Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 24th Oct 2026
 
 
UK Special
  Add your Comment comment
ഓസ്റ്റന്‍ കൊടുങ്കാറ്റില്‍ വ്യാപക നാശം; ആയിരക്കണക്കിന് വീടുകളില്‍ വൈദ്യുതി മുടങ്ങി, ഗതാഗതം താറുമാറായി
reporter

ലണ്ടന്‍: മണിക്കൂറില്‍ 80 മൈല്‍വരെ വേഗത്തില്‍ വീശിയ ഓസ്റ്റന്‍ കൊടുങ്കാറ്റില്‍ വ്യാപക നാശനഷ്ടം. മരങ്ങള്‍ കടപുഴകിയും വെള്ളപ്പൊക്കമുണ്ടായും റോഡ്‌റെയില്‍ ഗതാഗതം തടസ്സപ്പെട്ടു. ആയിരക്കണക്കിന് വീടുകളില്‍ വൈദ്യുതി വിതരണം നിലച്ചു. ബ്രൈറ്റണിലെ ചരിത്രപ്രസിദ്ധമായ വെസ്റ്റ് പിയറിനും കാറ്റില്‍ തകര്‍ച്ചയുണ്ടായി. തെക്കുപടിഞ്ഞാറന്‍ മേഖലയിലാണ് കൊടുങ്കാറ്റ് കൂടുതല്‍ പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചത്. ഇവിടെ 16,000ത്തിലധികം വീടുകളില്‍ വൈദ്യുതി മുടങ്ങി. പ്രതികൂല കാലാവസ്ഥ രൂക്ഷമായ കോണ്‍വാളില്‍ ചില സ്‌കൂളുകള്‍ അടച്ചിടുകയും മറ്റുചിലത് വൈകി പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു. ജഴ്സിയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു. ശക്തമായ കാറ്റും മഴയും യാത്രാസൗകര്യങ്ങളെ ബാധിച്ചതോടെ പലയിടങ്ങളിലും അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കാന്‍ നിര്‍ദേശം നല്‍കി. പാളങ്ങളില്‍ മരങ്ങള്‍ വീണതടക്കമുള്ള തടസ്സങ്ങള്‍ റെയില്‍ സര്‍വീസുകളെയും ബാധിച്ചതായി ട്രെയിന്‍ കമ്പനികള്‍ അറിയിച്ചു. വിമാനഗതാഗതത്തിലും തടസ്സമുണ്ടായി. ഹീത്രൂവില്‍ 19 വിമാനങ്ങളും ഗാറ്റ്വിക്കില്‍ 17 വിമാനങ്ങളും റദ്ദാക്കി. സൗത്താംപ്ടണില്‍ 13ഉം എസ്സെക്സില്‍ നാലും വിമാന സര്‍വീസുകളും റദ്ദാക്കിയിട്ടുണ്ട്.

വാരാന്ത്യത്തിലും ശക്തമായ കാറ്റും മഴയും തുടരുമെന്നാണ് മുന്നറിയിപ്പ്. ശനിയാഴ്ച ബോലോ കൊടുങ്കാറ്റ് എത്തുമെന്ന പ്രവചനത്തിന്റെ പശ്ചാത്തലത്തില്‍ സ്‌കോട്ട്ലന്‍ഡിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും വടക്കന്‍ അയര്‍ലന്‍ഡിന്റെ ചില ഭാഗങ്ങളിലും വടക്കന്‍ ഇംഗ്ലണ്ടിലും കാറ്റിനുള്ള മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ശനിയാഴ്ച രാത്രി ഒന്‍പതുമുതല്‍ ഞായറാഴ്ച രാത്രി ഒന്‍പതുവരെ സ്‌കോട്ട്ലന്‍ഡിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും ആംബര്‍ മുന്നറിയിപ്പാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മണിക്കൂറില്‍ 60 മുതല്‍ 70 മൈല്‍വരെ വേഗത്തില്‍ കാറ്റുവീശാം. തീരപ്രദേശങ്ങളിലും തുറസ്സായ ഇടങ്ങളിലും വേഗം 80 മൈല്‍, അഥവാ ഏകദേശം 128 കിലോമീറ്റര്‍വരെ ഉയര്‍ന്നേക്കും. ഗതാഗത തടസ്സം, വൈദ്യുതി മുടക്കം, പ്രാദേശിക വെള്ളപ്പൊക്കം എന്നിവയ്ക്ക് സാധ്യതയുണ്ടെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ശനിയാഴ്ച രാത്രി ഒന്‍പതിനുശേഷം ചില സര്‍വീസുകള്‍ റദ്ദാക്കുമെന്ന് സ്‌കോട്ട്റെയിലും അറിയിച്ചു.

 
Other News in this category

 
 




 
Close Window