Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.7703 INR  1 EURO=108.7903 INR
ukmalayalampathram.com
Fri 27th Mar 2026
 
 
UK Special
  Add your Comment comment
ഇന്ത്യയ്ക്ക് അധിക വിസയില്ല, നിലപാടില്‍ മാറ്റമില്ലെന്ന് യുകെ
reporter

ലണ്ടന്‍: ഇന്ത്യയുടെ വാണിജ്യ, വ്യവസായ മന്ത്രി പീയൂഷ് ഗോയലിന്റെ രണ്ട് ദിവസത്തെ യുകെ സന്ദര്‍ശനം പൂര്‍ത്തിയായിരിക്കുകയാണ്. ലണ്ടനിലെ ലങ്കാസ്റ്റര്‍ ഹൗസില്‍ നടന്ന സംയുക്ത ബിസിനസ് സ്വീകരണമോടെയാണ് സന്ദര്‍ശനം പരിസമാപ്തിയിലേക്ക് എത്തിയിരിക്കുന്നത്. ഉഭയകക്ഷി പങ്കാളിത്തത്തില്‍ ഈ സന്ദര്‍ശനം വലിയ സ്വാധീനം ചെലുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്നാണ് സന്ദര്‍ശനാനന്തരം അദ്ദേഹം വ്യക്തമാക്കിയത്. യുകെ വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമി, ബിസിനസ് ആന്‍ഡ് ട്രേഡ് സെക്രട്ടറി ജോനാഥന്‍ റെയ്‌നോള്‍ഡ്‌സ്, ഇരു രാജ്യങ്ങളിലെയും മുതിര്‍ന്ന ബിസിനസ്സ് നേതാക്കള്‍ എന്നിവര്‍ ഗോയലിനൊപ്പം ചടങ്ങില്‍ പങ്കെടുത്തിരുന്നു. യുകെ സ്റ്റേറ്റ് സെക്രട്ടറി ഓഫ് ബിസിനസ് ആന്‍ഡ് ട്രേഡ് ജോനാഥന്‍ റെയ്‌നോള്‍ഡ്‌സിനൊപ്പം സമ്മേളനത്തെ അഭിസംബോധന ചെയ്തു, ഇന്ത്യ-യുകെ പങ്കാളിത്തത്തിന്റെ വരാനിരിക്കുന്ന ശോഭനമായ ഭാവിയെക്കുറിച്ച് സംസാരിച്ചു എന്നാണ് സംയുക്ത ബിസിനസ് സ്വീകരണത്തിന് ശേഷം ഗോയല്‍ പറഞ്ഞത്.

സാമ്പത്തിക ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും, നവീകരണത്തില്‍ അധിഷ്ഠിതമായ വളര്‍ച്ച കൈവരിക്കുന്നതിനും, ഇന്ത്യയ്ക്കും യുകെയ്ക്കും ഇടയിലുള്ള നിക്ഷേപ മാര്‍ഗങ്ങള്‍ വികസിപ്പിക്കുന്നതിനുമുള്ള അവസരങ്ങള്‍ എടുത്തുകാണിച്ചു എന്നാണ് സമ്മേളനത്തിന് ശേഷം ഗോയല്‍ വ്യക്തമാക്കിയത്. യുകെയുമായുള്ള കൂടുതല്‍ സഹകരണത്തിനുള്ള സാധ്യതകള്‍ പര്യവേക്ഷണം ചെയ്യുന്നതിനായി മുതിര്‍ന്ന ബിസിനസ്സ് നേതാക്കളുമായി ഗോയല്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.

നിലവില്‍ ഇന്ത്യക്കെതിരെ യുകെ കൈകൊണ്ടിരിക്കുന്ന നടപടികളുടെ പശ്ചാത്തലത്തില്‍ ഈ സന്ദര്‍ശനവും പരാമര്‍ശങ്ങളും അതീവ പ്രധാനമാണ്. ചര്‍ച്ചയില്‍ ഇന്ത്യ കൂടുതല്‍ വിസയെന്ന ആവശ്യം യുകെയോട് ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. യുകെ നേരിടുന്ന കുടിയേറ്റ പ്രശ്നമാണ് വിസയുടെ എണ്ണം പരിമിതപ്പെടുത്താന്‍ പ്രാധാന കാരണമായി ചൂണ്ടിക്കാണിച്ചത്. പകരം കഴിഞ്ഞ വര്‍ഷത്തെ പൊതുതെരഞ്ഞെടുപ്പിന് ശേഷം ഫെബ്രുവരിയില്‍ പുനരാരംഭിച്ച എഫ്ടിഎ ചര്‍ച്ചകളിലാണ് എല്ലാവരുടെയും കണ്ണുകള്‍. ഇന്ത്യ-യുകെ വ്യാപാര പങ്കാളിത്തം പ്രതിവര്‍ഷം 41 ബില്യണ്‍ പൗണ്ടായി ഉയരുമെന്ന് പ്രതീക്ഷിക്കുന്ന ഒരു കരാറില്‍ ഒപ്പുവെക്കുക എന്നതാണ് അവരുടെ ലക്ഷ്യം.

ഇന്ത്യയുമായി ശരിയായ കരാര്‍ ഉണ്ടാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്, ഇത് യുകെ ബിസിനസുകള്‍ക്കുള്ള പ്രവേശനം മെച്ചപ്പെടുത്തുകയും താരിഫ് കുറയ്ക്കുകയും വ്യാപാരം വിലകുറഞ്ഞതും എളുപ്പവുമാക്കുകയും ചെയ്യും എന്നാണ് എഫ്ടിഎ ഒപ്പുവെച്ച സമയപരിധിയെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മറുടെ വക്താവ് പറഞ്ഞത്. യുകെയില്‍ നിന്ന്, ഗോയല്‍ നോര്‍വേയിലും തുടര്‍ന്ന് ബ്രസ്സല്‍സിലും വ്യാപാര, നിക്ഷേപ ചര്‍ച്ചകള്‍ക്കായി ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്. അതെ സമയം, ഇന്ത്യക്കാര്‍ക്ക് കൂടുതല്‍ വിസ അനുവദിക്കുന്നതില്‍ കര്‍ശന നിയന്ത്രണങ്ങളാണ് യു.കെ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ത്യന്‍ ഐടി, ഹെല്‍ത്ത് പ്രൊഫഷണലുകള്‍ക്കുള്ള അധിക വിസയുടെ എണ്ണം കൂട്ടണമെന്ന ഇന്ത്യയുടെ ആവശ്യം യുകെ പരിഗണിച്ചിരുന്നില്ല. വര്‍ഷത്തില്‍ 100 അധിക വിസകള്‍ മാത്രമേ നല്‍കൂ എന്നാണ് യുകെയുടെ നിലപാട്.

ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ക്കുള്ള പ്രൊഫഷണല്‍വീസ നിയന്ത്രിക്കുന്നതിന് ബ്രിട്ടീഷ് സര്‍ക്കാരിന് മേല്‍ കടുത്ത രാഷ്ട്രീയ സമ്മര്‍ദ്ദമാണുള്ളത്. ഐടി, ഹെല്‍ത്ത് കെയര്‍ മേഖലകളില്‍ യുകെയില്‍ പ്രൊഫഷണലുകളെ ആവശ്യമാണെങ്കിലും വര്‍ധിച്ചു വരുന്ന കുടിയേറ്റം, വിസ നിയന്ത്രണത്തിന് സര്‍ക്കാരിനെ പ്രേരിപ്പിക്കുന്നതായി ബ്രിട്ടീഷ് പത്രമായ പൊളിട്ടിക്കോ റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യക്കാര്‍ക്കുള്ള വിസയില്‍ ഗണ്യമായ വര്‍ധന വേണമെന്ന് ചര്‍ച്ചയില്‍ മന്ത്രി പിയൂഷ് ഗോയല്‍ ആവശ്യപ്പെട്ടെങ്കിലും അംഗീകരിക്കപ്പെട്ടില്ല. അതേസമയം, യുകെയില്‍ താല്‍ക്കാലിക ജോലി ചെയ്യുന്ന ഇന്ത്യക്കാരില്‍ നിന്ന് മാസം തോറും സര്‍ക്കാറിന്റെ ഇന്‍ഷുറന്‍സ് ഫണ്ടിലേക്ക് നല്‍കുന്ന തുക തിരിച്ചു നല്‍കണമെന്ന ആവശ്യം ഇന്ത്യ മുന്നോട്ടു വെച്ചിട്ടുണ്ട്. ഇത് യുകെ സര്‍ക്കാര്‍ പരിഗണിച്ചു വരികയാണ്. ഇന്‍ഷുറന്‍സ് ഫണ്ടിലേക്ക് പണം നല്‍കുന്ന ഇന്ത്യന്‍ ജീവനക്കാര്‍ക്ക് അതിന്റെ പ്രയോജനമൊന്നും ലഭിക്കുന്നില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതിയെ പ്രതികൂലമായി ബാധിക്കുന്ന യുകെയുടെ പുതിയ കാര്‍ബണ്‍ നികുതി പിന്‍വലിപ്പിക്കുന്നതിനും പിയൂഷ് ഗോയലിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ സംഘം ശ്രമം നടത്തുന്നുണ്ട്. യൂറോപ്യന്‍ യൂണിയന്റെ മാതൃകയില്‍ കാര്‍ബണ്‍ നികുതി ചുമത്താനാണ് യുകെയും ഒരുങ്ങുന്നത്. ഇന്ത്യ ഉള്‍പ്പടെ കാര്‍ബണ്‍ പുറന്തള്ളല്‍ നിലവാരത്തില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന രാജ്യങ്ങള്‍ക്ക് ഇത് കടുത്ത വെല്ലുവിളിയാണ്. ഇന്ത്യയില്‍ നിന്നുള്ള സ്റ്റീല്‍, അലുമിനിയം, സിമന്റ് തുടങ്ങിയ ഉല്‍പ്പന്നങ്ങളുടെ കയറ്റുമതിയെ ഇത് ബാധിക്കും.

യൂറോപ്യന്‍ രാജ്യങ്ങളും ഈ തീരുമാനത്തില്‍ നിന്ന് പിന്‍മാറണമെന്ന് പിയൂഷ് ഗോയല്‍ ലണ്ടനില്‍ ആവശ്യപ്പെട്ടു. ഇന്ത്യയിലേക്ക് കയറ്റി അയക്കുന്ന ബ്രിട്ടീഷ് സ്‌കോച്ച് വിസ്‌കിയുടെ നികുതി കുറക്കണമെന്ന ആവശ്യം യുകെ വാണിജ്യമന്ത്രി മുന്നോട്ടു വെച്ചു. യുകെയില്‍ നിന്ന് വരുന്ന വിസ്‌കിക്ക് ഇന്ത്യ 150 ശതമാനം നികുതിയാണ് ചുമത്തുന്നത്. ഇത് 50 ശതമാനമാക്കി കുറക്കണമെന്നാണ് ആവശ്യം. യുകെ സന്ദര്‍ശനത്തിന് ശേഷം പിയൂഷ് ഗോയല്‍ യുറോപ്പിലും സന്ദര്‍ശനം നടത്തുന്നുണ്ട്. ഇന്ത്യന്‍ ധനകാര്യ മന്ത്രി നിര്‍മല സീതാരാമനും ഈ മാസം ആദ്യം യുകെ സന്ദര്‍ശിച്ചിരുന്നു.

 
Other News in this category

 
 




 
Close Window