ഭയന്നു. അയാളെ തടയാനുള്ള കരുത്ത് ഞാന്‍ സംഭരിക്കുമ്പോള്‍ സത്യത്തിന് നേരെ സഭ കണ്ണടക്കുന്നത് എന്തേയെന്നും ഞാന്‍ ഭയന്നു.

ബഹുമാന്യരെന്ന് കരുതുന്നവരും കരുതല്‍ കിട്ടുമെന്ന് പ്രതീക്ഷിക്കുന്നവരും ആയ പലരും ലൈംഗികമായി ഉപദ്രവിക്കുമ്പോള്‍ ചെറുക്കാനുള്ള ശേഷിയും ധൈര്യവുമില്ലാതെ നിരവധി കന്യാസ്ത്രീകളും സ്ത്രീകളും ഒന്നും മിണ്ടാതെ സഹിക്കുന്നുണ്ട്. കുറ്റകൃത്യങ്ങള്‍ കാണുമ്പോഴുള്ള സഭാ അധികാരികളുടെ മൗനവും കുറ്റവാളികള്‍ക്കുള്ള പിന്തുണയും പൊതുസമൂഹത്തിന് മുമ്പില്‍ സഭയുടെ വിശ്വാസ്യത തകര്‍ക്കുമെന്ന് ഞാന്‍ ഭയപ്പെടുന്നു മനുഷ്യന്‍ എന്ന നിലയിലുള്ള അന്തസ് സംരക്ഷിക്കണമെങ്കില്‍ . ഇന്ത്യന്‍ കത്തോലിക്കാ സഭയിലെ സ്ത്രീകള്‍ക്ക് സഭാവിശ്വാസം നഷ്ടപ്പെടുത്തിക്കൊണ്ട് പ്രതികരിച്ചാലേ കഴിയൂ എന്ന നിലയാണ്.

സന്ന്യസ്ഥ സമൂഹത്തിന്റെ നേതൃത്വത്തില്‍ നിന്നും സിറോ മലബാര്‍, ലത്തീന്‍ സഭാ അധികാരികളില്‍ നിന്നും നികുതി നിഷേധിക്കപ്പെട്ട വിശ്വാസിയായ ഒരു കന്യാസ്ത്രീ എന്ന നിലയില്‍ എന്റെ അവസ്ഥയില്‍ കനിവുണ്ടാകണമെന്ന് ഒരിക്കല്‍ക്കൂടി ഞാന്‍ അങ്ങയോട് കേണപേക്ഷിക്കുന്നു. വേഗം ഒരു അന്വേഷണം നടത്തി ബിഷപ് ഫ്രാങ്കോയെ അദ്ദേഹം വഹിക്കുന്ന ആത്മീയ ചുമതലയില്‍ നിന്ന് നീക്കണമെന്ന് സഭാ അധികൃതരോട് ഞാന്‍ യാചിക്കുന്നു. ഈ സ്ഥാനത്ത് തുടര്‍ന്നാല്‍ അദ്ദേഹവും അദ്ദേഹത്തിന്റെ കൂട്ടാളികളും സഭയുടെ സമ്പത്ത് ഉപയോഗിച്ച് പൊലീസിന്റെ അന്വേഷണം വഴിതെറ്റിക്കും. പണവും സ്ഥാനമാനങ്ങളും വാഗ്ദാനം ചെയ്ത് അവര്‍ക്കൊപ്പം നില്‍ക്കാന്‍ അവര്‍ ആളുകളെ സ്വാധീനിക്കും. അവര്‍ ഞങ്ങളെ ആക്രമിക്കാന്‍ ആളുകളെ സംഘടിപ്പിക്കുകയാണ്. ബിഷപ് ഫ്രാങ്കോ പണവും രാഷ്ട്രീയ അധികാരവും ഉപയോഗിച്ച് ഉന്നത ഉദ്യോഗസ്ഥരേയും സര്‍ക്കാരിനേയും സ്വാധീനിക്കുകയാണ്. ഞാന്‍ ഉയര്‍ത്തിയ നിയമനടപടികളെ അദ്ദേഹം കുഴിച്ചുമൂടും. രണ്ട് മാസം മുമ്പാണ് ബിഷപ് ഫ്രാങ്കോയ്‌ക്കെതിരെ കേസ് കൊടുത്തതെങ്കിലും, ശേഖരിച്ച തെളിവുകള്‍ പ്രകാരം അന്വേഷണ സംഘത്തിന് വസ്തുത ബോധ്യപ്പെട്ടെങ്കിലും, ബിഷപ്പിന്റെ രാഷ്ട്രീയ, സാമ്പത്തിക സ്വാധീനം കാരണം അവര്‍ക്ക് അദ്ദേഹത്തെ അറസ്റ്റ് ചെയ്യാനായിട്ടില്ല.

ഈ സാഹചര്യത്തില്‍ ഞാന്‍ വീണ്ടും നീതിക്കുവേണ്ടി സഭാധികൃതരെ സമീപിക്കുകയാണ്. വിശുദ്ധ സഭാ സമുദ്രത്തെ ഇന്ത്യയില്‍ പ്രതിനിധീകരിക്കുന്ന അങ്ങ് അടിയന്തരമായി ഈ വിഷയത്തില്‍ ഇടപെടണമെന്ന് ഞാന്‍ അപേക്ഷിക്കുന്നു.

വിശ്വസ്തതയോടെ,

(പീഡനത്തെ അതിജീവിച്ച കന്യാസ്ത്രീ)

കുറവിലങ്ങാട്,

08/09/2018
 
Other News in this category

 
 




 
Close Window