ലണ്ടന്‍: യുകെയില്‍ നടന്ന പ്രാദേശിക കൗണ്‍സില്‍ തിരഞ്ഞെടുപ്പിലും റണ്‍കോണ്‍ ആന്‍ഡ് ഹെല്‍സ്ബി പാര്‍ലമെന്റ് മണ്ഡലത്തില്‍ നടന്ന ഉപ തിരഞ്ഞെടുപ്പിലും റിഫോം യുകെ പാര്‍ട്ടിക്ക് തിളക്കമാര്‍ന്ന വിജയം. ഇംഗ്ലണ്ടിലെ 23 പ്രാദേശിക കൗണ്‍സിലുകളിലെ 1,600 ല്‍പ്പരം വാര്‍ഡുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 677 കൗണ്‍സിലര്‍മാരെയാണ് റിഫോം യുകെ നേടിയെടുത്തത്. ഇതോടെ 10 കൗണ്‍സിലുകളില്‍ റിഫോം യുകെയുടെ നിയന്ത്രണത്തിലുള്ള ഭരണം ഉണ്ടാകും. യുകെയിലെ മുഖ്യധാരാ പാര്‍ട്ടികളായ ലേബര്‍ പാര്‍ട്ടി, കണ്‍സര്‍വേറ്റീവ് പാര്‍ട്ടി എന്നിവയ്ക്ക് കനത്ത പ്രഹരമാണ് കിട്ടിയത്. കണ്‍സര്‍വേറ്റീവ് സ്ഥാനാര്‍ഥികള്‍ 317 സീറ്റുകളില്‍ മാത്രമാണ് വിജയിച്ചത്. 676 സിറ്റിങ് സീറ്റുകളില്‍ ആണ് രാജ്യത്തെ മുഖ്യ പ്രതിപക്ഷമായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി പരാജയപ്പെട്ടത്. രാജ്യം ഭരിക്കുന്ന ലേബര്‍ പാര്‍ട്ടിക്ക് 99 സീറ്റുകളില്‍ മാത്രമാണ് വിജയിക്കാന്‍ കഴിഞ്ഞത്. 186 സിറ്റിങ് സീറ്റുകളില്‍ ലേബര്‍ പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടു.
2024 പ്രദേശിക കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയെ മറി കടന്ന് കൗണ്‍സിലര്‍മാരുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്ത് എത്തിയ ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി 370 സീറ്റുകളില്‍ വിജയിച്ചു. ഇത്തവണ 163 സീറ്റുകള്‍ ആണ് ലിബറല്‍ ഡെമോക്രാറ്റിക്കിന് അധികമായി ലഭിച്ചത്. 3 കൗണ്‍സിലുകളുടെ ഭരണവും ലിബറല്‍ ഡെമോക്രാറ്റിക്ക് പാര്‍ട്ടിക്ക് ലഭിക്കും. ഇന്‍ഡിപെന്‍ഡന്റ് - 88, ഗ്രീന്‍ പാര്‍ട്ടി - 80, മെബിയോണ്‍ കെര്‍നോ 3, റസിഡന്റ്‌സ് അസോസിയേഷന്‍ - 2, ആഷ്ഫീല്‍ഡ് ഇന്‍ഡിപെന്‍ഡന്റ്‌സ് - 1 എന്നിങ്ങനെയാണ് മറ്റ് പാര്‍ട്ടികള്‍ നേടിയ വാര്‍ഡുകള്‍. 23 കൗണ്‍സിലുകളില്‍ 19 എണ്ണം നിയന്ത്രിച്ചിരുന്ന കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് ഇത്തവണ ഒരു കൗണ്‍സിലില്‍ പോലും ഭരണം കിട്ടിയില്ല. പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് ശേഷമുള്ള റിഫോം യുകെയുടെ ശക്തമായ സാന്നിധ്യമാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് തിരിച്ചടി നല്‍കിയത്.
രാജ്യം ഭരിക്കുന്ന ലേബര്‍ പാര്‍ട്ടിക്കും റിഫോം യുകെയുടെ സാന്നിധ്യം കനത്ത തിരിച്ചടി നല്‍കി. റണ്‍കോണ്‍ ആന്‍ഡ് ഹെല്‍സ്ബി പാര്‍ലമെന്റ് മണ്ഡലത്തില്‍ നടന്ന ഉപ തിരഞ്ഞെടുപ്പില്‍ കേവലം 6 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് റിഫോം യുകെ സ്ഥാനാര്‍ഥി സാറാ ജോവാന പോച്ചിന്‍ വിജയിച്ചത്. സാറാ ജോവാന പോച്ചിന്‍ 12645 വോട്ടുകളാണ് നേടിയത്. ലേബര്‍ പാര്‍ട്ടിക്ക് വേണ്ടി കാരന്‍ ലൂയിസ് ഷോറും 12639 വോട്ടുകള്‍ നേടി. 2024 ല്‍ ലേബര്‍ പാര്‍ട്ടി 22,358 വോട്ടുകള്‍ക്കാണ് ഇവിടെ വിജയിച്ചത്. അന്ന് രണ്ടാം സ്ഥാനത്ത് എത്തിയ റിഫോം യുകെ 7, 662 വോട്ടുകളാണ് നേടിയത്. ന്മ മേയര്‍ തിരഞ്ഞെടുപ്പിലും തിളങ്ങി റിഫോം യുകെയും ലേബറും വെസ്റ്റ് ഇംഗ്ലണ്ട്, കേംബ്രിജ്ഷയര്‍ ആന്‍ഡ് പീറ്റര്‍ബറോ, നോര്‍ത്ത് ടൈനെസൈഡ്, ഡോണ്‍കാസ്റ്റര്‍, ഗ്രേറ്റര്‍ ലിങ്കണ്‍ഷെയര്‍, ഹള്‍ ആന്‍ഡ് ഈസ്റ്റ് യോര്‍ക്ക്‌ഷെയര്‍ എന്നിവിടങ്ങളില്‍ നടന്ന മേയര്‍ തിരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടി 3 ഇടങ്ങളില്‍ വിജയിച്ചു. രണ്ടിടത്ത് റിഫോം യുകെയും ഒരിടത്ത് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയും മേയര്‍ പദവിയില്‍ വിജയിച്ചു. കേംബ്രിജ്ഷയര്‍ ആന്‍ഡ് പീറ്റര്‍ബറോയില്‍ പോള്‍ ബ്രിസ്റ്റോയാണ് മേയര്‍ പദവിയില്‍ എത്തിയത്.
ഡോണ്‍കാസ്റ്ററില്‍ ലേബര്‍ പാര്‍ട്ടിയുടെ റോസ് ജോണ്‍സ് ആണ് വിജയിച്ചത്. നോര്‍ത്ത് ടൈനെസൈഡില്‍ ലേബര്‍ പാര്‍ട്ടി സ്ഥാനാര്‍ഥി കാരന്‍ ക്ലാര്‍ക്ക് വിജയിച്ചു. വെസ്റ്റ് ഓഫ് ഇംഗ്ലണ്ടില്‍ ഹെലന്‍ ഗോഡ്വിന്‍ ആണ് വിജയിച്ചത്. ശേഷിക്കുന്ന രണ്ട് ഇടങ്ങളില്‍ റിഫോം യുകെ പാര്‍ട്ടി മേയര്‍ സ്ഥാനത്ത് എത്തി. ആന്‍ഡ്രിയ ജെങ്കിന്‍സ്, ലൂക്ക് ക്യാമ്പ്വെല്‍ എന്നിവരാണ് വിജയിച്ചത്. യുകെ രാഷ്ട്രീയത്തില്‍ രൂപീകൃതമായി മൂന്നുവര്‍ഷം കൊണ്ട് 'റിഫോം യുകെ' നടത്തിയ ശക്തമായ മുന്നേറ്റം കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ തകര്‍ച്ചയ്ക്ക് കാരണമാകും. മുഖ്യ പ്രതിപക്ഷമായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് ഉള്ളതിനേക്കാള്‍ കൗണ്‍സില്‍ അംഗങ്ങള്‍ റിഫോം യുകെ നേടിക്കഴിഞ്ഞു. ഇക്കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ നൂറോളം കണ്‍സര്‍വേറ്റീവ് സ്ഥാനാര്‍ഥികളുടെ പരാജയത്തിന് കാരണമായതും ലേബര്‍ പാര്‍ട്ടി അധികാരത്തില്‍ തിരിച്ചെത്താന്‍ കാരണമായതും റിഫോം യുകെയുടെ സാന്നിധ്യമാണ്.
ഇപ്പോഴത്തെ പ്രാദേശിക കൗണ്‍സില്‍ ഫലങ്ങള്‍ കൂടി പുറത്തു വന്നതോടെ ഇനിയുള്ളത് റിഫോം യുകെ നേതാവ് നൈജര്‍ ഫറാജിന്റെ ദിനങ്ങള്‍ ആണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു. തീവ്ര ദേശീയവാദ-വലതുപക്ഷ പാര്‍ട്ടിയെന്ന നിലയില്‍ യുകെയില്‍ ശക്തമായ മുന്നേറ്റമാണ് റിഫോം യുകെ നടത്തുന്നത്. 2018 ല്‍ ബ്രെക്‌സിറ്റ് പാര്‍ട്ടി എന്ന പേരിലാണ് ഇതു നിലവില്‍ വന്നത്. തുടര്‍ന്ന് മൂന്ന് വര്‍ഷം മുന്‍പാണ് റിഫോം യുകെ എന്ന പേര് സ്വീകരിച്ചത്. റിഫോം യുകെയുടെ നേതാവായ നൈജര്‍ ഫറാജിന്റെ തീപ്പൊരിപ്രസംഗങ്ങളാണ് റിഫോം യുകെയെ ഇന്നത്തെ നിലയില്‍ ജനപ്രിയമാക്കുന്നത്. കുടിയേറ്റ വിരുദ്ധതയാണ് റിഫോം യുകെയുടെ മുഖ്യ പ്രചരണായുധം.