Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.7703 INR  1 EURO=108.7903 INR
ukmalayalampathram.com
Fri 27th Mar 2026
 
 
UK Special
  Add your Comment comment
യുകെ പ്രാദേശിക കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ മൂന്നാം തവണയും എതിരില്ലാതെ തെരഞ്ഞെടുത്ത മലയാളി
reporter

ന്യൂകാസില്‍: യുകെയിലെ പ്രാദേശിക കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ മൂന്നാം തവണയും എതിരില്ലാതെ കൗണ്‍സിലറായി ഒരു മലയാളി. എറണാകുളം ജില്ലയിലെ അങ്കമാലി നെടുമ്പാശ്ശേരി സ്വദേശിയായ ഇഗ്നേഷ്യസ് വര്‍ഗീസ് ആണ് ആരിലും അതിശയം ജനിപ്പിക്കും വിധം അഭിമാനര്‍ഹമായ നേട്ടത്തിന് ഉടമയായത്. 2006ല്‍ യുകെയിലെ ന്യൂകാസിലില്‍ എത്തിയ ഇഗ്നേഷ്യസ് വര്‍ഗീസ് റോയല്‍ മെയിലില്‍ ആണ് ജോലി ചെയ്യുന്നത്. 2014ല്‍ ലേബര്‍ പാര്‍ട്ടി അംഗമായ ഇഗ്നേഷ്യസ് വര്‍ഗീസ് 2017ലാണ് ന്യൂകാസിലിന് സമീപമുള്ള പ്രൂഡോ ടൗണ്‍ കൗണ്‍സിലിലേക്ക് കാസില്‍ ഫീല്‍ഡ് വാര്‍ഡില്‍ നിന്നും നോമിനേഷന്‍ നല്‍കുന്നത്. സ്വന്തം വീട് നില്‍ക്കുന്ന വാര്‍ഡിലെ പോസ്റ്റ് മാന്‍ കൂടിയായതിനാല്‍ ഓരോ വീടുകളുമായും ഉണ്ടായിരുന്ന ബന്ധം എതിരില്ലാതെ വിജയിക്കാന്‍ സഹായിച്ചു. തുടര്‍ന്ന് നടന്ന രണ്ട് ഇലക്ഷനിലും ഇഗ്നേഷ്യസ് വര്‍ഗീസ് തല്‍സ്ഥിതി തുടര്‍ന്നു.

കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് സ്വാധീനമുള്ള മേഖലയില്‍ ഇന്നിപ്പോള്‍ കാസില്‍ഫീല്‍ഡ് വാര്‍ഡ് ഉള്‍പ്പെടുന്ന പ്രദേശത്ത് നിന്നാണ് ലേബര്‍ പാര്‍ട്ടിക്ക് പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലും മറ്റ് തിരഞ്ഞെടുപ്പുകളിലും ഏറ്റവും കൂടുതല്‍ വോട്ടുകള്‍ ലഭിക്കുന്നത്. 2014ല്‍ റോയല്‍ മെയിലിലെ കമ്മ്യൂണിക്കേഷന്‍ വര്‍ക്കേഴ്‌സ് യൂണിയന്റെ യൂണിറ്റ് പ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ടതാണ് ലേബര്‍ പാര്‍ട്ടി അംഗത്വത്തിലേക്ക് വഴി തുറക്കാന്‍ കാരണമായത്. മലയാളികള്‍ അധികമില്ലാത്ത കാസില്‍ ഫീല്‍ഡ് വാര്‍ഡില്‍ തദ്ദേശീയരുമായുള്ള വ്യക്തിബന്ധങ്ങളും ഇഗ്നേഷ്യസ് വര്‍ഗീസിനെ എതിരില്ലാതെ വിജയിക്കാന്‍ സഹായിക്കുന്നുണ്ട്. 15 കൗണ്‍സിലര്‍മാര്‍ ഉള്ള കൗണ്‍സിലില്‍ ലേബര്‍ പാര്‍ട്ടിയാണ് ഇത്തവണയും ഭരണം നിയന്ത്രിക്കുക. ലേബര്‍ പാര്‍ട്ടി 8, കണ്‍സര്‍വേറ്റീവ് പാര്‍ട്ടി 7 എന്നിങ്ങനെയാണ് കക്ഷി നില.

നാട്ടില്‍ അഭിഭാഷകനും പൊതു പ്രവര്‍ത്തകനുമായി പ്രവര്‍ത്തിച്ചിരുന്ന ഇഗ്നേഷ്യസ് വര്‍ഗീസിന്റെ യുകെയിലെ പൊതുപ്രവര്‍ത്തനത്തിന് കുടുംബാംഗങ്ങളുടെ പൂര്‍ണ്ണ പിന്തുണയുണ്ട്. എന്‍എച്ച്എസില്‍ സ്‌പെഷലിസ്റ്റ് നഴ്‌സായി ജോലി ചെയ്യുന്ന ഷിജി ഇഗ്നേഷ്യസ് ആണ് ഭാര്യ. നോയല്ല, നിയ എന്നിവരാണ് മക്കള്‍. ലേബര്‍ പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ക്ക് പുറമെ യുകെയിലെ യാക്കോബായ സുറിയാനി സഭയുടെ പ്രവര്‍ത്തനങ്ങളിലും ഇഗ്നേഷ്യസ് വര്‍ഗീസ് സജീവമാണ്. സഭയുടെ യുകെ ഭദ്രാസന ട്രഷററായി രണ്ട് വര്‍ഷക്കാലം പ്രവര്‍ത്തിച്ചിരുന്നു.

 
Other News in this category

 
 




 
Close Window