Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 24th Oct 2026
 
 
UK Special
  Add your Comment comment
ഓണ്‍ലൈന്‍ സുരക്ഷാ ചട്ടങ്ങള്‍ക്കുശേഷവും കുട്ടികള്‍ക്ക് ദോഷകരമായ ഉള്ളടക്കം; ആശങ്കയുമായി ഓഫ്കോം
reporter

ലണ്ടന്‍: കര്‍ശനമായ ഓണ്‍ലൈന്‍ സുരക്ഷാ നടപടികള്‍ നടപ്പാക്കിയിട്ടും സോഷ്യല്‍ മീഡിയയില്‍ ദോഷകരമായ ഉള്ളടക്കം നേരിടുന്ന കുട്ടികളുടെ എണ്ണത്തില്‍ കാര്യമായ കുറവുണ്ടായിട്ടില്ലെന്ന് യുകെയിലെ ഓണ്‍ലൈന്‍ നിയന്ത്രണ അതോറിറ്റിയായ ഓഫ്കോം. കുട്ടികളുടെ സുരക്ഷയ്ക്കുള്ള പ്രത്യേക ബാധ്യതകള്‍ പ്രാബല്യത്തില്‍ വന്നതിനുശേഷമുള്ള ആദ്യ ഒമ്പത് മാസത്തെ അവലോകനത്തിലാണ് കണ്ടെത്തല്‍. ടിക്ടോക്ക്, ഇന്‍സ്റ്റാഗ്രാം തുടങ്ങിയ പ്ലാറ്റ്ഫോമുകളില്‍ കുട്ടികള്‍ക്ക് ഭയവും ആശയക്കുഴപ്പവും മാനസിക വിഷമവും സൃഷ്ടിക്കുന്ന ഉള്ളടക്കം ലഭിക്കുന്നതില്‍ വലിയ മാറ്റമുണ്ടായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ഇത്തരം അനുഭവങ്ങളുടെ തീവ്രത കുറഞ്ഞതായി വ്യക്തമാക്കുന്ന തെളിവുകളും ലഭിച്ചിട്ടില്ലെന്ന് ഓഫ്കോം അറിയിച്ചു.

ഓണ്‍ലൈന്‍ സേഫ്റ്റി ആക്റ്റിന്റെ ഭാഗമായി 2025 ജൂലൈയില്‍ പ്രാബല്യത്തില്‍ വന്ന കുട്ടികളുടെ സുരക്ഷാ വ്യവസ്ഥകള്‍ പ്രകാരം, അശ്ലീല ഉള്ളടക്കം, ഗുരുതരമായ അക്രമദൃശ്യങ്ങള്‍, ആത്മഹത്യയുമായി ബന്ധപ്പെട്ട ഹാനികരമായ ഉള്ളടക്കം, വംശീയത, സ്ത്രീവിരുദ്ധത, ഭീഷണിപ്പെടുത്തല്‍ എന്നിവയില്‍നിന്ന് കുട്ടികളെ സംരക്ഷിക്കാന്‍ സാങ്കേതിക കമ്പനികള്‍ക്ക് ബാധ്യതയുണ്ട്. എന്നാല്‍ വ്യക്തിഗത താല്‍പര്യങ്ങള്‍ക്കനുസരിച്ച് ഉള്ളടക്കം നിര്‍ദേശിക്കുന്ന 'ഫോര്‍ യു' ഫീഡുകള്‍ വഴി ഹാനികരമായ ദൃശ്യങ്ങളും സന്ദേശങ്ങളും കുട്ടികളിലേക്ക് തുടര്‍ച്ചയായി എത്തുന്നതായി ഓഫ്കോം കണ്ടെത്തി. ഇത്തരം ഉള്ളടക്കം പ്രചരിക്കുന്നതില്‍ റെക്കമെന്‍ഡേഷന്‍ അല്‍ഗോരിതങ്ങള്‍ പ്രധാന പങ്കുവഹിക്കുന്നതായും അവലോകനം ചൂണ്ടിക്കാട്ടുന്നു.

ചാര്‍ലി കിര്‍ക്കിന്റെ കൊലപാതക ദൃശ്യങ്ങള്‍, അശ്ലീല ഉള്ളടക്കം, ആയുധങ്ങളുമായി ബന്ധപ്പെട്ട ഉള്ളടക്കം എന്നിവ കുട്ടികള്‍ക്ക് കാണേണ്ടിവന്ന അനുഭവങ്ങളും പഠനത്തില്‍ ഉള്‍പ്പെടുന്നു. ഇത്തരം ദൃശ്യങ്ങള്‍ കണ്ട ചില കുട്ടികള്‍ക്ക് സ്വന്തം സ്‌കൂളിലും പരിസരങ്ങളിലും സുരക്ഷിതരല്ലെന്ന തോന്നലുണ്ടായതായും റിപ്പോര്‍ട്ടില്‍ പറയുന്നു. യുകെയിലെ എട്ടുമുതല്‍ പതിനേഴുവരെ പ്രായമുള്ള കുട്ടികളെയാണ് പഠനം കേന്ദ്രീകരിച്ചത്. ഹാനികരമായ ഉള്ളടക്കവുമായുള്ള സമ്പര്‍ക്കം, അതിന്റെ മാനസിക ആഘാതം, സുരക്ഷാ സംവിധാനങ്ങളുടെ ഉപയോഗം, ഇത്തരം അനുഭവങ്ങള്‍ക്കുശേഷമുള്ള കുട്ടികളുടെ ക്ഷേമം എന്നിവ പരിശോധിച്ചു. കണ്ടെത്തലുകള്‍ അതീവ ആശങ്കാജനകമാണെന്ന് കുട്ടികളുടെ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന എന്‍എസ്പിസിസി പ്രതികരിച്ചു. സഹായം തേടി തങ്ങളുടെ 'ചൈല്‍ഡ്ലൈന്‍' ഓണ്‍ലൈന്‍-ടെലിഫോണ്‍ സേവനങ്ങളെ സമീപിക്കുന്ന കുട്ടികളുടെ അനുഭവങ്ങളും പ്രശ്‌നത്തിന്റെ ഗൗരവം വ്യക്തമാക്കുന്നതായി സംഘടന ചൂണ്ടിക്കാട്ടി.

 
Other News in this category

 
 




 
Close Window