ലണ്ടന്‍: യുകെയിലെ റണ്‍കോണ്‍ ആന്‍ഡ് ഹെല്‍സ്ബി പാര്‍ലമെന്റ് മണ്ഡലത്തില്‍ നടന്ന ഉപ തിരഞ്ഞെടുപ്പില്‍ റിഫോം യുകെ സ്ഥാനാര്‍ഥി സാറാ ജോവാന പോച്ചിന് 6 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ അട്ടിമറി വിജയം. നിലവില്‍ എംപി ആയിരുന്ന ലേബര്‍ പാര്‍ട്ടി പ്രതിനിധി മൈക്ക് അസ്സെമ്പറി രാജി വെച്ചതിനെ തുടര്‍ന്നായിരുന്നു ഉപ തിരഞ്ഞെടുപ്പ്. വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ വെറും നാല് വോട്ടുകളുടെ ഭൂരിപക്ഷത്തോടെ റിഫോം യുകെ അട്ടിമറി വിജയം നേടിയിരുന്നു. എന്നാല്‍ ലേബര്‍ പാര്‍ട്ടി റീ കൗണ്ടിങ്ങ് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് വീണ്ടും വോട്ട് എണ്ണിയപ്പോള്‍ 6 വോട്ടുകള്‍ക്കാണ് സാറാ ജോവാന പോച്ചിന്‍ വിജയിച്ചത്. 12,645 വോട്ടുകളാണ് നേടിയത്. ലേബര്‍ പാര്‍ട്ടിക്ക് വേണ്ടി കാരന്‍ ലൂയിസ് ഷോറും 12,639 വോട്ടുകള്‍ നേടി.
2024 ല്‍ ലേബര്‍ പാര്‍ട്ടി 22,358 വോട്ടുകള്‍ക്കാണ് ഇവിടെ വിജയിച്ചത്. അന്ന് രണ്ടാം സ്ഥാനത്ത് എത്തിയ റിഫോം യുകെ 7, 662 വോട്ടുകളാണ് നേടിയത്. കടുത്ത കുടിയേറ്റ വിരുദ്ധ പാര്‍ട്ടി എന്ന നിലയില്‍ അറിയപ്പെടുന്ന റിഫോം യുകെ ഇത്തവണ കൂടുതല്‍ വോട്ടുകള്‍ നേടി റണ്‍കോണ്‍ ആന്‍ഡ് ഹെല്‍സ്ബി പാര്‍ലമെന്റ് മണ്ഡലത്തില്‍ അട്ടിമറി വിജയം നേടും എന്നാണ് സര്‍വേഫലങ്ങള്‍ നല്‍കിയ സൂചന. ഇതോടെ റിഫോം യുകെയ്ക്ക് പാര്‍ലമെന്റില്‍ 5 അംഗങ്ങള്‍ ആയി. ഇക്കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ രാജ്യത്താകെ 15 ശതമാനത്തോളം വോട്ട് ആണ് റിഫോം യുകെ സ്ഥാനാര്‍ഥികള്‍ നേടിയത്. നൂറോളം കണ്‍സര്‍വേറ്റീവ് സ്ഥാനാര്‍ഥികളുടെ പരാജയത്തിന് കാരണമായതും ഇവരുടെ സാന്നിധ്യമാണ്. നൈജര്‍ ഫറാജ് ആണ് റിഫോം യുകെയുടെ നേതാവ്. തീവ്ര ദേശീയവാദ- വലതുപക്ഷ പാര്‍ട്ടിയെന്ന നിലയില്‍ യുകെയില്‍ ശക്തമായ മുന്നേറ്റമാണ് നടക്കുന്നത്. 2018 ല്‍ ബ്രെക്‌സിറ്റ് പാര്‍ട്ടി എന്ന പേരിലാണ് ഇതു നിലവില്‍ വന്നത്. തുടര്‍ന്ന് മൂന്ന് വര്‍ഷം മുന്‍പാണ് റിഫോം യുകെ എന്ന പേര് സ്വീകരിച്ചത്. റിഫോം യുകെയുടെ നേതാവായ നൈജര്‍ ഫറാജിന്റെ തീപ്പൊരിപ്രസംഗങ്ങളാണ് റിഫോം യുകെയെ ഇന്നത്തെ നിലയില്‍ ജനപ്രിയമാക്കുന്നത്.