ലണ്ടന്‍ : പഹല്‍ഗാം ഭീകരാക്രമണത്തില്‍ ലണ്ടനിലെ പാകിസ്താന്‍ ഹൈക്കമീഷന് മുമ്പില്‍ പ്രതിഷേധിച്ച രണ്ട് ഇന്ത്യന്‍ പ്രവാസികള്‍ അറസ്റ്റില്‍. പൊലീസ് ഉദ്യോഗസ്ഥനെ വംശീയമായി അധിക്ഷേപിച്ചെന്ന് ആരോപിച്ചാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഒരാളെ ഹൈക്കമീഷന്റെ മുമ്പില്‍ നിന്നും പ്രതിഷേധ സ്ഥലത്ത് നിന്ന് കടന്നുകളയാന്‍ ശ്രമിച്ച മറ്റൊരാളെ പിന്തുടര്‍ന്നുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലെടുത്തതിന്റെ വിഡിയോ സമൂഹ മാധ്യമത്തില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കസ്റ്റഡിയിലായ ആള്‍ എന്തിനാണ് അറസ്റ്റ് ചെയ്തതെന്ന് ചോദിക്കുന്നതും വിഡിയോയില്‍ കാണാം.
പാക് ഹൈക്കമീഷന്‍ കെട്ടിടത്തില്‍ നിന്ന് പുറത്തുവന്ന ഒരു ഉദ്യോഗസ്ഥന്‍ പ്രതിഷേധത്തില്‍ പങ്കെടുത്ത വനിതയുമായി വാക്കേറ്റത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. 26 പേര്‍ കൊല്ലപ്പെട്ട പഹല്‍ഗാം ഭീകരാക്രമണത്തില്‍ പ്രതിഷേധിച്ച് ലണ്ടനിലെ പാക് ഹൈക്കമീഷന് മുമ്പില്‍ 500ഓളം വരുന്ന ഇന്ത്യന്‍ പ്രവാസികളാണ് കഴിഞ്ഞ ദിവസം പ്രതിഷേധം സംഘടിപ്പിച്ചത്. ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയ പതാകയും ബാനറുകളും പ്ലക്കാര്‍ഡുകളും പിടിച്ചായിരുന്നു പ്രതിഷേധം.