ലണ്ടന്‍: വ്യാഴാഴ്ച നടന്ന പ്രാദേശിക കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ കൗണ്‍സിലര്‍ സ്ഥാനത്ത് പുതുചരിത്രം കുറിച്ച് മലയാളി. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി മത്സരിച്ച എറണാകുളം അങ്കമാലി സ്വദേശി ലീഡോ ജോര്‍ജ് ആണ് മികച്ച വിജയം നേടിയത്. കേംബ്രിജ്ഷയര്‍ കൗണ്ടി കൗണ്‍സിലിലെ ഹണ്ടിങ്ഡണ്‍ ആന്‍ഡ് ഹാറ്റ്‌ഫോഡ് വാര്‍ഡില്‍ ആണ് ലീഡോ കൗണ്‍സിലര്‍ ആയി മത്സരിച്ചത്.
5 സ്ഥാനാര്‍ഥികള്‍ മത്സരിച്ച വാര്‍ഡില്‍ ലീഡോ 703 വോട്ടുകള്‍ നേടി വിജയിച്ചപ്പോള്‍ രണ്ടാം സ്ഥാനത്ത് എത്തിയ ലിബറല്‍ ഡെമോക്രാറ്റിക്ക് സ്ഥാനാര്‍ഥി ജോ ഹാര്‍വി 699 വോട്ടുകള്‍ നേടി. ഇവിടെ റിഫോം യുകെ 687 വോട്ടുകളും ലേബര്‍ പാര്‍ട്ടി 431 വോട്ടുകളും നേടി. ഗ്രീന്‍ പാര്‍ട്ടി 98 വോട്ടുകളും നേടി. ശക്തമായ മത്സരത്തിനൊടുവില്‍ 5 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ലീഡോ വിജയിച്ചത്.
അങ്കമാലി കറുകുറ്റി ഇടക്കുന്ന് ഇടശ്ശേരി ഹൗസില്‍ ഇ. ജെ. ജോര്‍ജ്, റോസിലി ദമ്പതികളുടെ മകനായ ലീഡോ 2009 ലാണ് യുകെയില്‍ എത്തുന്നത്. നഴ്‌സിങ് പഠനത്തിന് ശേഷം കെയറര്‍ ആയി ജോലി ആരംഭിച്ച ലീഡോ 2015 ല്‍ ടൗണ്‍ കൗണ്‍സില്‍ കൗണ്‍സിലര്‍, ഡിസ്ട്രിക്ട് കൗണ്‍സില്‍ കൗണ്‍സിലര്‍ എന്നീ നിലകളില്‍ മത്സരിച്ചു വിജയിച്ചിരുന്നു. പൊതു പ്രവര്‍ത്തനത്തിന് ഒപ്പം എല്‍ജിആര്‍ ഹെല്‍ത്ത്‌കെയര്‍ എന്ന പേരില്‍ കേംബ്രിജ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കെയര്‍ ഏജന്‍സിയുടെ ഉടമ കൂടിയാണ് ലീഡോ. ഭാര്യ: റാണി ശോഭന (നഴ്‌സ്, ഹിഞ്ചിങ്ബ്രൂക്ക് ഹോസ്പിറ്റല്‍). മക്കള്‍: നേഹ, അന്ന, അന്റോണിയോ. സഹോദരങ്ങള്‍: ലോയിഡ് (യുകെ), ലിഡിയ.
കേംബ്രിജ്ഷയര്‍ കൗണ്ടി കൗണ്‍സിലില്‍ 31 സീറ്റുകളില്‍ വിജയിച്ച ലിബറല്‍ ഡെമോക്രാറ്റിക്ക് ആണ് ഭരണം നിയന്ത്രിക്കുക. ലീഡോ ഉള്‍പ്പടെ 10 പേരാണ് കണ്‍സര്‍വേറ്റീവ് പ്രതിനിധികളായി വിജയിച്ചത്. റിഫോം യുകെയും 10 പേരെ വിജയിപ്പിച്ചു. ലേബര്‍ പാര്‍ട്ടിക്ക് 5 സീറ്റുകളില്‍ മാത്രമെ വിജയിക്കാന്‍ കഴിഞ്ഞുള്ളു. ഗ്രീന്‍ പാര്‍ട്ടി 3, ഇന്‍ഡിപെന്‍ഡന്റ് 2 എന്നിങ്ങനെയാണ് മറ്റ് സീറ്റുകളുടെ എണ്ണം. 2021 ല്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയാണ് 36 സീറ്റുകളുമായി കൗണ്‍സില്‍ ഭരിച്ചിരുന്നത്. ഇത്തവണ റിഫോം യുകെയുടെ മത്സരമാണ് ലിബറല്‍ ഡെമൊക്രാറ്റിക്ക് കൂടുതല്‍ സീറ്റുകളില്‍ വിജയിക്കാന്‍ കാരണമായത്.