Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 01st May 2024
 
 
കായികം
  Add your Comment comment
ഇന്ത്യയുടെ ചരിത്ര വിജയം; ഓസ്‌ട്രേലിയയെ തോല്‍പിച്ചു; ടെസ്റ്റ് ക്രിക്കറ്റില്‍ ഗംഭീര നേട്ടം
Reporter
ഓസ്ട്രേലിയക്കെതിരെ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ നെഞ്ചുറപ്പോടെ പോരാടി വിജയിച്ച ഇന്ത്യ ബോര്‍ഡര്‍-ഗവാസ്‌കര്‍ ടെസ്റ്റ് പരമ്പര 2-1 ന് സ്വന്തമാക്കി. ടെസ്റ്റിന്റെ അവസാന ദിവസത്തെ അവസാന 20 ഓവറില്‍ ഏകദിന ശൈലിയില്‍ ബാറ്റ് വീശിയാണ് ഇന്ത്യ മൂന്ന് വിക്കറ്റിന്റെ അവിശ്വസനീയ വിജയം കൈക്കലാക്കിയത്. വെറും മൂന്ന് ഓവര്‍ മാത്രം ബാക്കി നില്‍ക്കെയാണ് ഇന്ത്യയുടെ വിജയം.

രണ്ടാം ഇന്നിങ്സില്‍ 328 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 91 റണ്‍സെടുത്ത യുവതാരം ശുഭ്മാന്‍ ഗില്ലിന്റെയും പുറത്താവാതെ 89 റണ്‍സെടുത്ത വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ഋഷഭ് പന്തിന്റെയും 56 റണ്‍സ് നേടിയ ചേതേശ്വര്‍ പൂജാരയുടെയും കരുത്തിലാണ് വിജയത്തിലെത്തിയത്. ഒരറ്റത്ത് വിക്കറ്റുകള്‍ വീഴുമ്പോഴും തളരാതെ പിടിച്ചുനിന്ന ഋഷഭ് പന്തിന്റെ തകര്‍പ്പന്‍ ബാറ്റിങ്ങാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്.

നാലാം ദിവസം ചായയ്ക്കു ശേഷമാണ് ഇന്ത്യ വിജയത്തിനായി പോരാടിയത്. അതുവരെ വിക്കറ്റുകള്‍ വീഴാതെ സമനിലയ്ക്കായി പൊരുതുകയായിരുന്നു ടീം ഇന്ത്യ. നായകന്‍ അജിങ്ക്യ രഹാനെ 20ട്വന്റി ശൈലിയില്‍(22 പന്തില്‍ 24 റണ്‍സ്) ബാറ്റ് വീശിയെങ്കിലും പിന്നാലെ വന്നവര്‍ക്ക് ആ വേഗം നിലനിര്‍ത്താനായില്ല. പിന്നീട് വാഷിങ്ടണ്‍ സുന്ദറിന്റെ വെടിക്കെട്ട് ബാറ്റിങ്ങുമാണ് (29 പന്തില്‍ 22) ഇന്ത്യയുടെ സ്‌കോര്‍ വേഗം കൂട്ടി.

കളത്തിനു പുറത്തെയും കളിക്കളത്തിലെയും വെല്ലുവിളികളും അധിക്ഷേപങ്ങളും പരിക്കും...തുടങ്ങി എല്ലാവിധ പ്രതിസന്ധികളെയും അധിജീവിച്ചാണ് യുവ ഇന്ത്യ ഓസ്ട്രേലിയയെ അവരുടെ ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേടിലേയ്ക്ക് തള്ളിവിട്ടത്. പണ്ട് കൊല്‍ക്കൊത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ നേരിട്ട പരാജയത്തിലും വലുതാണ് ഓസീസിന് അവരുടെ പ്രിയപ്പെട്ട ഗാബ മൈതാനത്ത് നേരിടേണ്ടിവന്നത്. ആദ്യ ടെസ്റ്റില്‍ വെറും 36 റണ്‍സിന് പുറത്തായ ടീം ആണ് പിന്നീട് അപരാജിതരായി പരമ്പര നേടിയിരിക്കുന്നത്. ചുണയുണ്ടെങ്കില്‍ ഗാബയില്‍ വരാന്‍ വെല്ലുവിളിച്ച ഓസ്ട്രേലിയന്‍ നായകനു മുഖത്തേറ്റ അടിയായിരുന്നു ഇന്ത്യന്‍ വിജയം. കാരണം ഗാബയില്‍ ഇതുവരെ അവര്‍ അയ്യരായിരുന്നു. മാത്രമല്ല ഗാബയില്‍ 180 നപ്പുറം ആരും പിന്തുടര്‍ന്ന് ജയിച്ചതിന്റെ ചരിത്രവും ഇല്ലായിരുന്നു.
 
Other News in this category

 
 




 
Close Window