ലണ്ടന്‍: ഇംഗ്ലണ്ടിലെ എന്‍എച്ച്എസ് സേവനങ്ങളില്‍ കുട്ടികളുടെയും യുവാക്കളുടെയും ചികിത്സയ്ക്കുള്ള കാത്തിരിപ്പ് നീളുന്നതായി കെയര്‍ ക്വാളിറ്റി കമ്മീഷന്റെ വാര്‍ഷിക 'സ്റ്റേറ്റ് ഓഫ് കെയര്‍' റിപ്പോര്‍ട്ട്. മുതിര്‍ന്നവരുടെ കാത്തിരിപ്പുസമയത്തില്‍ നേരിയ പുരോഗതിയുണ്ടായപ്പോഴും കുട്ടികളുടെ സ്ഥിതി മോശമായതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. കമ്മ്യൂണിറ്റി ഹെല്‍ത്ത് സേവനങ്ങളില്‍ അപ്പോയിന്റ്മെന്റ് ലഭിക്കാന്‍ ഏകദേശം ഒരുവര്‍ഷമായി കാത്തിരിക്കുന്ന കുട്ടികളുടെയും യുവാക്കളുടെയും എണ്ണം 80,000 ആണ്. സമാനമായി കാത്തിരിക്കുന്ന മുതിര്‍ന്നവരുടെ എണ്ണത്തിന്റെ പതിനൊന്നിരട്ടിയാണിത്. ചികിത്സ വൈകുന്നത് കുട്ടികളുടെ ആരോഗ്യനില വഷളാക്കാനും തുടര്‍ചികിത്സ കൂടുതല്‍ സങ്കീര്‍ണമാകാനും ഇടയാക്കുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
സേവനങ്ങള്‍ ആവശ്യപ്പെടുന്നവരുടെ എണ്ണം ഉയരുന്നതിനിടെ ഹെല്‍ത്ത് വിസിറ്റര്‍മാരുടെയും സ്‌കൂള്‍ നഴ്സുമാരുടെയും എണ്ണം കുറയുന്നതും റിപ്പോര്‍ട്ടില്‍ എടുത്തുപറയുന്നു. കുട്ടികളുടെ ആരോഗ്യപ്രശ്‌നങ്ങള്‍ കണ്ടെത്തുന്നതിനും ആവശ്യമായ പരിചരണം ലഭ്യമാക്കുന്നതിനും ഈ ജീവനക്കാരുടെ സേവനം നിര്‍ണായകമാണ്. അതേസമയം, ഇംഗ്ലണ്ടിലെ ആരോഗ്യ-സാമൂഹിക പരിചരണ മേഖലകളില്‍ ചില പുരോഗതിയുടെ സൂചനകളുമുണ്ട്. കൂടുതല്‍ ജിപി അപ്പോയിന്റ്മെന്റുകള്‍ നല്‍കാന്‍ കഴിയുന്നുണ്ടെങ്കിലും വര്‍ധിച്ചുവരുന്ന ആവശ്യങ്ങള്‍ സേവനങ്ങള്‍ക്കുമേലുള്ള സമ്മര്‍ദം നിലനിര്‍ത്തുന്നു. മാനസികാരോഗ്യ മേഖലയില്‍ ഉള്‍പ്പെടെ രോഗികളുടെ പരിചരണാവശ്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാകുന്നതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. പ്രമേഹം, ആസ്ത്മ തുടങ്ങിയ രോഗങ്ങളുമായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്ന കുട്ടികളുടെ എണ്ണത്തില്‍ പ്രദേശങ്ങള്‍ക്കിടയിലുള്ള വ്യത്യാസങ്ങളിലും സിക്യുസി ആശങ്ക രേഖപ്പെടുത്തി. ആരോഗ്യസേവനങ്ങളിലെ പൊതുവായ പുരോഗതിക്കിടയിലും കുട്ടികളുടെ നീണ്ട കാത്തിരിപ്പ് പ്രധാന വെല്ലുവിളിയായി തുടരുന്നതാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.